കട്ടക്ക്: മോശം പ്രകടനത്തിന്‍റെ പേരിൽ വിമർശനം നേരിടുന്ന ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ ക്രിക്കറ്റ് കരിയറിൽ ഒരു പൊൻതൂവൽകൂടി. വെസ്റ്റിൻഡീസ് വെടിക്കെട്ട് ബാറ്റർ ക്രിസ് ഗെയ്‍ലിനെ മറികടന്ന് ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ രണ്ടാമത്തെ താരമായി രോഹിത്.
ഇംഗ്ലണ്ടിനെതിരെ കട്ടക്കിൽ നടക്കുന്ന രണ്ടാം ഏകദിനത്തിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യക്കായി മറുപടി ബാറ്റിങ്ങിൽ മികച്ച തുടക്കമാണ് ഓപ്പണർമാരായ രോഹിത്തും ശുഭ്മൻ ഗില്ലും നൽകിയത്. മൈതാനത്തെ ഫ്ലഡ് ലൈറ്റ് പ്രവർത്തനരഹിതമായതിനെ തുടർന്ന് മത്സരം അൽപസമയം തടസ്സപ്പെട്ടു. 6.1 ഓവറിൽ ഇന്ത്യ വിക്കറ്റൊന്നും നഷ്ടമില്ലാതെ 48 റൺസെടുത്തിട്ടുണ്ട്. 18 പന്തിൽ മൂന്നു സിക്സും ഒരു ഫോറുമടക്കം 29 റൺസെടുത്ത് രോഹിത്തും 19 പന്തിൽ മൂന്നു ഫോറടക്കം 17 റൺസുമായി ഗില്ലുമാണ് ക്രീസിൽ.
നേരത്തെ, 331 സിക്സുകളുമായി ഗെയ്‍ലിനൊപ്പമായിരുന്നു രോഹിത്ത്. മത്സരത്തിൽ നേടിയ മൂന്നു സിക്സുകളോടെ രോഹിത്തിന്‍റെ ഏകദിനത്തിലെ സിക്സുകളുടെ എണ്ണം 334 ആയി. ഗെയിൽ ഏകദിന ക്രിക്കറ്റിൽനിന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2019ലാണ് താരം അവസാനമായി ഒരു ഏകദിനം കളിച്ചത്.
മുൻ പാകിസ്താൻ നായകൻ ഷഹീദ് അഫ്രീദിയാണ് ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ താരം. 398 മത്സരങ്ങളിൽനിന്ന് 351 സിക്സുകൾ. ആദ്യ ഏകദിനത്തിൽ രോഹിത് രണ്ട് റൺസിന് പുറത്തായിരുന്നു. രോഹിത് രാജ്യാന്തര ക്രിക്കറ്റിലെ അവസാന അർധ സെഞ്ച്വറി കുറിച്ചത് ആറു മാസം മുമ്പാണ്. വിവിധ ഫോർമാറ്റുകളിലായി കഴിഞ്ഞ 10 ഇന്നിങ്സുകളിലും രോഹിത്തിന് ഇരുപതിന് മുകളിൽ സ്കോർ നേടാൻ കഴിഞ്ഞിട്ടില്ല. ആ നിരാശ ഇതിനകം താരം തീർത്തു.
രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് 305 റൺസിന്‍റെ വിജയലക്ഷ്യമാണ് ഇംഗ്ലണ്ട് മുന്നോട്ടുവെച്ചത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 49.5 ഓവറിൽ 304 റൺസിന് പുറത്തായി. ഓപ്പണർ ബെൻ ഡക്കറ്റും (56 പന്തിൽ 65 റൺസ്) ജോ റൂട്ടും (72 പന്തിൽ 69) സന്ദർശകർക്കായി അർധ സെഞ്ച്വറി നേടി. ഇന്ത്യക്കായി രവീന്ദ്ര ജദേജ മൂന്നു വിക്കറ്റ് വീഴ്ത്തി. നാഗ്പുരിൽ നടന്ന ഒന്നാം ഏകദിനത്തിൽ നാലു വിക്കറ്റിനു ജയിച്ച ഇന്ത്യക്ക് ഇന്ന് ജയിച്ചാൽ പരമ്പര സ്വന്തമാക്കാം. ട്വന്‍റി20 പരമ്പര ഇന്ത്യ നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.