ജഗജില്ലിയായി ജയ്സ്വാൾ; മുംബൈയെ ഒൻപത് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ്

ജയ്പൂർ: രസംകൊല്ലിയായി ഇടക്കെത്തിയ മഴക്കും രാജസ്ഥാൻ റോയൽസിന്റെ വിജയദാഹം ശമിപ്പിക്കാനായില്ല. വെടിക്കെട്ട് സെഞ്ച്വറിയുമായി യശസ്വി ജയ്സ്വാൾ മുന്നിൽ നിന്ന് നയിച്ചപ്പോൾ രാജസ്ഥാൻ റോയൽസിന് അനായാസ ജയം. മുംബൈ ഇന്ത്യൻസ് മുന്നോട്ടുവെച്ച 180 റൺസ് വിജയലക്ഷ്യം 18.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ മറിടകടന്നു.

60 പന്തുകൾ നേരിട്ട യശസ്വി ജയ്സ്വാൾ ഏഴു സിക്സും ഒൻപത് ഫോറുമുൾപ്പെടെ പുറത്താകാതെ 104 റൺസെടുത്തു. 35 റൺസെടുത്ത ഓപണർ ജോസ് ബട്ട്ലറും പുറത്താകാതെ 38 റൺസെടുത്ത നായകൻ സഞ്ജുസാസണും മികച്ച പിന്തുണയേകി. നാല് ഓവറിൽ 18 റൺസ് മാത്രം വിട്ടുകൊടുത്ത് അഞ്ചുവിക്കറ്റ്  നേടിയ രാജസ്ഥാൻ പേസർ സന്ദീപ് ശർമയാണ് പ്ലെയർ ഓഫ് ദ മാച്ച്. 

രാജസ്ഥാൻ ആറ് ഓവറിൽ വിക്കറ്റ് നഷ്ടമാവാതെ 61 റൺസ് എന്ന നിലയിൽ നിൽക്കുമ്പോഴാണ് മഴയെത്തിയത്. അരമണിക്കൂറിലധികം സമയം കഴിഞ്ഞ് പുരനരാരംഭിച്ച മത്സരത്തിൽ 14 റൺസെടുക്കുന്നതിനിടെ ഓപണർ ജോസ് ബട്ട്ലറിനെ നഷ്ടമായി. പിയൂഷ് ചൗളയുടെ പന്തിൽ ക്ലീൻ ബൗൾഡാകുകായിരുന്നു. തുടർന്ന് ക്യാപ്റ്റൻ സഞ്ജു സാംസണെ കൂട്ടുനിർത്തി അതിവേഗം ലക്ഷ്യത്തിലേക്ക് നീങ്ങി. 109 റൺസ് കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് ഒരുക്കിയത്.  എട്ടുമത്സരങ്ങളിൽ നിന്ന് 14 പോയിന്റുമായി രാജസ്ഥാൻ ഒന്നാം സ്ഥാനത്ത് ജൈത്രയാത്ര തുടരുന്നു. 

റോയൽസിന്റെ തട്ടകത്തിൽ ടോസ് നേടിയ മുംബൈ ബാറ്റിങ് തെരഞ്ഞെടുത്തെങ്കിലും ഒരുഘട്ടത്തിൽ നൂറ് കടക്കുമോ എന്നാശങ്കിച്ചിടത്ത് നിന്ന് അഞ്ചാം വിക്കറ്റിൽ തിലക് വർമയും (65) നേഹൽ വധേരയും (49) നടത്തിയ ഗംഭീര ചെറുത്ത് നിൽപ്പ് മുംബൈ ഇന്ത്യൻസിനെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. അഞ്ച് വിക്കറ്റ് നേടിയ സന്ദീപ് ശർമയാണ് മുംബൈക്ക് കനത്ത പ്രഹരമേൽപ്പിച്ചത്.

20 റൺസെടുക്കുന്നതിനിടയിൽ മൂന്ന് വിക്കറ്റാണ് മുംബൈക്ക് നഷ്ടമായി. ട്രെൻഡ് ബോൾട്ടിന്റെ പന്തിൽ ആറു റൺസെടുത്ത രോഹിത് ശർമയാണ് ആദ്യം മടങ്ങിയത്. സന്ദീപ് ശർയുടെ അടുത്ത ഓവറിൽ റൺസൊന്നും എടുക്കാതെ ഇഷാൻ കിഷനും മടങ്ങി. രണ്ടു പേരും വിക്കറ്റ് കീപ്പർ സഞ്ജു സാംസണ് ക്യാച്ച് നൽകിയാണ് മടങ്ങിയത്.

10 റൺസെടുത്ത സൂര്യകുമാർ യാദവിനെ സന്ദീപ് ശർമ തന്റെ അടുത്ത ഓവറിൽ പവലിന്റെ കൈകളിലെത്തിച്ചു. നാലാം വിക്കറ്റിൽ തിലക് വർമയും മുഹമ്മദ് നബിയും ചേർന്ന് സ്കോർ 50 കടത്തി. 23 റൺസെടുത്ത നബിയെ യുശ്വേന്ദ്ര ചഹൽ പുറത്താക്കി. തുടർന്നെത്തിയ നേഹൽ വധേരയെ കൂട്ടുപിടിച്ച് തിലക് വർമ സ്കോറിന് വേഗം കൂട്ടി.

വെടിക്കെട്ട് മൂഡിലായിരുന്ന ഇരുവരെ ചേർന്ന് 16 ഓവറിൽ ടീമിനെ 150 ൽ എത്തിച്ചു. അർധ സെഞ്ച്വറിക്ക് ഒരു റൺസകലെ ബോൾട്ടിന്റെ പന്തിൽ വധേര മടങ്ങി. 24 പന്തിൽ നാല് സിക്സും മൂന്ന് ഫോറുമുൾപ്പെടെയാണ് വധേര 49 റൺസെടുത്തത്. 10 റൺസെടുത്ത നായകൻ ഹാർദിക് പാണ്ഡ്യയെ അവേശ് ഖാൻ എൽബിയിൽ കുരുക്കി.

സന്ദീപ് ശർമയുടെ അവസാന ഓവറിൽ കൂറ്റനടിക്ക് ശ്രമിക്കവെ തിലക് വർമയും വീണു. 45 പന്തിൽ മൂന്ന് സിക്സും അഞ്ച് ഫോറുമുൾപ്പെടെ 65 റൺസെടുത്ത തിലക് വർമ സന്ദീപ് ശർമയുടെ പന്തിൽ പവലിന് ക്യാച്ച് നൽകി മടങ്ങി. തൊട്ടടുത്ത പന്തിൽ കോട്സിയും അഞ്ചാമത്തെ പന്തിൽ ടിം ഡേവിഡും(1) മടങ്ങി. അഞ്ച് വിക്കറ്റ് നേടിയ സന്ദീപ് ശർമ അവസാനത്തെ ഓവറിൽ മാത്രം മൂന്ന് വിക്കറ്റാണ് നേടിയത്. ട്രെൻഡ് ബോൾട്ട് രണ്ട് വിക്കറ്റെടുത്തു.

Tags:    
News Summary - Rajasthan Royals beat Mumbai by 9 wickets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-22 01:56 GMT