ആർ.സി.ബി വിൽക്കുന്നില്ല; പ്രതികരിച്ച് ടീം ഉടമകൾ, പ്രചരിക്കുന്നത് ഊഹാപോഹം മാത്രം

ബംഗളൂരു: പതിനെട്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഐ.പി.എൽ കിരീടം നേടിയ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു ടീമിനെ വിൽക്കുന്നുവെന്ന റിപ്പോർട്ടുകൾ തള്ളി ടീം ഉടമകളും മദ്യകമ്പനിയുമായ ഡിയാജിയോ. ആർ.സി.ബി ടീം ഉടമകളായ യുനൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡിന്റെ മാതൃകമ്പനിയാണ് ഡിയാജിയോ.

മാധ്യമങ്ങള്‍ ഊഹാപോഹം പ്രചരിപ്പിക്കുകയാണെന്ന് കമ്പനി പ്രതികരിച്ചു. ഇക്കാര്യം അറിയിച്ച് ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് ഡിയാജിയോ കത്തു നല്‍കി. ബ്ലൂംബെര്‍ഗ് ന്യൂസാണ് ആർ.സി.ബി വിൽക്കുകയാണെന്ന് റിപ്പോര്‍ട്ട് ചെയ്തത്.

കിരീടനേട്ടത്തിന് പിന്നാലെ ബ്രാൻഡ് മൂല്യം കുത്തനെ ഉ‍യർന്നതോടെ രണ്ട് ബില്യൺ ഡോളർ വരെ (ഏകദേശം 16,834 കോടി) ലക്ഷ്യമിട്ടാണ് ഉടമയായ ഡിയാജിയോ ക്ലബ് വിൽക്കാൻ ഒരുങ്ങുന്നതെന്നായിരുന്നു വാർത്തകൾ.

ഡിയാജിയോ പി.എൽ.സിക്ക് വേണ്ടി ഇന്ത്യയിൽ യുനൈറ്റഡ് സ്പിരിറ്റ് ലിമിറ്റഡാണ് റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു നടത്തുന്നത്. 2008ൽ ഫ്രാഞ്ചൈസി ആരംഭിച്ചപ്പോൾ, കിങ്ഫിഷർ എയർലൈൻസിന്റെ ഉടമയും മദ്യ വ്യവസായിയുമായ വിജയ് മല്യയാണ് ഇത് ആദ്യം വാങ്ങിയത്. മല്യ കടക്കെണിയിൽ അകപ്പെട്ടു. സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട് കിങ്ഫിഷർ എയര്‍ലൈന്‍സ് പൂട്ടിയതോടെ 2012ല്‍ മല്യയുടെ യുനൈറ്റഡ് സ്പിരിറ്റ്‌സിനെ ബ്രിട്ടീഷ് കമ്പനിയായ ഡിയാജിയോ ഏറ്റെടുത്തു. യുനൈറ്റഡ് സ്പിരിറ്റിസിന്റെ നിയന്ത്രണത്തിലുള്ള ആര്‍.സി.ബിയും ഇതോടെ ഡിയാജിയോയുടെ കീഴിലായി.

ഐ.പി.എല്ലില്‍ പുകയില, മദ്യ ബ്രാന്‍ഡുകള്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നീക്കത്തിന് പിന്നാലെയാണ് ടീമിനെ വിൽക്കാനുള്ള നീക്കമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. അതേസമയം, കിരീടധാരണത്തിന് പിന്നാലെ സംഘടിപ്പിച്ച ആഘോഷ പരിപാടി ബംഗളൂരിൽ വൻ ദുരന്തത്തിൽ കലാശിച്ചത് ക്ലബിന് വൻ ക്ഷീണമായി. ആഘോഷ പരിപാടികൾക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേരാണ് മരിച്ചത്.

സംഭവത്തിൽ ആർ.സി.ബിയുടെ മാർക്കറ്റിങ് തലവൻ ഉൾപ്പെടെയുള്ളവർ അറസ്റ്റിലാകുകയും ചെയ്തിരുന്നു. ഐ.പി.എല്ലില്‍ നിന്ന് ടീമിനെ ഒരുവര്‍ഷത്തേക്ക് വിലക്കാൻ ബി.സി.സി.ഐ ഒരുങ്ങുന്നുവെന്ന അഭ്യൂഹവും ശക്തമാണ്.

Tags:    
News Summary - RCB going to be sold? Owner Diagio responds to speculation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.