സെഞ്ച്വറി നേട്ടത്തു ശേഷം കാണികളെ അഭിവാദ്യം ചെയ്യുന്ന രോഹിത് ശർമ(Photo: X/ @BCCI)

ക്രിക്കറ്റ് ആസ്വദിക്കുന്നതാണ് എന്റെ രീതി; ബാറ്റിങ് ശൈലി മാറ്റില്ല -രോഹിത് ശർമ

ഇംഗ്ലണ്ടിനെതിരെ തകർപ്പൻ സെഞ്ച്വറി നേടി വിമർശകരുടെ വായടപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ. ഹിറ്റ്മാന്റെ ബാറ്റിന്‍റെ ചൂട് ഞായറാഴ്ച ഇംഗ്ലിഷ് ബാളർമാരെ തെല്ലൊന്നുമല്ല വെള്ളംകുടിപ്പിച്ചത്. 12 ഫോറും ഏഴ് സിക്സറുകളുമായാണ് രോഹിത് കരിയറിലെ 32-ാം സെഞ്ച്വറി ആഘോഷമാക്കിയത്. തുടർച്ചയായി മോശം പ്രകടങ്ങളുടെ പേരിൽ പഴി കേട്ടിരുന്ന രോഹിത്തിന്‍റെ മികവിൽ ഇന്ത്യ പരമ്പര പിടിക്കുകയും ചെയ്തു. ഇപ്പോൾ തന്റെ സെഞ്ച്വറി നേട്ടത്തെയും ഫോമിനെയും കുറിച്ച് താരം പ്രതികരിച്ചിരിക്കുന്ന വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് ബി.സി.സി.ഐ.

ഓരോ തവണയും ഗ്രൗണ്ടിലിറങ്ങുന്നത് മികച്ച പ്രകടനം കാഴ്ചവെക്കാനാണെന്നും എന്നാൽ എല്ലായ്പ്പോഴും അതിന് കഴിഞ്ഞെന്നു വരില്ലെന്നും ഇന്ത്യൻ നായകൻ പറയുന്നു. ഒന്നോ രണ്ടോ മത്സരങ്ങളിൽ നേടുന്ന സ്കോർ നോക്കി ബാറ്റിങ് ശൈലിയിൽ മാറ്റം വരുത്താൻ ഉദ്ദേശ്യമില്ല. എപ്പോഴും എങ്ങനെ കൂടുതൽ റൺസ് സ്കോർ ചെയ്യാനാകും എന്നാണ് ചിന്തിക്കാറുള്ളത്. ക്രിക്കറ്റ് ആസ്വദിക്കുന്നതാണ് തന്റെ രീതിയെന്ന് വ്യക്തമാക്കിയ രോഹിത്, കോഹ്ലി ഉൾപ്പെടെയുള്ള സഹതാരങ്ങൾക്ക് പിന്തുണ അറിയിക്കുകയും ചെയ്തു.

“ക്രിക്കറ്റർമാർ ഏതാനും വർഷം കളിച്ച് മികച്ച റൺ നേടുമ്പോൾ അവരെ മികച്ച താരങ്ങളെന്ന് കണക്കാക്കും. ഏറെക്കാലമായി ക്രിക്കറ്റ് കളിക്കുന്നയാളെന്ന നിലയിൽ, എനിക്ക് എന്താണ് വേണ്ടതെന്ന് ഞാൻ തിരിച്ചറിയാറുണ്ട്. ഓരോ തവണയും ഗ്രൗണ്ടിലിറങ്ങുന്നതു പോലെ തന്നെയാണ് ഇന്നും ചെയ്തത്. എനിക്ക് കഴിയുന്നതുപോലെ ബാറ്റ് ചെയ്യാനാണ് എല്ലായ്പ്പോഴും ശ്രമിക്കുന്നത്. ഇന്നും ചെയ്തത് അതാണ്. ഒന്നോ രണ്ടോ മത്സരങ്ങളിൽ നേടുന്ന സ്കോർ നോക്കി ബാറ്റിങ് ശൈലിയിൽ മാറ്റം വരുത്താൻ ഉദ്ദേശ്യമില്ല.

ടീമിലുള്ള ഓരോരുത്തരും ഗ്രൗണ്ടിലിറങ്ങുന്നത് മികച്ച പ്രകടനം കാഴ്ചവെക്കാനാണ്. എന്നാൽ എല്ലായ്പ്പോഴും അതിന് കഴിഞ്ഞെന്നു വരില്ല. അടുത്തതായി എന്തു ചെയ്യണമെന്ന് അറിയാവുന്നിടത്തോളം എല്ലാം ശരിയായ രീതിയിലായിരിക്കും. എപ്പോഴും എങ്ങനെ കൂടുതൽ റൺസ് സ്കോർ ചെയ്യാനാകും എന്നാണ് ഞാൻ ചിന്തിക്കാറുള്ളത്. പറ‍യുമ്പോൾ എളുപ്പമായി തോന്നുമെങ്കിലും, അൽപം ബുദ്ധിമുട്ടുള്ള കാര്യമാണത്. എന്തായിരുന്നാലും ക്രിക്കറ്റിനെ ആസ്വദിക്കുന്നതാണ് എന്റെ രീതി. അതിനായാണ് ഞങ്ങൾ കളത്തിലിറങ്ങുന്നത്” -രോഹിത് പറഞ്ഞു.

നേരത്തെ ന്യൂസീലൻഡിനെതിരെ നാട്ടിൽ നടന്ന പരമ്പരയിലും ആസ്ട്രേലിയയിൽ ബോർഡർ ഗവാസ്കർ ട്രോഫിയിലും രോഹിത്തിന്റെ പ്രകടനം വിമർശനത്തിന് വഴിവെച്ചിരുന്നു. ഇതിനു പിന്നാലെ രഞ്ജി ട്രോഫിയിലും താരത്തിന് റൺസ് കണ്ടെത്തായില്ല. പിന്നാലെ ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം രോഹിത് വിരമിക്കണമെന്നും ആവശ്യമുയർന്നു. ഇതിനു മറുപടിയെന്ന വിധമാണ് കഴിഞ്ഞ ദിവസം സെഞ്ചറി നേടിയത്.

Tags:    
News Summary - Rohit Sharma: It was just another day in office, one knock doesn’t change anything

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.