'ഞാൻ ഫീൽഡിങ് കോച്ചാകാം'; ബിസിസിഐ അപേക്ഷകൾ ക്ഷണിക്കുമ്പോൾ ഇന്ത്യൻ വനിതാ ടീമിനെ ട്രോളി മൈക്കൽ വോൺ

മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ഫീൽഡിങ് കോച്ച് തസ്‌തികയിലേക്ക് ബി.സി.സി.ഐ അപേക്ഷ ക്ഷണിച്ചതിന് പിന്നാലെ പരിഹാസവുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ. ഇന്ത്യയുടെ മോശം ഫീൽഡിങിനെ നിശിതമായി വിമർശിച്ചുകൊണ്ട് 'ഞാൻ ആകാം ഫീൽഡിങ് കോച്ച്' എന്നാണ് വോൺ എക്‌സിൽ കുറിച്ചത്.

ഇന്ത്യൻ വനിതാ ദേശീയ ടീമിനായി ഫീൽഡിങ് കോച്ചിനെയും സീനിയർ പുരുഷ ടീമിനായി ഹെഡ് ഫിസിയോതെറാപ്പിസ്റ്റിനെയും നിയമിക്കുന്നതിനായി നവംബർ 16 വരെയാണ് ബി.സി.സി.ഐ സമയം അനുവദിച്ചിരിക്കുന്നത്. ഈ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് വോണിന്റെ ട്രോൾ രൂപത്തിലുള്ള പ്രതികരണം പുറത്തുവന്നത്.

സമീപകാല മത്സരങ്ങളിൽ ഇന്ത്യൻ വനിതാ ടീം വരുത്തിയ ഗുരുതരമായ ഫീൽഡിങ് പിഴവുകളുടെ പശ്ചാത്തലത്തിലാണ് വോണിന്റെ പരിഹാസം. 2026-ലെ വനിതാ ട്വന്റി20 ലോകകപ്പിൽ കളിച്ച അഞ്ച് ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ നിന്നായി 10 ക്യാച്ചുകളാണ് ഇന്ത്യൻ താരങ്ങൾ കൈവിട്ടുകളഞ്ഞത്.

പ്രത്യേകിച്ച് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നിർണ്ണായക മത്സരത്തിൽ മൂന്ന് അവസരങ്ങളാണ് ഇന്ത്യ നഷ്ടപ്പെടുത്തിയത്. ലൈഫ്‌ലൈൻ ലഭിച്ച മരിസാനെ കാപ്പ് ഇത് മുതലാക്കുകയും ഇന്ത്യ ടൂർണമെന്റിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താവുകയും ചെയ്തു. ടീമിന്റെ ഫീൽഡിങ് പ്രകടനത്തിനെതിരെ വ്യാപക വിമർശനമുയർന്നപ്പോൾ ബാറ്റിങ്, ബൗളിങ്, ഫീൽഡിങ് എന്നീ മൂന്ന് മേഖലകളിലും പുരോഗതി വേണമെന്ന് ഹെഡ് കോച്ച് അമോൽ മജുംദാർ തുറന്നുപറഞ്ഞിരുന്നു.

സിംബാബ്‌വെ പരമ്പരയിലും തുടർന്ന പിഴവുകൾ

ലോകകപ്പിന് ശേഷവും ഫീൽഡിങിലെ പോരായ്മകൾ പരിഹരിക്കാൻ ഇന്ത്യക്കായിട്ടില്ല. സിംബാബ്‌വെയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ട്വന്റി20 പരമ്പരയിൽ നാലും, തുടർന്നുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ നാലും ക്യാച്ചുകൾ ഇന്ത്യൻ താരങ്ങൾ കൈവിട്ടു.

വിക്കറ്റ് കീപ്പർ റിച്ച ഘോഷ് എളുപ്പമുള്ള അവസരങ്ങൾ പാഴാക്കിയപ്പോൾ ദീപ്തി ശർമ്മ, ക്രാന്തി ഗൗഡ് എന്നിവരും പിഴവുകൾ വരുത്തി. ഏകദിന പരമ്പര 3-0 ന് ഇന്ത്യ തൂത്തുവാരിയെങ്കിലും മോശം ഫീൽഡിങ് വലിയ തലവേദനയായി തുടരുകയാണ്.

രാജ്യാന്തര തലത്തിൽ കളിച്ച പരിചയമോ, ബി.സി.സി.ഐ ലെവൽ 'ബി' കോച്ചിങ് സർട്ടിഫിക്കറ്റും 30 ഫസ്റ്റ് ക്ലാസ് മത്സര പരിചയമോ ഉള്ളവർക്കാണ് ഫീൽഡിങ് കോച്ച് തസ്‌തികയിലേക്ക് അപേക്ഷിക്കാൻ അർഹത. അല്ലെങ്കിൽ ഒരു അന്താരാഷ്ട്ര ടീമിനെയോ ടി20 ഫ്രാഞ്ചൈസിയെയോ രണ്ട് സീസണിലെങ്കിലും പരിശീലിപ്പിച്ചിരിക്കണം.

ഡിസംബറിൽ നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനമാണ് ഇന്ത്യൻ വനിതാ ടീമിന്റെ അടുത്ത ദൗത്യം. ഡിസംബർ 9 മുതൽ ഗെബർഹയിൽ നടക്കുന്ന ഏക ടെസ്റ്റും മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി20 മത്സരങ്ങളും അടങ്ങുന്നതാണ് പരമ്പര.

Tags:    
News Summary - BCCI Invites Applications: Ex-England Captain Michael Vaughan Trolls Indian Team, Says 'I’ll Be Fielding Coach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.