റിഷഭ് പന്ത് പുതിയ വൈസ് ക്യാപ്റ്റനായേക്കും; ധോണിയുടെ വാക്കുകൾ സത്യമായെന്ന് ആരാധകർ

വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കാനിരിക്കുന്ന ആദ്യ ഏകദിന മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിന്‍റെ വൈസ് ക്യാപ്റ്റനായി യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ തെരഞ്ഞെടുത്തു. വ്യക്തിപരമായ ചില കാരണങ്ങളാൽ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീമിനെതിരെ ഈയാഴ്ച നടക്കാനിരിക്കുന്ന ആദ്യ ഏകദിനത്തിൽ കെ.എൽ രാഹുൽ കളിക്കില്ല. അദ്ദേഹത്തിന്റെ അഭാവത്തിലാണ് ടീമിന്‍റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് റിഷഭിനെ പരിഗണിക്കുന്നത്.

അതോടെ ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എം.എസ് ധോണി മുമ്പ് പറഞ്ഞ കാര്യങ്ങള്‍ ഇപ്പോൾ യാഥാർഥ്യമാവുകയാണെന്നാണ് ആരാധകർ പറയുന്നത്. ക്രിക്കറ്റ് ബോര്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിക്കറ്റ് കീപ്പര്‍ എല്ലായ്‌പ്പോഴും ഒരു ടീമിന്റെ വൈസ് ക്യാപ്റ്റനാണെന്നായിരുന്നു 2017ലെ വാര്‍ത്താസമ്മേളനത്തില്‍ എം.എസ് ധോണി അഭിപ്രായപ്പെട്ടത്. ഒരു മല്‍സരത്തിനിടെ ഫീല്‍ഡിങ് ക്രമീകരണം നടത്താനുള്ള ഉത്തരവാദിത്വം പലപ്പോഴും വിക്കറ്റ് കീപ്പര്‍ക്കു നല്‍കാറുണ്ട്. ക്യാപ്റ്റനില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ സ്വീകരിച്ച് വിക്കറ്റ് കീപ്പറാണ് ഫീല്‍ഡില്‍ ആവശ്യമായ മാറ്റം വരുത്തേണ്ടതെന്നും ധോണി ചൂണ്ടിക്കാട്ടിയിരുന്നു.

നിലവിൽ ഇന്ത്യൻ ക്രിക്കറ്റിൽ ക്യാപ്റ്റൻസിയെ കുറിച്ച് വലിയ ചർച്ചയാണ് നടക്കുന്നത്. കോഹ്ലി സ്ഥാനമൊഴിഞ്ഞതിന് ശേഷം രോഹിത് ശർമയായിരുന്നു നായക സ്ഥാനത്തേക്ക് വന്നത്. അദ്ദേഹത്തിന്‍റെ ഫിറ്റ്നെസ് പ്രശ്നങ്ങൾ കാരണം ദക്ഷിണാഫ്രിക്കക്കെതിരെയുള്ള പരമ്പരയിൽ കെ.എല്‍ രാഹുലിന് നറുക്ക് വീണു. എന്നാൽ രാഹുലിന്റെ നായകത്വത്തിൽ ടീം തുടർ പരാജയത്തിലേക്ക് പോകുന്ന കാഴ്ച്ചയായിരുന്നു. 35 കാരനായ രോഹിതിന് അധികകാലം നായകനായി തുടരാൻ കഴിയില്ലെന്നിരിക്കെ റിഷഭ് പന്തിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 

ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരമായി മാറാന്‍ ശേഷിയുള്ള കളിക്കാരനായാണ് 24കാരനായ റിഷഭിനെ പലരും വിലയിരുത്തുന്നത്. ബാറ്റിങിലെ പ്രഹരശേഷിയും വിക്കറ്റിനു പിന്നിലെ ചടുലമായ പ്രകടനവുമെല്ലാം അദ്ദേഹത്തെ ആരാധകര്‍ക്കു പ്രിയങ്കരനാക്കിയിട്ടുണ്ട്. ധോണിക്കു ശേഷം ഇന്ത്യയുടെ അടുത്ത വിക്കറ്റ് കീപ്പിങ് ക്യാപ്റ്റനായി റിഷഭ് വരാനുള്ള സാധ്യത എന്തായാലും കൂടുതലാണ്.

Tags:    
News Summary - reports claims Rishabh Pant going to new vice-captain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.