സഞ്ജു സാംസൺ ചെന്നൈ ക്യാപ്റ്റൻ എം.എസ് ധോണിക്കൊപ്പം

തലക്കൊപ്പം സഞ്ജു; ചെന്നൈയിലേക്കുള്ള വരവ് ഉറപ്പിച്ച് മലയാളി താരം

മുംബൈ: ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനും മലയാളി താരവുമായ സഞ്ജു സാംസൺ ഇന്ത്യൻ പ്രീമിയർ ലീഗ് ടീം ചെന്നൈ സൂപ്പർ കിങ്സിലേക്ക് എത്തുമെന്ന് റിപ്പോർട്ട്. ഇതുസംബന്ധിച്ച് ചെന്നൈയും സഞ്ജു നിലവിൽ കളിക്കുന്ന രാജസ്ഥാൻ റോയൽസും തമ്മിൽ കരാറിലെത്തി. സഞ്ജുവിന് പകരമായി രവീന്ദ്ര ജഡേജ, സാം കറൻ തുടങ്ങിയ താരങ്ങളെ ചെന്നൈ കൈമാറും. ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിനാണ് ഇരു ​ഫ്രാഞ്ചൈസികളും ഒരുങ്ങുന്നത്.

ഇതുസംബന്ധിച്ച് ഇരു ടീമുകളും കളിക്കാരുമായി സംസാരിച്ച് ധാരണയിലെത്തിയെന്നാണ് വിവരം. ഇനി കളിക്കാരുടെ സമ്മതപത്രം ഐ.പി.എൽ ഗവേണിങ് കൗൺസിന് മുമ്പാകെ സമർപ്പിച്ച് അന്തിമ കരാറിന് വേണ്ടിയുള്ള ചർച്ചകൾ തുടരും. സാംസണും ​ജഡേജയും ദീർഘകാലമായി തങ്ങളുടെ ഫ്രാഞ്ചൈസികളിൽ തുടരുകയാണ്. ഐ.പി.എൽ മെഗാലേലത്തിലും ഇരുവർക്കും ടീം മാറ്റമുണ്ടായിട്ടില്ല. രാജസ്ഥാൻ റോയൽസിൽ കഴിഞ്ഞ 11 സീസണുകളിലായി സഞ്ജു കളിക്കുന്നുണ്ട്.

2012 മുതൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടിയാണ് രവീന്ദ്ര ​ജഡേജ കളിക്കുന്നത്. ടീമിന് വിലക്ക് കിട്ടിയ 2016,2017 സീസണുകളിൽ രവീന്ദ്ര ​ജഡേജ കളിച്ചിരുന്നില്ല. 2025ന്റെ സീസൺ കഴിഞ്ഞതിന് പിന്നാലെ തന്നെ ടീമിൽ നിന്ന് പോകാനുളള സന്നദ്ധത സഞ്ജു സാംസൺ അറിയിച്ചിരുന്നു. 2025ൽ 18 കോടിക്കാണ് രവീന്ദ്ര ജഡേജയെ ചെന്നൈ നിലനിർത്തിയത്. ഋതുരാജ് ഗെയ്ക്‍വാദ്, എം.എസ്.ധോണി തുടങ്ങിയവർക്കൊപ്പമാണ് ചെന്നൈ നിലനിർത്തിയത്. ടീമിന്റെ അഞ്ച് കിരീടനേട്ടങ്ങളിൽ മൂന്നിലും രവീന്ദ്ര ജഡേജ പങ്കാളിയായിരുന്നു.

2023 ഐ.പി.എൽ ഫൈനലിൽ രവീന്ദ്ര ജഡേജയുടെ മികച്ച പ്രകടനമാണ് ചെന്നൈക്ക് വിജയം സമ്മാനിച്ചത്. 2008ൽ രാജസ്ഥാൻ റോയൽസിന് വേണ്ടി കളിച്ചാണ് ജഡേജ ഐ.പി.എൽ കരിയർ തുടങ്ങിയത്. 2010 വരെ ടീമിൽ തുടർന്നു. ഇതിനിടെ സസ്​പെൻഷൻ ലഭിച്ചതിനെ തുടർന്ന് ജഡേജക്ക് ഒരു സീസൺ കളിക്കാനായില്ല. പിന്നീട് കൊച്ചി ടസ്കേഴ്സ് കേരളയിൽ കളിച്ചാണ് ജഡേജ ചെന്നൈയിൽ എത്തിയത്.

രാജസ്ഥാനിലാണ് സഞ്ജു സാംസൺ അരങ്ങേറ്റം കുറിക്കുന്നത്. 2014 സീസണിന് മുന്നോടിയായി സഞ്ജുവിനെ രാജസ്ഥാൻ നിലനിർത്തുകയും ചെയ്തു. 2018ൽ ടീം സസ്​പെൻഷൻ കഴിഞ്ഞ തിരിച്ചെത്തിയപ്പോഴും ടീമിൽ സഞ്ജു സാംസൺ ഉണ്ടായിരുന്നു. പിന്നീട് 2021ൽ സഞ്ജു ടീമിന്റെ ക്യാപ്റ്റനുമായി. സഞ്ജുവിന് കീഴിലാണ് രാജസ്ഥാൻ റോയൽസ് 2008ന് ശേഷം ആദ്യമായി ഫൈനൽ കളിച്ചത്. സഞ്ജു ക്യാപ്റ്റനായ 67 മത്സരങ്ങളിൽ 33 എണ്ണത്തിൽ വീതം രാജസ്ഥാൻ ജയിക്കുകയും തോൽക്കുകയും ചെയ്തിട്ടുണ്ട്. 

Tags:    
News Summary - Sanju Samson To CSK In Huge Trade Deal? Report Makes Big 'Ravindra Jadeja' Claim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.