‘ബാബറിനെ ഇംഗ്ലണ്ടിലേക്കോ ആസ്ട്രേലിയയിലേക്കോ അയക്കൂ’; പാക് ക്രിക്കറ്റ് ബോർഡിന് മുഹമ്മദ് യൂസഫിന്റെ നിർദേശം

ലഹോർ: ഒരുകാലത്ത് പാകിസ്താൻ ബാറ്റിങ്ങിന്റെ നെടുംതൂണായിരുന്ന ബാബർ അസമിന് പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്താൻ വിദേശ പരിശീലനം അനിവാര്യമാണെന്ന് മുൻ നായകനും ഇതിഹാസ ബാറ്ററുമായ മുഹമ്മദ് യൂസഫ്. തുടർച്ചയായി നിറംമങ്ങുന്ന ബാബറിനെ ആഭ്യന്തര ക്രിക്കറ്റിൽ കളിപ്പിക്കുന്നതിനുപകരം ഇംഗ്ലണ്ടിലോ ആസ്ട്രേലിയയിലോ അയച്ച് വിദഗ്ധ പരിശീലനം നൽകണമെന്നാണ് യൂസഫിന്റെ നിർദേശം. ബാറ്റിങ്ങിലെ സാങ്കേതിക പിഴവുകൾ പരിഹരിക്കാതെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് മടങ്ങുന്നത് താരത്തിന്റെ ആത്മവിശ്വാസത്തെയും കരിയറിനെയും പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ശ്രീലങ്കക്കെതിരായ ഏകദിന ത്രിരാഷ്ട്ര പരമ്പരയുടെ ഫൈനലിൽ റണ്ണൊന്നുമെടുക്കാതെ ബാബർ പുറത്തായതിന് പിന്നാലെയാണ് യൂസഫ് വിമർശനവുമായി രംഗത്തെത്തിയത്. പാകിസ്താൻ കിരീടം സ്വന്തമാക്കിയെങ്കിലും ബാബറിന്റെ മോശം ഫോം ടീമിന് ആശങ്കയായി തുടരുകയാണ്. അഞ്ചു മത്സരങ്ങളിൽനിന്ന് 118 റൺസ് മാത്രമാണ് മുൻ നായകന് നേടാനായത്. 23.60 ശരാശരിയിലും 74.21 സ്ട്രൈക്ക് റേറ്റിലുമായിരുന്നു പ്രകടനം. ഒരു അർധ സെഞ്ചറി പോലും നേടാനാകാതിരുന്ന ബാബറിന്റെ ഉയർന്ന സ്കോർ 45 റൺസാണ്.

ബാബറിന്റെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക പരിശീലനം ആവശ്യമാണെന്ന് സമൂഹമാധ്യമമായ എക്സിലൂടെയാണ് യൂസഫ് വ്യക്തമാക്കിയത്. ഇത്തരം പ്രശ്നങ്ങൾ നിലനിൽക്കെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. ഇംഗ്ലണ്ടിലെയോ  ആസ്ട്രേലിയയിലെയോ മികച്ച ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനം നേടുന്നതിലൂടെ ബാബറിന് പഴയ മികവിലേക്ക് തിരിച്ചെത്താനാകുമെന്നും യൂസഫ് അഭിപ്രായപ്പെട്ടു.

'ഇപ്പോഴും പാകിസ്താന്റെ ഏറ്റവും മികച്ച താരമാണ് ബാബർ. ശരിയായ മാർഗനിർദേശവും അൽപം പരിശ്രമവുമുണ്ടെങ്കിൽ അദ്ദേഹത്തിന് പഴയ ഫോമിലേക്ക് മടങ്ങിയെത്താനാകും. നാലുവർഷം മുമ്പും ഞാനിത് പറഞ്ഞതാണ്. അന്ന് ആരും കേട്ടില്ല. ഇപ്പോഴെങ്കിലും കേൾക്കണം' -യൂസഫ് എക്സിൽ കുറിച്ചു.

അതേസമയം, ബാബറിനെ ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് പാകിസ്താൻ ടീം മാനേജ്‌മെന്റ്. ഏകദിന നായകൻ ഷഹീൻ ഷാ അഫ്രീദിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. നവംബർ മൂന്നിന് ആരംഭിക്കുന്ന ഖാഇദെ അസം ട്രോഫിയിൽ ലഹോർ വൈറ്റ്സിനായി ബാബർ കളിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഷഹീൻ അഫ്രീദി നയിക്കുന്ന ഫാറ്റ ടീമിനെതിരെയാണ് മത്സരം.

നവംബർ ഒമ്പതിന് ആരംഭിക്കുന്ന ശ്രീലങ്കക്കെതിരായ രണ്ടു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയും ബാബറിന് മുന്നിലുണ്ട്. ഏറെക്കാലമായി പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാൻ കഴിയാത്ത താരത്തിന് പഴയ ബാറ്റിങ് മികവ് വീണ്ടെടുക്കാനാകുമോയെന്നതാണ് പാക് ക്രിക്കറ്റിലെ പ്രധാന ചർച്ച. ആഭ്യന്തര മത്സരങ്ങളിലൂടെയല്ല, സാങ്കേതിക പിഴവുകൾ തിരുത്തിയുള്ള വിദഗ്ധ പരിശീലനത്തിലൂടെയാണ് ബാബറിന്റെ തിരിച്ചുവരവ് സാധ്യമാകുകയെന്ന നിലപാടിലാണ് യൂസഫ്.

Tags:    
News Summary - Mohammad Yousuf Urges Babar Azam to Train Abroad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.