രോഹിതിനെ പിന്നിലാക്കി; നാണക്കേടിന്‍റെ റെക്കോഡ് ഇനി ദിനേശ് കാർത്തികിന്

ഐ.പി.എല്ലില്‍ പ്ലേ ഓഫിലെ അവസാന സ്ഥാനക്കാരെ നിശ്ചയിക്കാനുള്ള നിര്‍ണായക മത്സരത്തില്‍ നാണക്കേടിന്‍റെ റെക്കോഡ് സ്വന്തമാക്കി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്. ഗുജറാത്ത് ടൈറ്റൻസിനെതിരെ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിനായി ബ്രേസ്‌വെല്‍ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ദിനേശ് കാര്‍ത്തിക് നേരിട്ട ആദ്യ പന്തില്‍ പുറത്തായതോടെ ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ തവണ പൂജ്യനായി മടങ്ങിയ താരമെന്ന റെക്കോഡാണ് സ്വന്തമാക്കിയത്.

ഐ.പി.എല്ലില്‍ പതിനേഴാം തവണയാണ് കാര്‍ത്തിക് പൂജ്യത്തിന് പുറത്താവുന്നത്. 16 തവണ പുറത്തായ മുംബൈ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെയാണ് കാര്‍ത്തിക് പിന്നിലാക്കിയത്. 15 തവണ വീതം ഡക്കായ മന്‍ദീപ് സിങ്ങും സുനില്‍ നരെയ്നുമാണ് രോഹിത്തിന് പിന്നില്‍.

ട്വന്റി 20 കരിയറില്‍ 386 മത്സരങ്ങളില്‍ ഇരുപത്തിയഞ്ചാം തവണയാണ് കാര്‍ത്തിക് പൂജ്യനാവുന്നത്. 27 തവണ റൺസെടുക്കാതെ പുറത്തായ രോഹിത് ശര്‍മ കാര്‍ത്തികിന് മുന്നിലുണ്ട്. ഐ.പി.എല്ലിൽ കഴിഞ്ഞ സീസണില്‍ തകർപ്പൻ ഫോമിലായിരുന്ന കാർത്തിക് ഫിനിഷറായി ഇന്ത്യയുടെ ട്വന്റി 20 ലോകകപ്പ് ടീമില്‍ വരെയെത്തിയിരുന്നെങ്കിലും ഈ സീസണില്‍ അമ്പേ പരാജയമായിരുന്നു. സീസണില്‍ കളിച്ച 13 മത്സരങ്ങളിലെ 12 ഇന്നിങ്സുകളില്‍ നിന്ന് 140 റണ്‍സ് മാത്രമാണ് കാര്‍ത്തിക് നേടിയത്. 30 റണ്‍സാണ് ഉയര്‍ന്ന സ്കോർ. ബാറ്റിങ് ശരാശരി 11.67 മാത്രമാണ്. കഴിഞ്ഞ സീസണിൽ 16 മത്സരങ്ങളിൽ 55 റൺസ് ശരാശരിയിൽ 330 റൺസായിരുന്നു കാർത്തികിന്റെ സമ്പാദ്യം.

Tags:    
News Summary - Rohit was left behind; Dinesh Karthik now has a record of shame

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.