ഹൈദരാബാദ് പ്ലേ ഓഫിൽ; ഗുജറാത്തിനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചു

ഹൈദരാബാദ്: ഐ.പി.എൽ പ്ലേ ഓഫിലെത്തുന്ന മൂന്നാമത്തെ ടീമായി സൺറൈസേഴ്സ് ഹൈദരാബാദ്. വ്യാഴാഴ്ച ഗുജറാത്തിനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചതിനെ തുടർന്നാണ് പാറ്റ് കമ്മിൻസും സംഘവും അവസാന നാലിലെത്തിയത്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയൽസ് ടീമുകൾ നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു. രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ പെയ്യുന്ന കനത്ത മഴമൂലം ടോസ് പോലും ചെയ്യാനാവാതെ ഹൈദരാബാദ്-ഗുജറാത്ത് മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഇരു ടീമുകൾക്കും ഓരോ പോയന്‍റ് വീതം ലഭിച്ചു. ഇതോടെ 13 മത്സരങ്ങളിൽനിന്ന് ഹൈദരാബാദിന് 15 പോയന്‍റായി. ലീഗിൽ ഇനി ടീമിന് ഒരു മത്സരം ബാക്കിയുണ്ട്.

ഗുജറാത്ത് നേരത്തെ പുറത്തായിരുന്നു. പ്ലേ ഓഫിലെ ഇനിയുള്ള ഒരു ഒഴിവിലേക്ക് മൂന്നു ടീമുകളാണ് മത്സര രംഗത്തുള്ളത്. ഇതിൽ ചെന്നൈ സൂപ്പർ കിങ്സിനും ബംഗളൂരു റോയൽ ചലഞ്ചേഴ്സിനുമാണ് കൂടുതൽ സാധ്യത. ലഖ്നോ സൂപ്പർ ജയന്‍റ്സിന് വിദൂര സാധ്യത മാത്രമാണുള്ളത്. അതുകൊണ്ടു തന്നെ ശനിയാഴ് ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ബംഗളൂരു-ചെന്നൈ മത്സരം അതിനിർണായകമാണ്.

നിലവിൽ 14 പോയന്‍റുള്ള ചെന്നൈക്ക് ജയിച്ചാൽ അനായാസം അവസാന നാലിലെത്താനാകും. 12 പോയന്‍റുള്ള ബംഗളൂരുവിന് മികച്ച മാർജിനിൽ ജയിക്കണം. റൺ റേറ്റിൽ ചെന്നൈയാണ് മുന്നിൽ. അതേസമയം, നിർണായക മത്സരം മഴ കൊണ്ടുപോകുമോ എന്ന ആശങ്കയിലാണ് ബംഗളൂരു ആരാധകർ. ഇനിയുള്ള അഞ്ചു ദിവസങ്ങളിൽ ബംഗളൂരു നഗരത്തിൽ ഇടിയോടു കൂടിയ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

Tags:    
News Summary - IPL 2024: SRH Enter Playoffs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.