പ്ലേ ഓഫിലേക്ക് ഇനിയാരൊക്കെ? ഒഴിവ് രണ്ട്; രംഗത്ത് അഞ്ച്
മുംബൈ: ഐ.പി.എൽ 2024 സീസൺ ഫോട്ടോ ഫിനിഷിലേക്ക് കടക്കവേ പ്ലേ ഓഫിൽ ബാക്കിയുള്ള രണ്ട് ഒഴിവുകളിലേക്ക് മത്സരം കടുക്കുന്നു. രണ്ടു ടീമുകൾ മാത്രമാണ് ഇതിനകം പ്ലേ ഓഫിൽ കടന്നത്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയൽസും.
രണ്ടു ഒഴിവിലേക്ക് അഞ്ചു ടീമുകൾക്ക് സാധ്യതയുണ്ട്. സൺ റൈസേഴ്സ് ഹൈദരാബാദ്, ചെന്നൈ സൂപ്പർ കിങ്സ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, ഡൽഹി കാപിറ്റൽസ്, ലഖ്നോ സൂപ്പർ ജയന്റ്സ് എന്നിവയാണവ. ഹൈദരാബാദിനൊഴികെ ബാക്കിയുള്ള നാലു ടീമുകൾക്കും ഓരോ മത്സരമാണ് ഇനിയുള്ളത്. അതുകൊണ്ടു തന്നെ അവസാന നാലിലെ രണ്ടു കൂട്ടരെ തീരുമാനിക്കുന്നതിൽ നെറ്റ് റൺറേറ്റിന് നിർണായക റോളുണ്ടാകും.
പ്ലേ ഓഫിന് കൂടുതൽ സാധ്യത കൽപിക്കപ്പെടുന്ന ടീമുകളിലൊന്ന് ഹൈദരാബാദാണ്. ഇവർക്ക് ഗുജറാത്ത് ടൈറ്റൻസുമായും പഞ്ചാബ് കിങ്സുമായും മത്സരങ്ങൾ ബാക്കിയുണ്ട്. നിലവിൽ 14 പോയന്റുള്ള ടീമിന് ഒരു കളി ജയിച്ചാൽപോലും പ്ലേ ഓഫിലെത്താനാകും.
രണ്ടു മത്സരങ്ങളും തോൽക്കുകയാണെങ്കിൽ റൺറേറ്റാണ് മുന്നോട്ടുള്ള കാര്യങ്ങൾ തീരുമാനിക്കുക. ചെന്നൈ ബംഗളൂരുവിനെ തോൽപിക്കുകയും ഹൈദരാബാദ് രണ്ടു മത്സരങ്ങളും തോൽക്കുകയും ചെയ്താലും മികച്ച റൺ റേറ്റുള്ള പാറ്റ് കമ്മിൻസിനും സംഘത്തിനും പ്ലേ ഓഫിലെത്താനാകും.
ചെന്നൈയാണ് സാധ്യതയിൽ രണ്ടാമതുള്ള ടീം. നിലവിൽ 13 മത്സരങ്ങളിൽനിന്ന് 14 പോയന്റുള്ള ചെന്നൈക്ക് ബംഗളൂരുവിനെതിരായ അവസാന ലീഗ് മത്സരം ജയിച്ചാൽ അനായാസം കടക്കാനാകും. കുറഞ്ഞ മാർജിനിൽ തോറ്റാലും മികച്ച റൺ റേറ്റുള്ള ചെന്നൈക്ക് പ്ലേ ഓഫിലെത്താം. ഹൈദരാബാദ് ഇനിയുള്ള രണ്ടു മത്സരങ്ങളും തോറ്റാലും ചെന്നൈക്ക് നാലിലെത്താനാകും.
ബംഗളൂരുവിന് ചെന്നൈക്കെതിരായ മത്സരം ജയിച്ചാൽ മാത്രം പോരാ, റൺറേറ്റിലും മറ്റു ടീമുകളേക്കാൾ മുന്നിലെത്തണം. നിലവിൽ +0.387 ആണ് ടീമിന്റെ റൺ റേറ്റ്. അതിനാൽ ചെന്നൈ-ബംഗളൂരു മത്സരം അതി നിർണായകമാണ്. ഡൽഹിക്കും ലഖ്നോക്കും വിദൂര സാധ്യത മാത്രമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.