മെൽബൺ: ആസ്ട്രേലിയയിൽ ട്വന്റി20 ലോകകപ്പ് കാണാനെത്തുന്നവർക്കും ലോകമെമ്പാടും ടെലിവിഷനു മുന്നിൽ കളി കാണാനായി കുത്തിയിരിക്കുന്നവർക്കുമൊക്കെ ഇപ്പോ ഒരു പ്രാർഥനയേ ഉള്ളൂ, 'റെയിൻ റെയിൻ ഗോ എവേ...' കാരണം ലോകകപ്പിന്റെ തന്നെ രസംകൊല്ലിയായി മഴക്കളി തുടരുകയാണ്. രണ്ടു കളികളും മഴയിൽ ഒലിച്ചുപോയതോടെ വെള്ളിയാഴ്ച ലോകകപ്പിൽ ഒരു പന്തുപോലും എറിയാനായില്ല.
ഗ്രൂപ് ഒന്നിലെ അഫ്ഗാനിസ്താൻ-അയർലൻഡ്, ആസ്ട്രേലിയ-ഇംഗ്ലണ്ട് മത്സരങ്ങളാണ് മഴയിൽ മുങ്ങിയത്. രണ്ടും നടക്കേണ്ടിയിരുന്നത് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലായിരുന്നു. ലോകകപ്പിൽ ഉപേക്ഷിക്കപ്പെടുന്ന ആദ്യ മത്സരങ്ങളല്ല ഇവ.
ഗ്രൂപ് ഒന്നിലെ ടീമുകളാണ് കൂടുതലും മഴക്കളിക്ക് ഇരകളായത്. അഫ്ഗാനിസ്താനാണ് മഴ വൻ തിരിച്ചടിയായത്. ആദ്യ കളി തോറ്റ അഫ്ഗാന്റെ പിന്നീടുള്ള രണ്ടു മത്സരങ്ങളും മഴ കൊണ്ടുപോയി. അതിൽനിന്നുള്ള രണ്ടു പോയന്റ് മാത്രമാണ് അവരുടെ സമ്പാദ്യം. ഗ്രൂപ്പിൽ ശ്രീലങ്ക മാത്രമാണ് ഇതുവരെ മഴയിൽപെടാത്ത ടീം. ആസ്ട്രേലിയ, ന്യൂസിലൻഡ്, ഇംഗ്ലണ്ട്, അയർലൻഡ് എന്നിവക്കെല്ലാം ഓരോ മത്സരം മഴമൂലം നഷ്ടമായി. ഗ്രൂപ് രണ്ടിൽ ഇതുവരെ മഴ കാര്യമായി കളിച്ചിട്ടില്ല. പൂർത്തിയാക്കാനാതെ ഉപേക്ഷിക്കേണ്ടിവന്ന ദക്ഷിണാഫ്രിക്ക-സിംബാബ്വെ കളിയാണ് മഴയിൽ മുങ്ങിയ ഏക മത്സരം. വരുംദിവസങ്ങളിലും മഴ പ്രതീക്ഷിക്കുന്നതിനാൽ ലോകകപ്പിൽ ഇനിയും മഴക്കളി തുടരുമെന്നാണ് പ്രവചനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.