ഐ.പി.എല്ലിൽ ‘നാണക്കേടി’ന്‍റെ റെക്കോഡിൽ രോഹിത് ഇനി കാർത്തികിനൊപ്പം; പൂജ്യത്തിന് പുറത്താകുന്നത് 17ാം തവണ

മുംബൈ: സീസണിലെ ആദ്യ ഹോം മത്സരത്തിനിറങ്ങിയിട്ടും മുംബൈ ഇന്ത്യൻസിന് രക്ഷയില്ല. മുംബൈ വാംഖണ്ഡെ സ്റ്റേഡിയത്തിൽ സഞ്ജു സാംസണും സംഘവും ആറു വിക്കറ്റിനാണ് പേരുകേട്ട മുംബൈ പടയെ നിലംപരിശാക്കിയത്.

മുംബൈയുടെ ഹാട്രിക് തോൽവിയാണിത്. ഇത്തവണ പുതിയ നായകൻ ഹാർദിക് പാണ്ഡ്യക്കു കീഴിലിറങ്ങിയ മുംബൈ പോയന്‍റ് ടേബിളിൽ ഒരു ജയം പോലുമില്ലാതെ അവസാന സ്ഥാനത്താണ്. തുടർച്ചയായ മൂന്നാം ജയവുമായി രാജസ്ഥാൻ റോയൽസ് ഒന്നാം സ്ഥാനത്തേക്ക് കയറി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് പവർപ്ലേയിൽ തന്നെ തിരിച്ചടിയേറ്റു. പേസർ ട്രെന്‍റ് ബോൾട്ട് ഹിറ്റ്മാൻ രോഹിത് ശർമ ഉൾപ്പെടെ മൂന്നു മുൻനിര ബാറ്റർമാരെ പുറത്താക്കി.

പൂജ്യത്തിനാണ് മുംബൈയുടെ മൂന്നു താരങ്ങളും മടങ്ങിയത്. ആദ്യ ഓവറിലെ അഞ്ചാമത്തെ പന്തിലാണ് രോഹിത് പുറത്തായത്. നേരിട്ട ആദ്യ പന്തിൽ തന്നെ രോഹിത്തിനെ വിക്കറ്റിനു പിന്നിൽ സഞ്ജു ഒരു കൈയിൽ പറന്നു പിടിക്കുകയായിരുന്നു. ഇതോടെ ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്താകുന്ന താരമെന്ന റെക്കോഡിൽ വെറ്ററൻ താരം ദിനേഷ് കാർത്തികിനൊപ്പമെത്തി രോഹിത്. 17 തവണയാണ് ഇരുവരും പൂജ്യത്തിന് പുറത്തായത്.

തൊട്ടടുത്ത പന്തിൽ നമൻ ധിറിനെ എൽ.ബി.ഡബ്ല്യുവിൽ കുരുക്കിയും അടുത്ത ഓവറിൽ ഡെവാൾഡ് ബ്രെവിസിനെ മടക്കിയും ബോൾട്ട് മുൻ ചാമ്പ്യന്മാർക്ക് കനത്ത പ്രഹരമേൽപ്പിച്ചു. കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും ബോൾട്ടാണ്. ഗ്ലെൻ മാക്സ് വെൽ, പിയൂഷ് ചൗള, സുനിൽ നരേൻ എന്നിവർ 15 തവണ പൂജ്യത്തിന് പുറത്തായിട്ടുണ്ട്.

Tags:    
News Summary - Rohit Sharma Scores Record-Equalling 17th IPL Duck At Wankhede

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.