ബംഗളൂരു: ഇടവേളക്കുശേഷം വീണ്ടും ക്രിക്കറ്റ് കളിക്കാനിറങ്ങി ഇന്ത്യൻ ഇതിഹാസം രാഹുൽ ദ്രാവിഡ്, അതും ഇളയ മകൻ അൻവയ് ദ്രാവിഡിനൊപ്പം. കർണാടക ക്രിക്കറ്റ് അസോസിയേഷന്‍റെ ശ്രീ നാസൂർ മൊമോറിയൽ ഷീൽഡ് മൂന്നാം ഡിവിഷനിൽ വിജയ ക്രിക്കറ്റ് ക്ലബിനുവേണ്ടിയാണ് പിതാവും മകനും ഒരേ ടീമിനുവേണ്ടി കളിക്കാനിറങ്ങിയത്.
അൻവയ് 60 പന്തിൽ 58 റൺസുമായി തകർത്താടിയപ്പോൾ, 52കാരനായ ദ്രാവിഡ് നിരാശപ്പെടുത്തി. ആറാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങി എട്ടു പന്തിൽ ഒരു ഫോറടക്കം 10 റൺസെടുത്ത് പുറത്തായി. യങ് ലയൺസ് ക്ലബിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിജയ ക്രിക്കറ്റ് ക്ലബ് 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 345 റൺസെടുത്തു. പിതാവും മകനും ക്രീസിൽ ഒന്നിച്ചെങ്കിലും കൂട്ടുകെട്ട് അധികം നീണ്ടുനിന്നില്ല. സ്വപ്നിൽ യെലാവയുടെ വെടിക്കെട്ട് സെഞ്ച്വറിയാണ് ടീമിനെ മികച്ച സ്കോറിലെത്തിച്ചത്. 50 പന്തിൽ നാലു സിക്സും 12 ഫോറുമടക്കം 107 റൺസാണ് സ്വപ്നിൽ അടിച്ചെടുത്തത്.
മറുപടി ബാറ്റിങ്ങിൽ യങ് ലയൺസ് ക്ലബ് 49.4 ഓവറിൽ 321 റൺസിന് ഓൾ ഔട്ടായി. വിജയ ക്രിക്കറ്റ് ക്ലബിന് 24 റൺസ് ജയം. അൻവയ് വിക്കറ്റ് കീപ്പർ ബാറ്ററാണ്. 2023-24 വിജയ് മർച്ചന്‍റ് ട്രോഫിയിൽ കർണാടകയുടെ ടോപ് സ്കോററായിരുന്നു. അഞ്ചു മത്സരങ്ങളിൽനിന്ന് 357 റൺസാണ് താരം നേടിയത്. മൂത്ത സഹോദരൻ സമിത്തും ക്രിക്കറ്റിൽ സജീവമാണ്. കഴിഞ്ഞവർഷം ആസ്ട്രേലിയക്കെതിരായ അണ്ടർ 19 പരമ്പരക്കുള്ള ഇന്ത്യൻ സ്ക്വഡിൽ ഉണ്ടായിരുന്നെങ്കിലും മുട്ടിലെ പരിക്കു കാരണം പിന്നീട് പിന്മാറി. കഴിഞ്ഞ വർഷം നടന്ന കൂച്ച് ബിഹാർ ട്രോഫിയിൽ എട്ടു മത്സരങ്ങളിൽനിന്ന് സമിതി 362 റൺസും 16 വിക്കറ്റുകളും നേടിയിരുന്നു.
ഇന്ത്യക്ക് ട്വന്‍റി20 ലോകകപ്പ് കിരീടം നേടികൊടുത്തതിനു പിന്നാലെ ഇന്ത്യൻ പരിശീലക സ്ഥാനത്തുനിന്ന് ഒഴിഞ്ഞ ദ്രാവിഡ് നിലവിൽ ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിന്‍റെ പരിശീലകനാണ്. 2013ലാണ് ദ്രാവിഡ് ക്രിക്കറ്റിൽനിന്ന് വിരമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.