Pic/Satej Shinde

‘ബാറ്റിങ് കാണാൻ കൂട്ടുകാരെ ക്ഷണിച്ചു, ആദ്യ രണ്ട് മത്സരങ്ങളിലും സംപൂജ്യൻ’; ഗല്ലി ക്രിക്കറ്റ് അനുഭവം പങ്കു​വെച്ച് സചിൻ

രസകരമായ ഗല്ലി ക്രിക്കറ്റ് അനുഭവം പങ്കുവെച്ചിരിക്കുകയാണ് ബാറ്റിങ് ഇതിഹാസം സചിൻ ടെണ്ടുൽക്കർ. ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീ​ഗ് (ഐ.എസ്.പി.എൽ) പോരാട്ടങ്ങളുടെ ഭാ​ഗമായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദ്യമായി ഗല്ലി ക്രിക്കറ്റ് കളിക്കാൻ ഇറങ്ങിയ അനുഭവമായിരുന്നു അദ്ദേഹം പങ്കുവെച്ചത്. ആദ്യ രണ്ട് മത്സരങ്ങളിലും തന്റെ ബാറ്റിങ് കാണാനായി കൂട്ടുകാരെ വിളിച്ചിരുന്നതായി സചിൻ പറയുന്നു. എന്നാൽ, അതിൽ രണ്ടിലും സംപൂജ്യനായി മടങ്ങിയത് കൂട്ടുകാരെ നിരാശരാക്കിയെന്നും താരം ഓർത്തെടുത്തു. എന്നാൽ, മൂന്നാമത്തെ മാച്ചിൽ അവരെ വിളിച്ചില്ലെന്നും അന്ന് അഞ്ചാറ് പന്തുകൾ നേരിട്ട് ഒരു റൺസ് നേടിയപ്പോൾ വലിയ അഭിമാനം തോന്നിയെന്നും സചിൻ പറഞ്ഞു.

“ശിവാജി പാർക്കിൽ നടക്കുന്ന എൻ്റെ ജീവിതത്തിലെ ആദ്യ പ്രാക്ടീസ് മത്സരം കാണാൻ ഞാൻ സാഹിത്യ സഹവാസിൽ നിന്നുള്ള എൻ്റെ എല്ലാ സുഹൃത്തുക്കളെയും വിളിച്ചു. കോളനിയിലെ പ്രധാന ബാറ്റ്‌സ്മാൻ ഞാനായിരുന്നു, ഞാൻ അവരെ എന്റെ ബാറ്റിങ് കാണാനായി ക്ഷണിച്ചു. അവർ എല്ലാവരും വന്നു, എന്നാൽ, ഞാൻ ആദ്യ പന്തിൽ തന്നെ പുറത്തായി, അത് തികച്ചും നിരാശാജനകമായിരുന്നു. ഗള്ളി ക്രിക്കറ്റിൽ സാധാരണയായി സ്വീകാര്യമായ ചില മുടന്തൻ ന്യായങ്ങൾ ഞാൻ അവർക്ക് മുന്നിൽ നിരത്തി. 'യഥാർത്ഥത്തിൽ പന്ത് താഴ്ന്ന് വന്നതാണ് പ്രശ്നമെന്നൊക്കെ' ഞാൻ പറഞ്ഞു, എല്ലാവരും അത് സമ്മതിച്ചു.

രണ്ടാമത്തെ മത്സരത്തിലും അവരെ കാണാൻ വിളിച്ചു. അന്നും ആദ്യ പന്തില്‍ തന്നെ പുറത്തായി. ഇത്തവണയും ഞാന്‍ അതേപോലെ ചില ന്യായങ്ങള്‍ ഞാൻ നിരത്തി. പന്ത് ഉയര്‍ന്നു വന്നതുകൊണ്ട് കളിക്കാനായില്ല. പിച്ച് ശരിയല്ല എന്നൊക്കെ പറഞ്ഞു.'

മൂന്നാമത്തെ മത്സരത്തിൽ പക്ഷെ ഞാനവരെ വിളിച്ചില്ല. അന്ന് ഞാൻ അഞ്ചാറ് പന്തുകൾ പ്രതിരോധിച്ച് ഒരു റൺസ് നേടി. അന്നാ മത്സരം കഴിഞ്ഞ് ശിവാജി പാർക്കിൽ നിന്ന് ബാന്ദ്ര ഈസ്റ്റിലെ സാഹിത്യ സഹവാസ് കോളനിയിലെ വീട്ടിലേക്കുള്ള ബസ് യാത്ര ജീവിതത്തിലെ ഏറ്റവും സംതൃപ്തവും സന്തോഷകരവുമായതായിരുന്നുവെന്ന് സചിൻ പറയുന്നു.

'ഗല്ലി ക്രിക്കറ്റ് എന്റെ കരിയറിനെ വികസിപ്പിക്കാന്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. സ്‌ട്രെയ്റ്റ് ഡ്രൈവ് വികസിപ്പിച്ച് അതില്‍ മികച്ച ഷോട്ടുകള്‍ കളിക്കാന്‍ ഗല്ലി ക്രിക്കറ്റ് ഒരുപാട് സഹായിച്ചു. ആദ്യ കോച്ച് രമാകാന്ത് അച്ചരേക്കര്‍ മെച്ചപ്പെട്ട രീതിയില്‍ ആ ഷോട്ട് കളിക്കാന്‍ തന്ത്രങ്ങള്‍ പഠിപ്പിച്ചു.' - സചിൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - Sachin Shares Gully Cricket Tales

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.