ബംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിൽ അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിന് രണ്ട് റൺസിന്റെ ജയം. സെഞ്ച്വറിക്കരികെ വീണ ആയുഷ് മഹാത്രെയാണ് (94) സി.എസ്.കെയുടെ ടോപ് സ്കോറർ. 77* റൺസെടുത്ത് പുറത്താകാതെ നിന്ന രവീന്ദ്ര ജദേജയും സന്ദർശകർക്കായി തിളങ്ങി. ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയ റോയൽ ചാലഞ്ചേഴ്സ് പ്ലേഓഫ് പ്രവേശനം ഏതാണ്ടുറപ്പാക്കി. സ്കോർ: റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു - 20 ഓവറിൽ അഞ്ചിന് 213, ചെന്നൈ സൂപ്പർ കിങ്സ് - 20 ഓവറിൽ അഞ്ചിന് 211.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സൂപ്പർ കിങ്സിന് ഓപണർമാർ മികച്ച തുടക്കമാണ് നൽകിയത്. 4.3 ഓവറിൽ സ്കോർ 51ൽ നിൽക്കേ ഷെയ്ഖ് റഷീദിനെ (14) പുറത്താക്കി കൃണാൽ പാണ്ഡ്യ സി.എസ്.കെക്ക് ആദ്യ പ്രഹരമേൽപ്പിച്ചു. പിന്നാലെയിറങ്ങിയ സാം കറൻ (5) പാടെ നിരാശപ്പെടുത്തി. നാലാം നമ്പരിലെത്തിയ രവീന്ദ്ര ജദേജ മഹാത്രെക്ക് പൂർണ പിന്തുണയുമായി കളംനിറഞ്ഞതോടെ ചെന്നൈ ടീമിന്റെ റൺനിരക്ക് ഉയർന്നു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 114 റൺസാണ് കൂട്ടിച്ചേർത്തത്.
സ്കോർ 172ൽ നിൽക്കേ, സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന മഹാത്രെയെ, ലുംഗി എൻഗിഡി കൃണാൽ പാണ്ഡ്യയുടെ കൈകളിലെത്തിച്ചു. 48 പന്തിൽ ഒമ്പത് ഫോറും അഞ്ച് സിക്സും സഹിതം 94 റൺസാണ് താരം അടിച്ചെടുത്തത്. തൊട്ടടുത്ത പന്തിൽ ഡെവാൾഡ് ബ്രെവിസിനെ കൂടി മടക്കി എൻഗിഡി വിക്കറ്റ് നേട്ടം മൂന്നാക്കി ഉയർത്തി. 12 റൺസെടുത്ത ക്യാപ്റ്റൻ എം.എസ്. ധോണിയെ അവസാന ഓവറിൽ യഷ് ദയാൽ വിക്കറ്റിനു മുന്നിൽ കുരുക്കി.
ഇംപാക്ട് പ്ലെയറായെത്തിയ ശിവം ദുബെ (3 പന്തിൽ 8*) ചെന്നൈയെ ജയത്തിലെത്തിക്കുമെന്ന തോന്നൽ ഉയർത്തിയെങ്കിലും യഷ് ദയാലിന്റെ അവസാന പന്തുകളിൽ ബൗണ്ടറി കണ്ടെത്താനാകാതെ ഉഴറി. 45 പന്തിൽ 77 റൺസുമായി പുറത്താകാതെ നിന്ന ജഡേജ, സീസണിലെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാൽ ടീമിനെ ജയത്തിലെത്തിക്കാൻ അതും മതിയായില്ല. പോയിന്റ് പട്ടികയിൽ ഏറ്റവും ഒടുവിലുള്ള സി.എസ്.കെക്ക് സീസണിലെ ഒമ്പതാം തോൽവിയാണിത്.
മത്സരത്തിൽ ടോസ് നേടിയ ചെന്നൈ, ബംഗളൂരുവിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ജേക്കബ് ബെതേലും (55) വിരാട് കോഹ്‌ലിയും (62) ചേർന്ന് നൽകിയ ഗംഭീര തുടക്കത്തിന്റെയും റൊമാരിയോ ഷെപേർഡിന്റെ അതിവേഗ അർധ സെഞ്ച്വറിയുടെയും (14 പന്തിൽ 53*) മികവിലാണ് ചെന്നൈ സൂപ്പർ കിങ്സിനു മുന്നിൽ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു 214 റൺസ് വിജയലക്ഷ്യമുയർത്തിയത്. മൂന്ന് വിക്കറ്റ് പിഴുത മതീഷ പതിരന ഇടക്ക് റൺനിരക്ക് കുറച്ചെങ്കിലും അവസാന ഓവറുകളിൽ തകർത്തടിച്ച ഷെപേർഡ് ടീമിനെ മികച്ച സ്കോറിൽ എത്തിക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ആതിഥേയർ 213 റൺസ് നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.