ആലപ്പുഴ: കേരള ക്രിക്കറ്റ് ലീഗിന്റെ (കെ.സി.എൽ) മൂന്നാം പതിപ്പിൽ ആലപ്പി റിപ്പിൾസിനെ സചിൻ ബേബി നയിക്കും. മുഹമ്മദ് അസ്ഹറുദ്ദീനാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ.
ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും ഏറെ അനുഭവസമ്പത്തുള്ള താരങ്ങളാണ് സചിൻ ബേബിയും മുഹമ്മദ് അസ്ഹറുദ്ദീനും. ഇരുവരുടെയും നേതൃത്വത്തിൽ പുതിയ സീസണിൽ ആലപ്പി ടീം മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. കൃത്യമായ തയാറെടുപ്പുകളോടെയാണ് ആലപ്പി റിപ്പിൾസ് കെ.സി.എൽ മൂന്നാം സീസണിലേക്ക് ഒരുങ്ങുന്നത്. അസ്ഹറുദ്ദീനെയും ജലജ് സക്സേനയെയും നിലനിർത്തിയതിനൊപ്പം പത്ത് ലക്ഷം രൂപക്ക് സചിൻ ബേബിയെ ടീമിലെത്തിക്കാൻ കഴിഞ്ഞത് ടീമിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.
മൂവരുടെയും പരിചയസമ്പത്തിനൊപ്പം സിബിൻ ഗിരീഷും അഭിജിത് പ്രവീണും അടക്കമുള്ള യുവതാരങ്ങൾ കൂടി ചേരുമ്പോൾ വലിയ പ്രതീക്ഷകളോടെയാണ് ടീം മൂന്നാം സീസണായി തയാറെടുക്കുന്നതെന്ന് ടീം ഉടമ ടി.എസ്. കലാധരൻ പറഞ്ഞു. ആക്രമണശൈലിയുള്ള ബാറ്റിങ്ങും ഓൾറൗണ്ടർമാരും മികച്ച ബൗളിങ് ലൈനപ്പും ഒത്തു ചേരുന്ന സന്തുലിതമായൊരു ടീമാണ് ഇത്തവണത്തേത്. പരിശീലകസംഘവും മാനേജ്മെന്റും ചേർന്ന്, ടീമിന്റെ തയാറെടുപ്പുകൾ കൃത്യമായി മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്.
ആരാധകരുടെ പ്രതീക്ഷക്കൊത്ത് ഉയർന്ന് മികച്ച പ്രകടനത്തിലൂടെ മൂന്നാം സീസണിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുകയാണ് ടീമിന്റെ ലക്ഷ്യം. കൃഷ്ണ കലാധരൻ, ദേവിക കലാധരൻ, റാഫേൽ തോമസ് എന്നിവരാണ് ടീം ഉടമകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.