ഗിൽ സെഞ്ച്വറി അടിക്കുമ്പോൾ ഇന്നും ട്രോളിനിരയാകുന്നു; വെളിപ്പെടുത്തലുമായി വെങ്കടേഷ് അയ്യർ
ബംഗളൂരു: കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെ.കെ.ആർ) ആരാധകരിൽ നിന്ന് താൻ നേരിട്ട അധിക്ഷേപങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (ആർ.സി.ബി) താരം വെങ്കടേഷ് അയ്യർ. ഇന്നും ഗിൽ സെഞ്ച്വറി അടിക്കുമ്പോൾ താൻ ട്രോൾ ചെയ്യപ്പെടുന്നുണ്ടെന്ന് താരം പറഞ്ഞു. ആകാശ് ചോപ്രയുടെ പോഡ്കാസ്റ്റിന്റെ ടീസറിലാണ് വെങ്കടേഷിന്റെ വെളിപ്പെടുത്തൽ.
"ഞാൻ വളരെക്കാലമായി വലിയ രീതിയിലുള്ള വെറുപ്പിന് ഇരയായിക്കൊണ്ടിരിക്കുകയാണ്. ഇന്നും, ശുഭ്മാൻ ഗിൽ സെഞ്ച്വറി നേടുമ്പോൾ, കെ.കെ.ആർ പേജുകളിൽ ഞാൻ ട്രോൾ ചെയ്യപ്പെടുന്നുണ്ട്. അവിടെ 'സ്വർണം തേടിപ്പോയ നമ്മൾക്ക് നഷ്ടപ്പെട്ടത് ഒരു വജ്രമാണ്' ഇങ്ങനെ ആളുകൾ കമന്റുകൾ ചെയ്യുന്നത് കാണാം," വെങ്കടേഷ് പറഞ്ഞു.
ഐ.പി.എൽ 2022ന് മുന്നോടിയായി കെ.കെ.ആർ ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കി വെങ്കടേഷിനെ നിലനിർത്തിയിരുന്നു. ആ സീസണിൽ തന്നെ ഗുജറാത്ത് ടൈറ്റൻസ് ഗില്ലിനെ എട്ട് കോടി രൂപക്ക് ടീമിലെത്തിച്ചിരുന്നു.
കെ.കെ.ആറിനൊപ്പം പിന്നീട് മൂന്ന് സീസണുകളിൽ തുടർന്ന വെങ്കടേഷിനെ 2026 സീസണിന് മുന്നോടിയായി ടീമിൽ നിന്ന് ഒഴിവാക്കി. മുൻ സീസണിൽ താരത്തെ കൊൽക്കത്ത കൈവിട്ടിരുന്നെങ്കിലും 2025 സീസണിന് മുന്നോടിയായി നടന്ന താര ലേലത്തിൽ 23.75 കോടി രൂപക്ക് ടീമിൽ തിരിച്ചെത്തിച്ചിരുന്നു. എന്നാൽ, വലിയ പ്രകടനം നടത്താൻ സാധിക്കത്തോടെയാണ് 2026 കെ.കെ.ആർ ഓൾറൗണ്ടറെ പൂർണമായും കൈവിട്ടത്.
കെ.കെ.ആർ വിട്ടതിനെ കുറിച്ചും ആർ.സി.ബിയിൽ ചേർന്നതിനെ കുറിച്ചും വെങ്കടേഷ് സംസാരിച്ചു. താൻ ഷാരൂഖ് സാറിനോട് പോലും സംസാരിച്ചു. അതോടെ ഇനി അവിടേക്ക് ഒരു മടക്കമില്ലെന്ന് മനസിലായി. പിന്നീട് ഞാൻ ആർ.സി.ബിയിലെത്തി. ആർ.സി.ബിയുടെ ആരാധകർ മറ്റൊരു തലത്തിലുള്ളതാണെന്നും താരം പറഞ്ഞു.
"നിങ്ങൾക്ക് ഇത് വിശ്വസിക്കാൻ കഴിഞ്ഞേക്കില്ല, പക്ഷേ മത്സരങ്ങൾക്ക് മുമ്പ് ആളുകൾ ആർ.സി.ബി ജഴ്സി ആരാധിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇത് തികച്ചും വ്യത്യസ്തമായ ഒന്നാണ്. ഇവരുടെ ആരാധന മറ്റൊരു തലത്തിലാണ്," വെങ്കടേഷ് കൂട്ടിച്ചേർത്തു.
സീസണിന്റെ തുടക്കത്തിൽ അവസരം ലഭിക്കാതിരുന്ന വെങ്കടേഷ് ഇംപാക്ട് സബ്സ്റ്റിറ്റ്യൂട്ട് ആയാണ് ആർസിബിയിൽ അരങ്ങേറ്റം കുറിച്ചത്. ഏഴ് മത്സരങ്ങളിൽ നിന്ന് 52.25 ശരാശരിയിൽ 209 റൺസാണ് താരം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.