ദ്രാവിഡും രോഹിത്തും ഇല്ല! ഇന്ത്യൻ ക്രിക്കറ്റിലെ മികച്ച അഞ്ചു താരങ്ങളെ തെരഞ്ഞെടുത്ത് രവി ശാസ്ത്രി

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച അഞ്ചു താരങ്ങളെ തെരഞ്ഞെടുത്ത് മുൻ പരിശീലകനും മുൻ താരവുമായ രവി ശാസ്ത്രി. തെരഞ്ഞെടുത്തവരിൽ രണ്ടുപേർ ശാസ്ത്രിക്കൊപ്പം 1983 ഏകദിന ലോകകപ്പ് കിരീടം നേടിയ ടീമിലുള്ളവരാണ്. അന്നത്തെ ക്യാപ്റ്റൻ കപിൽ ദേവും ബാറ്റർ സുനിൽ ഗവാസ്കറും. ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളാണ് കപിൽ.

മൂന്നു ദശകങ്ങൾ പിന്നിട്ടിട്ടും ഇന്ത്യൻ ക്രിക്കറ്റിൽ പകരംവെക്കാനില്ലാത്ത പേസ് ബൗളിങ് ഓൾ റൗണ്ടർ. ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസ് നേടുന്ന ആദ്യ താരമാണ് ഗവാസ്കർ. ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കർ, സൂപ്പർതാരങ്ങളായ വിരാട് കോഹ്ലി, എം.എസ്. ധോണി എന്നിവരാണ് ബാക്കിയുള്ള മൂന്നു താരങ്ങൾ. 2011ൽ ഇന്ത്യ രണ്ടാമത്തെ ഏകദിന ലോകകപ്പ് നേടുമ്പോൾ മൂവരും ടീമിലുണ്ടായിരുന്നു.

ഐ.സി.സിയുടെ മൂന്നു വൈറ്റ്ബാൾ കിരീടങ്ങളും നേടിയ ഒരേയൊരു ക്യാപ്റ്റനാണ് ധോണി. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ താരങ്ങളാണ് കോഹ്ലിയും സചിനും. മുൻ ഇംഗ്ലീഷ് താരങ്ങളായ മൈക്കൽ വോൺ, അലസ്റ്റർ കുക്ക്, ഡേവിഡ് ലോയ്ഡ് എന്നിവർക്കൊപ്പം ഒരു യൂട്യൂബ് അഭിമുഖത്തിൽ പങ്കെടുക്കുകയായിരുന്നു ശാസ്ത്രി. ഏറ്റവും മഹാനായ ക്രിക്കറ്റർ ആരെന്ന ചോദ്യത്തിന് സചിൻ എന്നാണ് ശാസ്ത്രി മറുപടി നൽകിയത്.

ഇന്ത്യക്കായി ശാസ്ത്രി 80 ടെസ്റ്റുകളും 150 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റിലെ മികച്ച ഓൾ റൗണ്ടർമാരിൽ ഒരാൾ കൂടിയായിരുന്നു അദ്ദേഹം. ടെസ്റ്റിൽ 3830 റൺസും 11 സെഞ്ച്വറികളും താരത്തിന്‍റെ പേരിലുണ്ട്. ഈ ഓഫ് സ്പിന്നറുടെ പേരിൽ 151 വിക്കറ്റുകളുമുണ്ട്.

Tags:    
News Summary - Ravi Shastri Picks Five Greatest Indian Cricketers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.