ലോകകപ്പിലേക്ക് സഞ്ജുവിനെ പരിഗണിക്കണം; ആവശ്യവുമായി മുൻ ഇന്ത്യൻ താരം

ഈ വർഷം അവസാനം ഇന്ത്യയിൽ അരങ്ങേറുന്ന ​ഏകദിന ലോകകപ്പിനുള്ള ടീമിലേക്ക് മലയാളി താരം സഞ്ജു സാംസണെ പരിഗണിക്കണമെന്ന് മുൻ ഇന്ത്യൻ താരം അമോൽ മജൂംദാർ. ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസ് ടീമിന്റെ ക്യാപ്റ്റനായ സഞ്ജുവിന്റെ കഴിഞ്ഞ ദിവസത്തെ പ്രകടനത്തിന് പിന്നാലെയാണ് മജൂംദാറിന്റെ അഭിപ്രായ പ്രകടനം. വിക്കറ്റ് കീപ്പർ-ബാറ്ററായ സഞ്ജു കൂടുതൽ അവസരങ്ങൾ അർഹിക്കുന്നുണ്ട്. ഏതാനും മത്സരങ്ങളിൽ പരാജയപ്പെട്ടാലും മത്സരങ്ങളുടെ ഗതി മാറ്റാൻ കഴിവുള്ളയാളായതിനാൽ ടീമിൽ നിലനിർത്തണമെന്നും അദ്ദേഹം പറഞ്ഞു.

സഞ്ജു സാംസണ് തന്റെ ഐ.പി.എൽ ഫോം അന്താരാഷ്ട്ര ക്രിക്കറ്റിലും തുടരാനാവുമെന്ന് മുൻ ആസ്‌ട്രേലിയൻ ഓൾറൗണ്ടർ ടോം മൂഡിയും അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര തലത്തിൽ കൂടുതൽ അവസരം നൽകിയാൽ ഉന്നത നിലയിലെത്തുമെന്നതിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ഗുജറാത്തിനെതിരെ രാജസ്ഥാൻ പരാജയം ഉറപ്പിച്ച ഘട്ടത്തില്‍ സഞ്ജു സാംസണും ഷിംറോൺ ഹെറ്റ്മെയറും ചേർന്നാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. 32 പന്തില്‍ നിന്ന് 60 റണ്‍സെടുത്താണ് സഞ്ജു പുറത്തായത്. ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി 3000 റണ്‍സ് തികച്ച ആദ്യ താരമെന്ന നേട്ടവും മത്സരത്തിൽ സഞ്ജു സ്വന്തമാക്കി. റോയല്‍സിനായി 115 മത്സരങ്ങള്‍ കളിച്ച താരം 29.76 ശരാശരിയിൽ 3006 റണ്‍സാണ് നേടിയത്. അജിന്‍ക്യ രഹാനെയാണ് തൊട്ടുപിന്നിൽ. 100 മത്സരം കളിച്ച രഹാനെ 2810 റൺസാണെടുത്തത്. ജോസ് ബട്ട്‌ലര്‍ (2508), ഷെയിന്‍ വാട്‌സണ്‍ (2372) എന്നിവരാണ് പട്ടികയിലെ മറ്റുള്ളവര്‍. ഐ.പി.എല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായും കളിച്ച സഞ്ജു 29.23 ശരാശരിയില്‍ ആകെ 3683 റണ്‍സാണ് അടിച്ചെടുത്തത്. മൂന്ന് സെഞ്ച്വറികളും 19 അര്‍ധസെഞ്ചുറികളും ഉൾപ്പെടെയാണിത്.

Tags:    
News Summary - Sanju should be considered for World Cup; Former Indian player with demand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.