അർഷ്ദീപും ബ്രാറും തകർത്തെറിഞ്ഞു; കിവീസിനെ 185 റൺസിന് മടക്കി ഇന്ത്യ

അഹമ്മദാബാദ്: ന്യൂസിലാൻഡിനെതിരായ ഒന്നാം ഏകദിന മത്സരത്തിൽ മികച്ച ബൗളിങ് പ്രകടനവുമായി ഇന്ത്യ. അർഷ്ദീപ് സിങും ഗുർനൂർ ബ്രാറും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി തിളങ്ങിയതോടെ ന്യൂസിലാൻഡ് ആദ്യ ഇന്നിങ്സിൽ 185 റൺസിന് പുറത്തായി. മുതിർന്ന താരങ്ങളായ രോഹിത് ശർമ്മയുടെയും വിരാട് കോഹ്‌ലിയുടെയും സാന്നിധ്യമാണ് പരമ്പരയിലുടനീളം ശ്രദ്ധാകേന്ദ്രമായത്. ഏകദിന ഫോർമാറ്റിൽ തങ്ങളുടെ ആധിപത്യം തുടരാൻ ഇരു താരങ്ങൾക്കും ഇതൊരു മികച്ച അവസരമാണ്.

മിന്നിച്ച് യുവ ബൗളർമാരും 

പ്രധാന പേസർമാരുടെ അഭാവത്തിലാണ് ഇന്ത്യ പരമ്പരക്കിറങ്ങിയത്. മുൻനിര ബൗളറായ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചപ്പോൾ പ്രസിദ്ധ് കൃഷ്ണ, ഹർഷിത് റാണ എന്നിവർക്ക് ടീമിൽ ഇടം നേടാനായില്ല. ഇതോടെ പരിചയസമ്പന്നനായ മുഹമ്മദ് സിറാജാണ് ഇന്ത്യൻ പേസ് ആക്രമണത്തിന് നേതൃത്വം നൽകുന്നത്.

അർഷ്ദീപ് സിങ്, ഗുർനൂർ ബ്രാർ, അൻഷുൽ കംബോജ്, ആഖിബ് നബി എന്നിവരടങ്ങുന്ന ബൗളിങ് നിരയ്ക്ക് ഏകദിനത്തിൽ പരിചയസമ്പത്ത് കുറവാണെങ്കിലും, കിവീസിനെ ചെറിയ സ്കോറിലൊതുക്കി യുവതാരങ്ങൾ തങ്ങളുടെ കഴിവ് തെളിയിച്ചു.

ലക്ഷ്യത്തിലേക്ക് ഇന്ത്യ

ഇന്ത്യൻ ബൗളർമാരുടെ പരിചയസമ്പത്തില്ലാത്ത നിരയെ മുതലെടുത്ത് വലിയ സ്കോർ നേടാമെന്ന ന്യൂസിലാൻഡിന്റെ പ്രതീക്ഷകൾ തുടക്കത്തിലേ തകർന്നു. കൃത്യതയാർന്ന ബൗളിങിലൂടെ അർഷ്ദീപും ബ്രാറും ചേർന്ന് എതിരാളികളെ സമ്മർദ്ദത്തിലാക്കുകയായിരുന്നു.

186 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങിനിറങ്ങുന്ന ഇന്ത്യയ്ക്കായി രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും നൽകുന്ന തുടക്കം നിർണ്ണായകമാകും. പരമ്പരയിൽ 1-0 ന് മുന്നിലെത്താമെന്ന ആത്മവിശ്വാസത്തിലാണ് ആതിഥേയരായ ഇന്ത്യ.

43 പന്തിൽ നിന്ന് രണ്ട് സിക്‌സും മൂന്ന് ഫോറുമടക്കം 38 റൺസെടുത്ത ടിം സെയ്ഫെർട്ടാണ് കിവീസിൻ്റെ ടോപ് സ്കോറർ. ഡാരിൽ മിച്ചൽ 41 പന്തിൽ നിന്ന് 28 റൺസെടുത്തു. 51 പന്തിൽ നിന്ന് 30 റൺസെടുത്ത ഗ്ലെൻ ഫിലി‌പ്സും ഭേദപ്പെട്ട സംഭാവന നൽകി.

വിൽ യങ് (9), ഹെൻ്റി നിക്കോൾസ് (9), ടോം ലാഥം (3), ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ (4) എന്നിവർക്കാർക്കും തന്നെ രണ്ടക്കം കടക്കാനായില്ല. ഒടുവിൽ ടീമിലെ 11-ാമനായ ബ്ലെയർ ടിക്‌നർ നടത്തിയ ബാറ്റിങ് വെടിക്കെട്ടാണ് കിവീസ് സ്കോർ 185-ൽ എത്തിച്ചത്. 23 പന്തിൽ നിന്ന് ടിക്‌നർ 34 റൺസെടുത്തു. നാലു സിക്‌സും ഒരു ഫോറുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ജേക്കബ് ഡഫി 15റൺസോടെ പുറത്താകാതെ നിന്നിരുന്നു.

Tags:    
News Summary - Arshdeep and Brar Strike; India Bowls Out NZ for 185

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.