മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ സന്ദർശിച്ച് പ്രധാനമന്ത്രി മോദി
ന്യൂഡൽഹി: മുൻ ഇന്ത്യൻ ട്വന്റി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെയും കുടുംബത്തെയും സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ച ന്യൂഡൽഹിയിൽ നടന്ന കൂടിക്കാഴ്ചക്കിടെ സൂര്യകുമാറിന്റെ കുട്ടികൾക്കൊപ്പവും പ്രധാനമന്ത്രി സമയം ചെലവഴിച്ചു. 2026ലെ ട്വന്റി20 ലോകകപ്പ് വിജയത്തിന്റെ ഭാഗമായി സൂര്യകുമാർ അണിഞ്ഞ സ്വർണമെഡൽ പ്രധാനമന്ത്രി കൈയിലെടുത്തതും കൂടിക്കാഴ്ചയിലെ ശ്രദ്ധേയ നിമിഷമായി.
ദീപാവലി ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ശ്രീരാമന്റെയും സരയുവിന്റെയും വരവ് ഇത്തവണത്തെ ആഘോഷാന്തരീക്ഷത്തെ കൂടുതൽ പവിത്രവും ദിവ്യവുമാക്കിയെന്ന് മോദി എക്സിൽ കുറിച്ചു. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾക്കൊപ്പമായിരുന്നു പ്രധാനമന്ത്രിയുടെ കുറിപ്പ്.
ട്വന്റി20 ക്രിക്കറ്റിൽ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ താരമാണ് സൂര്യകുമാർ യാദവ്. 2022ലും 2023ലും ഐ.സി.സി പുരുഷ ട്വന്റി20 അന്താരാഷ്ട്ര ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം നേടിയിട്ടുണ്ട്. 2022 ഒക്ടോബറിൽ ഐ.സി.സി ട്വന്റി20 ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയ താരം 2023 ജനുവരിയിൽ കരിയറിലെ ഏറ്റവും ഉയർന്ന 910 റേറ്റിങ് പോയന്റും സ്വന്തമാക്കി.
2024ലെ ട്വന്റി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ച സൂര്യകുമാർ, 2026ലെ ലോകകപ്പിൽ ടീമിനെ നയിക്കുകയും കിരീടം നിലനിർത്താൻ സഹായിക്കുകയും ചെയ്തു. ഇതോടെ തുടർച്ചയായി രണ്ട് ട്വന്റി20 ലോകകപ്പുകൾ നേടുന്ന ആദ്യ ടീമെന്ന നേട്ടം ഇന്ത്യ സ്വന്തമാക്കി. 2025ൽ യു.എ.ഇയിൽ നടന്ന ട്വന്റി20 ഏഷ്യാകപ്പ് കിരീടവും സൂര്യകുമാറിന്റെ നേതൃത്വത്തിലാണ് ഇന്ത്യ നേടിയത്.
എന്നാൽ 2026ലെ ലോകകപ്പ് വിജയത്തിനു പിന്നാലെ അയർലൻഡ്, ഇംഗ്ലണ്ട് ടീമുകൾക്കെതിരായ മത്സരങ്ങളടങ്ങിയ യു.കെ പര്യടനത്തിനുള്ള ഇന്ത്യൻ ട്വന്റി20 ടീമിൽനിന്ന് സൂര്യകുമാറിനെ ഒഴിവാക്കിയിരുന്നു. പഞ്ചാബ് കിങ്സിനൊപ്പം ഐ.പി.എല്ലിൽ കാഴ്ചവെച്ച നായകമികവിന്റെ പശ്ചാത്തലത്തിൽ ശ്രേയസ് അയ്യരെയാണ് പുതിയ ട്വന്റി20 ക്യാപ്റ്റനായി നിയമിച്ചതെന്നാണ് റിപ്പോർട്ടുകൾ. സമീപകാലത്തെ ബാറ്റിങ് ഫോമിലെ ഇടിവ് സൂര്യകുമാറിനെ ടീമിൽനിന്ന് ഒഴിവാക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നായെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.