റാഷിദ് ഖാനും റഹ്മാനുള്ള ഗുർബാസും

‘ന്നാലും ച​ങ്കേ...’; ഐ.പി.എൽ കരിയറിലെ നൂറാം മത്സരത്തിൽ റാഷിദ് ഖാനെ തീ തീറ്റിച്ച് നാട്ടുകാരൻ

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മിന്നും ജയത്തോടെ ഐ.പി.എൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഗുജറാത്ത് ടൈറ്റാൻസ്. എന്നാൽ, ടീമിന്റെ ബൗളിങ് കുന്തമുനയും ടി20 ബൗളിങ് റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരനുമായ റാഷിദ് ഖാന് ഇന്നത്തെ വിജയം അത്ര സന്തോഷമൊന്നും നൽകിയിട്ടില്ല. കാരണം സ്വന്തം നാട്ടുകാരൻ തന്നെ.

ഐ.പി.എൽ കരിയറിലെ നൂറാം മത്സരമാണ് റാഷിദ് ഇന്ന് കളിച്ചത്. എന്നാൽ ആ മത്സരം തന്നെ തന്റെ ഏറ്റവും മോശം പ്രകടനങ്ങളിലൊന്നാക്കി താരം മാറ്റി. നാല് ഓവറില്‍ 54 റണ്‍സ് വിട്ടുകൊടുത്ത റാഷിദിന് ഇന്ന് ഒരു വിക്കറ്റ് പോലും നേടാനായില്ല. നാല് സിക്സറുകളും മൂന്ന് ഫോറുകളുമാണ് റാഷിദിന്റെ ഓവറുകളിൽ പിറന്നത്. 2018-ൽ പഞ്ചാബിനെതിരെ വഴങ്ങിയ 55 റൺസാണ് താരത്തിന്റെ ഏറ്റവും മോശം സ്‍പെല്ല്.

മത്സരത്തിൽ ഗുജറാത്തിനെ വെള്ളം കുടിപ്പിച്ച കൊൽക്കത്തയുടെ റഹ്മാനുള്ള ഗുർബാസ് (39 പന്തില്‍ 81 റണ്‍സ്) അഫ്ഗാനിസ്ഥാൻ ടീമിൽ റാഷിദിന്റെ സഹതാരമാണ്. ഗുർബാസ് തന്നെയാണ് റാഷിദിനെ കൂടുതൽ തല്ലിപ്പറത്തിയത് എന്നത് ശ്രദ്ധേയം. സഹതാരത്തിന്റെ വീക്നെസ് മനസിലാക്കി ഗുർബാസ് അടിയോടടിയായിരുന്നു. തന്റെ മികച്ച ബോളുകളിൽ പോലും റാഷിദിന് അടി കൊണ്ടു. 11 പന്തുകളാണ് ഗുർബാസിന് നേരെ റാഷിദ് എറിഞ്ഞത്, അതിൽ 30 റൺസ് പിറക്കുകയും ചെയ്തു. ആന്ദ്രെ റസലും (19 പന്തുകളിൽ 34) റാഷിദിനെ പ്രഹരിച്ചു.

അതേസമയം, ഗുജറാത്തിന് വേണ്ടി മുഹമ്മദ് ഷമിയും നൂർ അഹ്മദും ജോഷ് ലിറ്റിലും മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ചു. ഷമി നാല് ഓവറില്‍ 33 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി. നൂർ 21 റൺസും ലിറ്റിൽ 25 റൺസും മാത്രം വഴങ്ങിയാണ് രണ്ട് പേരെ പുറത്താക്കിയത്. 

Tags:    
News Summary - Rahmanullah Gurbaz Spoils Rashid Khan's 100th IPL Match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.