ഐ.പി.എല്ലിൽ പ്ലേ ഓഫ് കാണാതെ ലഖ്നോ സൂപ്പർ ജയന്‍റ്സ് പുറത്തായിരുന്നു. പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ജയം അനിവാര്യമായിരുന്ന നിർണായക മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനോട് ആറ് വിക്കറ്റിനാണ് ലഖ്നോ തോറ്റത്. ഹൈദരാബാദ് നേരത്തെ തന്നെ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്നോ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഹൈദരാബാദ് 18.2 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. അഭിഷേക് ശർമയുടെ വെടിക്കെട്ട് അർധ സെഞ്ച്വറിയാണ് ഹൈദരബാദിനെ ജയിപ്പിച്ചത്. 20 പന്തിൽ ആറു സിക്സും നാലു ഫോറുമടക്കം 59 റൺസെടുത്തു. ഹെൻറിച്ച് ക്ലാസനും തിളങ്ങി. 28 പന്തിൽ ഒരു സിക്സും നാലു ഫോറുമടക്കം 47 റൺസെടുത്താണ് താരം പുറത്തായത്. ഇഷാൻ കിഷൻ (28 പന്തിൽ 35), കാമിന്ദു മെൻഡിസ് (21 പന്തിൽ 32, റിട്ടയേർഡ് ഔട്ട്) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.
ലഖ്നോ പ്ലേ ഓഫ് കടക്കാതെ പുറത്താകാനുള്ള കാരണത്തെ കുറിച്ച് ക്യാപ്റ്റൻ ഋഷഭ് പന്ത് സംസാരിച്ചിരുന്നു. ലേലത്തിൽ മികച്ച ടീമിനെയാണ് സൂപ്പർ ജയന്‍റ്സ് സ്വന്തമാക്കിയതെന്നും എന്നാൽ ബൗളർമാരുടെ പരിക്ക് ടീമിന് വിനയായി മാറുകയായിരുന്നുവെന്നും പന്ത് പറഞ്ഞു.
'ചില താരങ്ങളുടെ പരിക്കുകൾ ടീമിൽ വലിയ വിടവുകളാണ് ഉണ്ടാക്കിയത്. ഒരു ടീം എന്ന നിലയിൽ പരിക്കേറ്റ താരങ്ങളെക്കുറിച്ച് സംസാരിക്കേണ്ടതില്ലെന്നായിരുന്നു തീരുമാനം. എന്നാൽ അത് പരിഹരിക്കണമായിരുന്നു. ഐ.പി.എൽ ലേലത്തിന്റെ സമയത്ത് മികച്ചയൊരു ബൗളിങ് യൂണിറ്റിനെ നിർമിക്കാൻ ലഖ്നൗ ശ്രമിച്ചിരുന്നു. അതേ ബൗളിങ് യൂണിറ്റ് ഇപ്പോഴുമുണ്ടായിരുന്നെങ്കിൽ മത്സരഫലങ്ങൾ വ്യത്യസ്തമാകുമായിരുന്നു. ചിലപ്പോൾ ടീം പ്ലാനുകൾ വിജയിക്കും. മറ്റുചിലപ്പോൾ പരാജയപ്പെടും.
ഞങ്ങൾ കളിച്ച രീതിയിൽ അഭിമാനമുണ്ട്. പോസിറ്റീവായ കാര്യങ്ങൾ സംസാരിക്കും. ലഖ്നോവിന് ശക്തമായ ബാറ്റിങ് നിരയുണ്ട്. സൺറൈസേഴ്സിനെതിരെ ബൗളർമാർ നന്നായി പന്തെറിഞ്ഞ സമയങ്ങളുണ്ടായിരുന്നു. എന്നാൽ ഇന്നലെ ലഖ്നൗ ബാറ്റർമാർ പത്ത് റൺസ് കുറവാണ് സ്കോർ ചെയ്തത്. നന്നായി കളിച്ചെങ്കിലും മത്സരം വിജയിക്കാൻ കഴിഞ്ഞില്ല.' പന്ത് പന്ത് പറഞ്ഞു.
12 മത്സരങ്ങൾ കഴിഞ്ഞപ്പോൾ അഞ്ച് ജയവുമായി 10 പോയിന്‍റ് മാത്രമാണ് ലഖ്നൊ നേടിയിട്ടുള്ളത്. അടുത്ത രണ്ട് മത്സരങ്ങളിൽ ജയിച്ചാലും സൂപ്പർ ജയന്‍റ്സിന് പ്ലേ ഓഫ് കളിക്കാൻ സാധിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.