കേരളത്തിന് തകർപ്പൻ ജയം: ഛത്തീസ്ഗഢിനെ തകർത്തത് ഏഴു വിക്കറ്റിന്

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഛത്തീസ്ഗഢിനെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം. ഏഴുവിക്കറ്റിനാണ് കേരളത്തിന്‍റെ വിജയം. ഛത്തീസ്ഗഢ് ഉയര്‍ത്തിയ 126 റണ്‍സ് വിജയലക്ഷ്യം ആതിഥേയര്‍ 19.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

ആദ്യ സെഷനില്‍ തന്നെ വിജയം നേടിയെടുക്കാൻ കേരളത്തിനായി. സ്‌കോര്‍: ഛത്തീസ്ഗഢ് 149, 287, കേരളം 311, മൂന്നിന് 126. നാലാംദിനം കേരളത്തിനായി ഓപ്പണര്‍മാരായ പി. രാഹുലും രോഹന്‍ എസ്. കുന്നുമ്മലും മികച്ച തുടക്കം നൽകി. 10.3 ഓവറില്‍ ഇരുവരും ഒന്നാം വിക്കറ്റിൽ 86 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. രാഹുൽ 58 പന്തിൽ 66 റൺസുമായി പുറത്താകാതെ നിന്നു. രോഹൻ 27 പന്തിൽ 40 റൺസെടുത്തു.

സച്ചിന്‍ ബേബിയും (ഒന്ന്) അക്ഷയ് ചന്ദ്രനും (10) വേഗം മടങ്ങിയെങ്കിലും ജലജ് സക്സേനയെ സാക്ഷിയാക്കി രാഹുല്‍ ടീമിനെ വിജയത്തിലെത്തിച്ചു. ഛത്തീസ്ഗഢിനായി സുമിത് റൂയികര്‍ രണ്ട് വിക്കറ്റും അജയ് മണ്ഡല്‍ ഒരു വിക്കറ്റും നേടി. രണ്ട് ഇന്നിങ്‌സിലുമായി 11 വിക്കറ്റെടുത്ത ജലജ് സക്‌സേനയാണ് കേരളത്തിന്റെ വിജയത്തില്‍ നിര്‍ണായകമായത്. വ്യാഴാഴ്ച ഇന്നിങ്സ് വിജയം സ്വപ്നം കണ്ട് മൂന്നാം ദിനം തുമ്പയിൽ ഇറങ്ങിയ ക്യാപ്റ്റൻ സഞ്ജു സാംസണിനും കൂട്ടർക്കും മുന്നിൽ ഛത്തിസ്ഗഢ് ക്യാപ്റ്റൻ ഹർപ്രീത് സിങ് ഭാട്യയുടെ സെഞ്ച്വറിയാണ് (228 പന്തിൽ 152) മത്സരം ആവേശകരമാക്കിയത്. രണ്ടു വിക്കറ്റ് നഷ്ടത്തിൽ 10 റൺസെന്ന നിലയിൽ കളിയാരംഭിച്ച ഛത്തിസ്ഗഢിന് സ്കോർ 55 എത്തിയപ്പോഴേക്കും അമൻദീപ് കാരെ (85 പന്തിൽ 30) നഷ്ടമായി.

നിശ്ചിത ഇടവേളകളിൽ ഒരുവശത്ത് വിക്കറ്റുകൾ കൊഴിഞ്ഞപ്പോഴും ഹർപ്രീത് കേരള ബൗളേഴ്സിന് മുന്നിൽ ഉറച്ചുനിന്നു. ആദ്യ 55 പന്തിൽ ഒരു ബൗണ്ടറിപോലും നേടാനാകാതെ തട്ടിയും തടഞ്ഞും നിന്ന ഹർപ്രീത് താളം കണ്ടെത്തിയതോടെ കേരള ബൗളർമാരെ തലങ്ങും വിലങ്ങും പായിക്കുകയായിരുന്നു. 12 ബൗണ്ടറിയും മൂന്ന് കൂറ്റൻ സിക്സുകളും ക്യാപ്റ്റന്‍റെ ബാറ്റിൽനിന്ന് പിറന്നു.

ഒരുഘട്ടത്തിൽ 300 കടക്കുമെന്ന് തോന്നിയെങ്കിലും കേരള ഓൾ റൗണ്ടർ ജലജ് സക്സേനയുടെ ബൗളിങ് മികവിൽ 287ന് എല്ലാവരും പുറത്താകുകയായിരുന്നു. ഒന്നാം ഇന്നിങ്സില്‍ 162 റണ്‍സിന്‍റെ ലീഡാണ് കേരളത്തിനുണ്ടായിരുന്നത്. ഛത്തിസ്ഗഢിന്‍റെ 149നെതിരെ കേരളം 311ന് പുറത്താകുകയായിരുന്നു.

Tags:    
News Summary - Ranji Trophy: Kerala crushed Chhattisgarh by seven wickets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.