രവീന്ദ്ര ജദേജ
മുംബൈ: ചെന്നൈ സൂപ്പർ കിങ്സിൽ നിന്നും മനസ്സില്ലാ മനസ്സോടെയാണ് രവീന്ദ്ര ജദേജയുടെ രാജസ്ഥാൻ റോയൽസിലേക്കുള്ള കൂടുമാറ്റം. സഞ്ജു സാംസണിനെ പോലൊരു ജൂനിയർ താരത്തിന് പകരക്കാരനായി ടീം വിട്ട് കൊടുത്തത് മാത്രമല്ല, സാലറി കട്ടും താരത്തിന്റെ കേളീമികവിന് തിരിച്ചടിയാവുന്നതാണ്.
ചെന്നൈയിൽ 18 കോടി പ്രതിഫലം വാങ്ങിയ രവീന്ദ്ര ജദേജക്ക് നാല് കോടി കട്ട് ചെയ്ത് 14 കോടിയാണ് രാജസ്ഥാൻ റോയൽസ് നൽകുന്നത്. എന്നാൽ, അതിനെല്ലാത്തിനുമുപരിയായി രാജസ്ഥാനിൽ മറ്റൊരു സർപ്രൈസ് പ്രഖ്യാപനം താരത്തെ കാത്തിരിക്കുന്നുവെന്നാണ് ഐ.പി.എൽ വൃത്തങ്ങളിൽ നിന്നുള്ള റിപ്പോർട്ട്. ഡിസംബറിലെ താര ലേലം കഴിഞ്ഞതിനു പിന്നാലെ ജനുവരിയിൽ അതുണ്ടാവും.
മലയാളി താരം സഞ്ജു സാംസൺ ടീം വിട്ടതോടെ പുതിയ ക്യാപ്റ്റനെ തേടുന്ന രാജസ്ഥാൻ റോയൽസ് അടുത്ത സീസണിൽ തങ്ങളുടെ നായകനായി രവീന്ദ്ര ജദേജയെ പരീക്ഷിക്കുമെന്നാണ് പുതിയ റിപ്പോർട്ട്. യശസ്വ ജയ്സ്വാൾ, ധ്രുവ് ജുറൽ, റിയാൻ പരാഗ് എന്നിവരാണ് നേരത്തെ ക്യാപ്റ്റൻസിയിലേക്ക് പരിഗണിച്ച പേരുകൾ. രവീന്ദ്ര ജദേജയുടെ വരവോടെ പരിചയ സമ്പന്നായ സീനിയർ താരത്തിന്റെ സാന്നിധ്യമായി.
2022ൽ ചെന്നൈയുടെ ക്യാപ്റ്റനായിരുന്നു ജദേജ. എന്നാൽ, ടീം നിറം മങ്ങിയതോടെ ധോണിയെ വീണ്ടും ക്യാപ്റ്റനാക്കി.
താര കൈമാറ്റത്തിന്റെ ഭാഗമായി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻസി കൂടി വാഗ്ദാനം ചെയ്താണ് സാലറി കട്ടിൽ കരാറുറപ്പിച്ചതെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര പറയുന്നു.
2008 രാജസ്ഥാൻ പ്രഥമ ഐ.പി.എൽ കിരീടമണിഞ്ഞപ്പോൾ ടീമിന്റെ ഭാഗമായിരുന്നു ജദേജ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.