സൂപ്പർതാരം വിരാട് കോഹ്ലിയുടെ സെഞ്ച്വറി കരുത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ നിർണായക മത്സരം ജയിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പ്ലേ ഓഫ് സാധ്യത സജീവമാക്കിയിരിക്കുകയാണ്. 62 പന്തിൽ നിന്നാണ് കോഹ്ലി സെഞ്ച്വറി കുറിച്ചത്. നാല് വർഷത്തിന് ശേഷമാണ് ഐ.പി.എല്ലിൽ താരം സെഞ്ച്വറി നേടുന്നത്.
ഐ.പി.എല്ലിൽ ആറാം സെഞ്ച്വറിയാണിത്. ഇതോടെ ഐ.പി.എൽ ചരിത്രത്തിൽ ഏറ്റവുമധികം സെഞ്ച്വറികളെന്ന മുൻ വെസ്റ്റിൻഡീസ് വെടിക്കെട്ട് ബാറ്റർ ക്രിസ് ഗെയിലിന്റെ റെക്കോർഡിനൊപ്പമെത്തി. സെഞ്ച്വറി നേട്ടത്തിനു പിന്നാലെ കോഹ്ലിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. മത്സരത്തിൽ കോഹ്ലി നേരിട്ട ആദ്യ പന്തിൽ തന്നെ ഇന്ന് കോഹ്ലിയുടെ ദിവസമാണെന്ന് മനസ്സിലായെന്ന് ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽകർ പ്രതികരിച്ചു.
‘ആദ്യ പന്തിലെ കോഹ്ലിയുടെ കവർ ഡ്രൈവ് കണ്ടപ്പോൾ തന്നെ ഇന്ന് അദ്ദേഹത്തിന്റെ ദിവസമാണെന്ന് മനസ്സിലായിരുന്നു. വിരാടും ഡുപ്ലെസിസും മത്സരം പൂർണമായി അവരുടെ വരുതിയിലാക്കി. വലിയ ഷോട്ടുകൾ കളിക്കുക മാത്രമല്ല, ഇരുവരും മികച്ചൊരു കൂട്ടുകെട്ട് പടുത്തുയർത്താൻ വിക്കറ്റുകൾക്കിടയിൽ അതിവേഗം ഓടുകയും ചെയ്തു. ഇരുവരുടെയും ബാറ്റിങ് കണ്ടപ്പോള്‍ 186 ഒരു ചെറിയ ടോട്ടൽ ആയിട്ടാണ് തോന്നിയത്’ -സചിൻ ട്വീറ്റ് ചെയ്തു.
മുൻ ഇന്ത്യൻ ഓപ്പണർ വിരേന്ദ്രർ സെവാഗും കോഹ്ലിയെ പ്രശംസിച്ചു. ‘ആറാം ഐ.പി.എൽ സെഞ്ച്വറി മനോഹരം, വിരാട് കോഹ്ലി, മികച്ച പ്രകടനം. ഫാഫിന് മികച്ചൊരു ഐ.പി.എൽ സീസൺ’ -സെഗാവ് ട്വിറ്ററിൽ കുറിച്ചു. മുൻ താരങ്ങളായ യുവരാജ് സിങ്, ഹർഭജൻ സിങ്, ഇർഫാൻ പത്താൻ, സുരേഷ് റെയ്ന റോബിൻ ഉത്തപ്പ ഉൾപ്പെടെയുള്ള താരങ്ങളും കോഹ്ലിയെ അഭിനന്ദിച്ചു.
ജയത്തോടെ ഐ.പി.എൽ പോയന്‍റ് പട്ടികയിൽ ബാംഗ്ലൂർ നാലാം സ്ഥാനത്തെത്തി. ഗുജറാത്ത് ടൈറ്റൻസിനെതിരായ അവസാന മത്സരം ജയിച്ചാൽ പ്ലേ ഓഫിൽ കടക്കാമെന്നാണ് ഇവരുടെ പ്രതീക്ഷ. എങ്കിലും മറ്റു ചില മത്സരങ്ങളുടെ ഫലവും നിർണായകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.