മുംബൈ: പേരുകേട്ട മുംബൈ ബാറ്റിങ് നിരയെ കശ്മീർ ബൗളർമാർ കശാപ്പു ചെയ്ത രഞ്ജി ട്രോഫി മത്സരത്തിൽ ടീമിന് രക്ഷകനായത് പേസർ ശാർദുൽ ഠാക്കൂർ. ഇന്ത്യൻ നായകൻ രോഹിത് ശർമയും യുവ ഓപണർ യശസ്വി ജയ്സ്വാളും ഉൾപ്പെടെ ചെറിയ സ്കോറിൽ പുറത്തായപ്പോൾ, എട്ടാമനായിറങ്ങി മിന്നുന്ന സെഞ്ച്വറിയാണ് ശാർദുൽ നേടിയത്. താരത്തിന് കൂട്ടായെത്തിയ തനുഷ് കൊട്ടിയാൻ അർധ സെഞ്ച്വറി നേടി. ഇരുവരും ചേർന്ന് എട്ടാം വിക്കറ്റിൽ 184 റൺസിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. 74 ഓവറിൽ 290 റൺസിന് മുംബൈ പുറത്തായി. 205 റൺസാണ് ജമ്മു കശ്മീരിന്റെ വിജയലക്ഷ്യം.
135 പന്തുകൾ നേരിട്ട ശാർദുൽ 18 ബൗണ്ടറികളുടെ അകമ്പടിയോടെ 119 റൺസാണ് നേടിയത്. ശാർദുലിനൊപ്പം കളം നിറഞ്ഞു കളിച്ച തനുഷ് കൊട്ടിയാന്റെ പ്രകടനവും മികച്ചതായിരുന്നു. 136 പന്ത് നേരിട്ട തനുഷ്, ആറ് ബൗണ്ടറികൾ സഹിതം 62 റൺസ് നേടിയാണ് പുറത്തായത്. ഏറെനാളായി ദേശീയ ടീമിലേക്ക് അവസരം ലഭിക്കാത്ത താരത്തിന്റെ പ്രകടനം സെലക്ടർമാർക്കുള്ള മറുപടി കൂടിയാണ്. ഇക്കഴിഞ്ഞ താരലേലത്തിൽ ഐ.പി.എൽ ഫ്രാഞ്ചൈസികളും 33കാരനായ ശാർദുലിനെ തഴഞ്ഞിരുന്നു.
അതേസമയം രണ്ടാം ഇന്നിങ്സിൽ ആക്വിബ് നബിയും യുദ്ധ്വീർ സിങ്ങും ചേർന്നാണ് മുംബൈ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. ഓപണർമാരായ ജയ്സ്വാളിനെയും (26) രോഹിത്തിനെയും (28) മടക്കിയത് യുദ്ധ്വീറാണ്. ഇവർക്ക് പുറമെ തനുഷ് കൊട്ടിയാന്റെ വിക്കറ്റും താരം പിഴുതെടുത്തു. നാല് വിക്കറ്റുകൾ സ്വന്തമാക്കിയ ആക്വിബ് നബിക്ക് മുന്നിൽ ശ്രേയസ് അയ്യർ (17), ശിവം ദുബേ (പൂജ്യം), ഷംസ് മുലാനി (നാല്), ശാർദുൽ ഠാക്കൂർ (119) എന്നിവരാണ് വീണത്. ആദ്യ ഇന്നിങ്സിലെ ടോപ് വിക്കറ്റ് ടേക്കറായ ഉമർ നസീർ മിർ ഹാർദിക് തമൂർ (ഒന്ന്), ക്യാപ്റ്റൻ രഹാനെ (10) എന്നിവരെ കൂടാരം കയറ്റി. നാല് റൺസ് നേടിയ മോഹിത് അവാസ്തി റണ്ണൗട്ടായി.
നേരത്തെ മുംബൈ ഒന്നാം ഇന്നിങ്സിൽ 120 റൺസിന് പുറത്തായിരുന്നു. ഇതിന് മറുപടിയായി 206 റൺസാണ് കശ്മീർ ആദ്യ ഇന്നിങ്സിൽ നേടിയത്. മുംബൈക്കായി മോഹിത് അവാസ്തി അഞ്ച് വിക്കറ്റ് നേടിയിരുന്നു. ഇന്ത്യൻ ടീമിലെ വമ്പൻമാർ ഇറങ്ങിയിട്ടും മുംബൈ ബാറ്റിങ് നിര തകർന്നടിയുന്നത് ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.