സചിന്റെ റെക്കോഡ് മറികടന്ന് സായ് സുദർശൻ; ട്വന്റി20യിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് തികക്കുന്ന ഇന്ത്യൻ താരം

അഹമ്മദാബാദ്‌: ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കറിന്റെ റെക്കോഡ് മറികടന്ന് ഗുജറാത്ത് ടൈറ്റൻസ് ഓപ്പണർ സായ് സുദർശൻ. ട്വൻറി20യിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് തികക്കുന്ന ഇന്ത്യൻ താരമായി. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. ഇടംകൈയ്യൻ ഓപ്പണറായ സുദർശൻ ഹൈദരാബാദിനെതിരെ 32 റൺസ് മറികടന്നതോടെയാണ് ഈ നേട്ടത്തിലെത്തിയത്. 54-ാം ഇന്നിങ്‌സിലാണ് സായ് സുദർശന്റെ ഈ റെക്കോഡ്.

ട്വൻറി20 ഫോർമാറ്റിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് പൂർത്തിയാക്കുന്ന രണ്ടാമത്തെ താരമാണ് സായ് സുദർശൻ. ആസ്‌ട്രേലിയയുടെ ഷോൺ മാർഷാണ് ഒന്നാം സ്ഥാനക്കാരൻ. 53 ഇന്നിങ്സിൽനിന്നാണ് ഷോൺ ഈ നേട്ടത്തിലെത്തിയത്. 2006ൽ ദക്ഷിണാഫ്രിക്കക്കെതിരെ ട്വൻറി20 അരങ്ങേറ്റം കുറിച്ച സചിൻ 2011ൽ തന്റെ 59-ാം ഇന്നിങ്‌സിലാണ് 2000 റൺസ് എന്ന റെക്കോഡ് നേടുന്നത്. കഴിഞ്ഞ വർഷം മുംബൈ ഇന്ത്യൻസിനെതിരായ 32-ാം ഇന്നിങ്സിൽ സുദർശൻ 1000 റൺസ് തികച്ചിരുന്നു. സീസണിൽ മികച്ച പ്രകടനമാണ് സായ് സുദർശൻ കാഴ്ചവെക്കുന്നത്. ഗുജറാത്തിനായി കഴിഞ്ഞ ഒമ്പത് മത്സരങ്ങളിൽ നിന്നായി അഞ്ച് അർധ സെഞ്ച്വറികളാണ് താരം നേടിയത്.

മത്സരത്തിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസ് 224 റൺസ് നേടി. ശുഭ്മൻ ഗിൽ 38 പന്തിൽ നിന്നും 76 റൺസും ജോസ് ബട്ട്ലർ 37 പന്തിൽ നിന്നും 64 റൺസും നേടി ടൈറ്റൻസിനെ മികച്ച സ്കോറിലേക്കെത്തിച്ചു. സായ് സുദർശൻ 23 പന്തിൽ നിന്നും 48 റൺസ് നേടിയാണ് പുറത്തായത്.  

Tags:    
News Summary - Sai Sudarshan breaks Sachin Tendulkar's record; fastest Indian to reach 2000 runs in T20Is

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.