വിരാട് കോഹ്ലിയും രോഹിത് ശർമയും വിജയ് ഹസാരെ ട്രോഫി മത്സരത്തിൽ

സചിന്‍റെ റെക്കോഡ് മറികടന്ന് കോഹ്‌ലി, രോഹിത് വാർണർക്കൊപ്പം; വിജയ് ഹസാരെയിൽ സൂപ്പർ താരങ്ങൾക്കും സെഞ്ച്വറി

ജയ്‌പുർ/ ബംഗളൂരു: ആഭ്യന്തര ടൂർണമെന്‍റായ വിജയ് ഹസാരെ ട്രോഫിയിൽ യുവതാരങ്ങൾക്കൊപ്പം തിളങ്ങി സൂപ്പർ താരങ്ങളും. മുംബൈക്ക് വേണ്ടി ഏഴുവർഷത്തിനു ശേഷം ക്രീസിലെത്തിയ രോഹിത് ശർമയും 15 വർഷത്തെ ഇടവേളക്കുശേഷം ഡൽഹിക്കായി കളിക്കുന്ന വിരാട് കോഹ്‌ലിയും സെഞ്ച്വറി കുറിച്ചു. മുംബൈ ഓപണറായി ഇറങ്ങിയ രോഹിത്, സിക്കിമിനെതിരായ മത്സരത്തിലാണ് സെഞ്ച്വറി കുറിച്ചത്. 28 പന്തിൽ അർധസെഞ്ചറി പിന്നിട്ട താരം 62 പന്തിലാണ് മൂന്നക്കം തികച്ചത്. 94 പന്തിൽ ഒമ്പത് സിക്സും 18 ഫോറും ഉൾപ്പെടെ 155 റൺസെടുത്താണ് രോഹിത് പുറത്തായത്.

ഏകദിന ഫോർമാറ്റിൽ 150ലേറെ റൺസ് ഏറ്റവും കൂടുതൽ തവണ നേടുന്ന താരമെന്ന ഓസീസ് താരം ഡേവിഡ് വാർണറുടെ റെക്കോഡിനൊപ്പമെത്താൻ രോഹിത്തിനായി. ഒമ്പത് തവണയാണ് ഇരുവരും 150നു മേൽ സ്കോർ ചെയ്തത്. ലിസ്റ്റ് എ ക്രിക്കറ്റിൽ രോഹിത്തിന്റെ വേഗമേറിയ സെഞ്ച്വറിയാണ് ഇന്ന് പിറന്നത്. 2023 ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്താനെതിരെ 63 പന്തിൽ സെഞ്ച്വറി നേടിയിരുന്നു. മത്സരത്തിൽ സിക്കിം ഉയർത്തിയ 237 റൺസ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിൽ മുംബൈ മറികടന്നു. മുംബൈക്കായി അങ്ക്രിഷ് രഘുവംശിയും (58 പന്തിൽ 38) രോഹിത് ശർമയും ചേർന്ന് ഒന്നാം വിക്കറ്റിൽ 141 റൺസാണ് കൂട്ടിച്ചേർത്തത്.

അതേസമയം, ആന്ധ്രപ്രദേശ് ഉയർത്തിയ 299 റൺസ് വിജയലക്ഷ്യ പിന്തുടര്‍ന്ന ഡൽഹിക്ക് വിരാട് കോഹ്‌ലിയുടെ സെഞ്ച്വറിയും പ്രിയാൻഷ് ആര്യ, നിതീഷ് റാണ എന്നിവരുടെ അർധ സെഞ്ച്വറിയുമാണ് കരുത്തായത്. 101 പന്തുകൾ നേരിട്ട കോഹ്‌ലി 14 ഫോറും മൂന്നു സിക്സും ഉൾപ്പടെ 131 റൺസടിച്ചു പുറത്തായി. 55 പന്തുകൾ നേരിട്ട റാണ 77 റണ്‍സാണെടുത്തത്. 44 പന്തിൽ 74 റൺസെടുത്ത പ്രിയാൻഷ് ആര്യ പുറത്തായി. ആദ്യ ഓവറിൽ തന്നെ ഓപണർ അർപിത് റാണ സംപൂജ്യനായി പുറത്തായതോടെയാണ് മൂന്നാമനായി കോഹ്‌ലി ക്രീസിലെത്തിയത്.

രണ്ടാം വിക്കറ്റിൽ പ്രിയാൻഷും കോഹ്‌ലിയും ചേർന്ന് 113 റൺസ് കൂട്ടിച്ചേർത്തു. 39 പന്തിൽ അർധസെഞ്ചറി പിന്നിട്ട കോഹ്‌ലി, ലിസ്റ്റ് എ ക്രിക്കറ്റിൽ അതിവേഗം 16,000 റൺസ് പിന്നിടുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കി. 330-ാം ഇന്നിങ്സിൽ നാഴികക്കല്ലു പിന്നിട്ട താരം, ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കറെയാണ് പിന്നിലാക്കിയത്. നാലാമനായി ഇറങ്ങിയ നിതീഷ് റാണയെ കൂട്ടുപിടിച്ച് കോഹ്‌ലി ബാറ്റിങ് തുടര്‍ന്നതോടെ ‍ഡല്‍ഹി അനായാസം വിജയത്തിനടുത്തെത്തി. 37.4 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് ‍ഡല്‍ഹി വിജയിച്ചത്.

ആഴ്ചകൾ നീണ്ട അഭ്യൂഹങ്ങൾക്ക് ശേഷമാണ് വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാനുള്ള കോഹ്‌ലിയുടെ തീരുമാനം വന്നത്. തിരിച്ചുവരവ് സെഞ്ച്വറി നേട്ടത്തോടെ ആഘോഷിക്കാനും കോഹ്‌ലിക്കായി. കഴിഞ്ഞ മാസം ഒടുവിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ രണ്ട് സെഞ്ച്വറികളും അപരാജിത അർധസെഞ്ച്വറിയുമായി അദ്ദേഹം പരമ്പരയിലെ താരമായി. ആസ്‌ട്രേലിയയിൽ സെഞ്ച്വറിയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്ന് ഇന്നിങ്സുകളിൽ രണ്ട് അർധസെഞ്ച്വറികളും നേടിയ രോഹിതും തന്‍റെ കരുത്ത് ചോർന്നിട്ടില്ലെന്ന് തെളിയിച്ചു. ടെസ്റ്റിൽ നിന്നും ടി20യിൽ നിന്നും വിരമിച്ച ഇരുവരും ഏകദിനത്തിൽ മാത്രമാണ് നിലവിൽ ഇന്ത്യക്കായി കളിക്കുന്നത്.

Tags:    
News Summary - Vijay Hazare Trophy: Kohli breaks a Tendulkar record, Rohit catches up with Warner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.