‘ഗ്രൗണ്ടിൽ പലകാര്യങ്ങളും സംഭവിക്കാം...’; പിണക്കം മറന്ന് ‘കെട്ടിപ്പിടിച്ച്’ സഞ്ജുവും ക്ലാസനും, നല്ല മനസിന് കൈയടിച്ച് ക്രിക്കറ്റ് ലോകം

മുംബൈ: ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സ്-സൺറൈസേഴ്സ് ഹൈദരാബാദ് മത്സരത്തിനിടെ സഞ്ജു സാംസണും ഹെൻറിച്ച് ക്ലാസനും തർക്കിച്ചത് സമൂഹമാധ്യമങ്ങളിലടക്കം വലിയ ചർച്ചയായിരുന്നു. മത്സരത്തിൽ ക്ലാസനെ മിന്നൽവേഗത്തിൽ സ്റ്റമ്പ് ചെയ്ത് ഔട്ടാക്കിയതിനു പിന്നാലെയുള്ള സഞ്ജുവിന്‍റെ ആഘോഷങ്ങളാണ് ക്ലാസനെ ചൊടിപ്പിച്ചത്.

ഹൈദരാബാദ് ഇന്നിങ്സിന്റെ 15ാം ഓവറിലെ മൂന്നാം പന്തിലാണ് സംഭവം. സാധാരണ നിലയിൽ ഗ്രൗണ്ടിൽ രോഷപ്രകടനങ്ങളൊന്നും നടത്താത്ത സഞ്ജുവിന്‍റെ അന്നത്തെ ആഘോഷം ആരാധകരെയും അത്ഭുതപ്പെടുത്തി. റീപ്ലേയിൽ സ്ക്രീനിൽ ഔട്ട് എന്ന് തെളിഞ്ഞതിനു പിന്നാലെ ഡഗൗട്ടിലേക്കു നടന്നുനീങ്ങിയ ക്ലാസൻ, ടീമംഗങ്ങൾക്കൊപ്പം ആഘോഷം നടത്തുകയായിരുന്ന സഞ്ജുവിനോട് കയർക്കുകയായിരുന്നു. ക്ലാസൻ എന്താണ് പറയുന്നതെന്ന് വിഡിയോയിൽ വ്യക്തമല്ല. പിന്നാലെ സഞ്ജുവിന്‍റെ മുഖഭാവം മാറുന്നുണ്ട്. എന്താണെന്നു ചോദിച്ച് സഞ്ജുവും മുന്നോട്ടു വന്നെങ്കിലും സഹതാരമായ ശിവം ദുബെ, ഇരുവരെയും പിടിച്ചുമാറ്റി. സഞ്ജു അമ്പയറോട് പരാതിപ്പെടുകയും ചെയ്തു. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

ദിവസങ്ങൾക്കുള്ളിൽ തന്നെ പിണക്കം മറന്ന് ഇരുവരും ഊഷ്മള സന്ദേശങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. പരസ്പരം കെട്ടിപ്പിടിച്ചു നിൽക്കുന്ന ചിത്രവും സഞ്ജുവും ക്ലാസനും ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ഗ്രൗണ്ടിൽ പലകാര്യങ്ങളും സംഭവിക്കാം, പക്ഷേ ഈ മനസ്സുള്ള മനുഷ്യനെ ഏറെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്നു’ - ക്ലാസനെ ആലിംഗനം ചെയ്യുന്ന ചിത്രം പോസ്റ്റ് ചെയ്തു സഞ്ജു ഇൻസ്റ്റയില്‍ കുറിച്ചു. താരത്തിന്‍റെ നല്ല മനസിനെയും പക്വതയെയും അഭിനന്ദിച്ച് നിരവധി പേർ സമൂഹമാധ്യമങ്ങളിൽ രംഗത്തുവന്നു.

‘സഞ്ജുവിന്റെ കളി കാണാൻ ഏറെ ഇഷ്ടമാണ്. നിങ്ങളെ ഞാൻ ഒരുപാട് ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്നു. പ്രകടനങ്ങൾ തുടരുക. നമ്മുടെ അടുത്ത പോരാട്ടത്തിനായി കാത്തിരിക്കുന്നു’ -പിന്നാലെ ക്ലാസനും ഇൻസ്റ്റയിൽ പ്രതികരിച്ചു. സഞ്ജുവിനെ കെട്ടിപ്പിടിച്ച് നിൽക്കുന്ന ചിത്രവും ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. കളത്തിനു പുറത്ത് ഇരുവരും കാണിക്കുന്ന പരസ്പര ബഹുമാനത്തിനും ആദരവിനും കൈയടിക്കുകയാണ് ക്രിക്കറ്റ് ലോകം. അനാവശ്യമായി തർക്കത്തിൽ ഏർപ്പെട്ടതിന് ക്ലാസനെതിരെ നടപടിയുണ്ടാകുമെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. വിഷയത്തിൽ ബി.സി.സി.ഐ ഇതുവരെ പ്രതികരിച്ചിട്ടില്ല. മത്സരത്തിൽ അഞ്ച് വിക്കറ്റിന് ചെന്നൈയെ തോൽപിച്ച ഹൈദരാബാദ് പ്ലേ ഓഫ് ഉറപ്പിച്ചു.

Tags:    
News Summary - Sanju Samson & Heinrich Klaasen Exchange Heartwarming Messages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.