ലഖ്നോ: സെഞ്ച്വറിയടിച്ച് ലഖ്നോ നായകൻ ഋഷഭ് പന്ത് ആദ്യമായി ഫോമിലെത്തിയിട്ടും രക്ഷയില്ല. ലഖ്നോ മുന്നോട്ടുവെച്ച് റൺമല അനായാസം മറികടന്ന് ബംഗളൂരു പോയിന്റ് ടേബിളിൽ ആദ്യ രണ്ടിൽ ഇടം പിടിച്ചു. ആറു വിക്കറ്റിനാണ് റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിന്റെ ജയം.
ആദ്യം ബാറ്റ് ചെയ്ത ലഖ്നോ സൂപ്പർ ജയന്റ്സ് നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 227 റൺസെടുത്തു. മറുപടി ബാറ്റിങ്ങിറങ്ങിയ ബംഗളൂരു എട്ടു പന്തു ബാക്കിൽ നിൽക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
സൂപ്പർ ബാറ്റർ വിരാട് കോഹ്ലി തുടങ്ങി വെച്ച ഇന്നിങ്സ് ഏറ്റെടുത്ത് നായകൻ ജിതേഷ് ശർമ ഗംഭീരമായി പൂർത്തീകരിക്കുകയായിരുന്നു. 33 പന്തിൽ പുറത്താകാതെ 85 റൺസെടുത്ത ജിതേഷാണ് ടോപ് സ്കോറർ. 30 പന്തിൽ 54 റൺസെടുത്ത വിരാട് കോഹ്ലിയും 23 പന്തിൽ പുറത്താകാതെ 41 റൺസെടുത്ത മായങ്ക് അഗർവാളും 19 പന്തിൽ 30 റൺസെടുത്ത ഫിൽ സാൾട്ടും ബംഗളൂരു ജയം അനായാസമാക്കി.
33 പന്തുകൾ നേരിട്ട ജിതേഷ് ആറ് സിക്സും എട്ടു ഫോറും സഹിതമാണ് 85 റൺസെടുത്തത്. നേരത്തെ, 61 പന്തിൽ പന്തിൽ പുറത്താകാതെ 118 റൺസെടുത്ത റിഷഭ് പന്തും 37 പന്തിൽ 67 റൺസെടുത്ത മിച്ചൽ മാർഷുമാണ് ലഖ്നോ ഇന്നിങ്സിന് കരുത്തേകിയത്. ഓപണർ മാത്യു ബ്രീറ്സ്കെ 14 ഉം നിക്കോളാസ് പൂരാൻ 13 ഉം റൺസെടുത്ത് പുറത്തായി.
ജയത്തോടെ 19 പോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനമുറപ്പിച്ചു ആർ.സി.ബി. നേരിയ റൺറേറ്റിന്റെ ബലത്തിൽ 19 പോയിന്റുള്ള പഞ്ചാബ് കിങ്സ് ഒന്നാമതായി. 18 പോയിന്റുള്ള ഗുജറാത്ത് ടൈറ്റൻസ് മൂന്നാമതും 16 പോയിന്റുമായി മുംബൈ ഇന്ത്യൻസ് നാലാമാതുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.