ദുബൈ: ആസ്ട്രേലിയക്കെതിരായ ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ നാണംകെട്ട തോൽവി വഴങ്ങിയതിനു പിന്നാലെയാണ് രോഹിത് ശർമയുടെ ഭാവി സംബന്ധിച്ച് ചർച്ചകൾ സജീവമാകുന്നത്. രണ്ടു മാസം കഴിഞ്ഞാൽ രോഹിത്തിന് 38 വയസ്സാകും. ട്വന്‍റി20 ക്രിക്കറ്റിൽനിന്ന് താരം ഇതിനകം വിരമിക്കൽ പ്രഖ്യാപിച്ചതാണ്. കഴിഞ്ഞ വർഷം ട്വന്‍റി20 ലോകകപ്പ് കിരീടം നേടിയതിനു പിന്നാലെയാണ് രോഹിത്തും വിരാട് കോഹ്ലിയും രവീന്ദ്ര ജദേജയും ട്വന്‍റി20 ഫോർമാറ്റിൽനിന്ന് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിക്കുന്നത്.
ജൂണിലാണ് ഇന്ത്യൻ ടീമിന്‍റെ അടുത്ത ടെസ്റ്റ് പരമ്പര. ഇംഗ്ലണ്ടിനെതിരെ അവരുടെ നാട്ടിലാണ് മത്സരം. ഏകദിനത്തിൽ വരാനിരിക്കുന്ന സുപ്രധാന ടൂർണമെന്‍റ് 2027 ഏകദിന ലോകകപ്പാണ്. അതായത് ചാമ്പ്യൻസ് ട്രോഫിയിൽനിന്ന് അടുത്ത ലോകകപ്പിലേക്ക് വലിയ ദൂരമുണ്ട്. ഇക്കാലയളവിൽ ടീമിൽ വലിയൊരു തലമുറ മാറ്റം നടക്കുമെന്നാണ് ക്രിക്കറ്റ് പണ്ഡിറ്റുകൾ പറയുന്നത്. പല മുതിർന്ന താരങ്ങൾക്കും വഴിമാറി കൊടുക്കേണ്ടിവരും. ഇതിനിടെയാണ് വീണ്ടും രോഹിത്തിന്‍റെ വിരമിക്കലുമായി ബന്ധപ്പെട്ട അഭ്യൂഹം ശക്തിപ്പെടുന്നത്. ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ തോൽക്കുകയാണെങ്കിൽ രോഹിത് വിരമിക്കൽ പ്രഖ്യാപിക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം ഇന്ത്യ ജയിക്കുകയാണെങ്കിൽ രോഹിത്തിന്‍റെ തീരുമാനം എന്താകുമെന്നതിൽ വ്യക്തതയില്ല. കിരീടം നേടുകയാണെങ്കിൽ നായക പദവി ഒഴിഞ്ഞ് രോഹിത് ടീമിൽ തുടരാനുള്ള സാധ്യതയും കാണുന്നുണ്ട്. അങ്ങനെയെങ്കിൽ രോഹിത്തിന്‍റെ പിൻഗാമിയായി പ്രധാനമായും രണ്ടു പേരുകളാണ് ഉയർന്നുകേൾക്കുന്നത്. ഹാർദിക് പാണ്ഡ്യയും ശുഭ്മൻ ഗില്ലും. അതേസമയം, വിരമിക്കല്‍ പദ്ധതികളെക്കുറിച്ചൊന്നും ക്യാപ്റ്റന്‍ രോഹിത് ഇന്ത്യന്‍ ടീമുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ പ്രതികരിച്ചു. ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനു മുമ്പായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗില്‍.
ടീമിന്റെ ശ്രദ്ധ കിരീടം നേടുക എന്നതിലാണെന്നും ക്യാപ്റ്റനും അതില്‍ മാത്രമാണ് ശ്രദ്ധയെന്നും ഗില്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ, രോഹിത്തിൽനിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം കുറച്ചുകൂടി മികച്ച പ്രകടനം പ്രതീക്ഷിക്കുന്നുണ്ടെന്ന് മുൻ താരം സുനിൽ ഗാവസ്കർ വിമർശിച്ചിരുന്നു. എപ്പോഴും 25-30 റൺസൊക്കെ നേടി രോഹിത്തിന് സന്തോഷത്തോടെ ഇരിക്കാൻ സാധിക്കുന്നുണ്ടോയെന്നും ഗാവസ്കർ ചോദിച്ചു. ചാമ്പ്യൻസ് ട്രോഫിയിലെ നാലു മത്സരങ്ങളിൽ ഒന്നിൽപോലും വലിയ സ്കോർ കണ്ടെത്താനായിട്ടില്ല. ബംഗ്ലാദേശിനെതിരെ നേടിയ 41 റൺസാണു ഉയർന്ന സ്കോർ. 20, 15, 28 എന്നിങ്ങനെയാണ് മറ്റു മത്സരങ്ങളിലെ പ്രകടനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.