രഹാനെയുടെ ക്രഡിറ്റടിച്ചുമാറ്റിയത് ശാസ്ത്രി..!
ന്യൂഡൽഹി: 2020-21ലെ ആസ്ട്രേലിയൻ പരമ്പരയിൽ ആദ്യ ടെസ്റ്റ് ദയനീയമായി തോറ്റ ശേഷമായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ഭാര്യ പ്രസവിച്ചതിനാൽ അവധിയെടുത്ത് നാട്ടിലേക്ക് മടങ്ങിയത്. പകരം ടീമിനെ നയിച്ച വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെയുടെ നായകത്വത്തിലായിരുന്നു ആസ്ട്രേലിയൻ മണ്ണിൽ ചരിത്രം കുറിച്ച് പരമ്പര ഇന്ത്യ 2-1ന് വിജയിച്ചത്. പക്ഷേ, ആ വിജയത്തിന്റെ ക്രഡിറ്റ് 'മറ്റൊരാൾ' അടിച്ചുമാറ്റിയെന്ന വെളിപ്പെടുത്തലുമായാണ് ഇപ്പോൾ രഹാനെ രംഗത്തുവന്നിരിക്കുന്നത്.
ഇന്ത്യൻ ടീമിന്റെ പരിശീലകനായിരുന്ന രവിശാസ്ത്രിയെയാണ് രഹാനെ ലക്ഷ്യം വെച്ചിരിക്കുന്നത്. യൂട്യൂബ് ഷോയിലാണ് രഹാനെ ശാസ്ത്രിയെ ഉന്നമിട്ടത്. 'ആസ്ട്രേലിയയിൽ ഞാൻ ചെയ്തതെന്താണ് എന്ന് എനിക്ക് നന്നായറിയാം. അത് മറ്റാരെയും ബോധ്യപ്പെടുത്തി ക്രെഡിറ്റ് പിടിച്ചുവാങ്ങുന്നത് എന്റെ രീതിയല്ല. എനിക്കതറിയില്ല. എന്നാൽ, ഫീൽഡിലും ഡ്രസ്സിങ് റൂമിലും ഞാൻ എടുത്ത തീരുമാനങ്ങളുടെ ക്രെഡിറ്റ് മറ്റൊരാൾ അടിച്ചുമാറ്റുകയായിരുന്നു...' രഹാനെ പറഞ്ഞു.
വിരാട് കോഹ്ലിയുടെ നായകത്വത്തിൽ അഡ് ലെയ്ഡിൽ ആദ്യ ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ 53 റൺസിന്റെ ലീഡ് നേടിയിട്ടും രണ്ടാം ഇന്നിങ്സിൽ വെറും 36 റൺസിന് തകർന്നടിഞ്ഞ ഇന്ത്യ എട്ടു വിക്കറ്റിനാണ് തോറ്റമ്പിയത്. പക്ഷേ, കോഹ്ലിക്കു പകരം നായകനായ അജിൻക്യ രഹാനെയുടെ നായക മികവിലാണ് മെൽബൺ, ബ്രിസ്ബെയ്ൻ ടെസ്റ്റുകളിൽ ഇന്ത്യ ജയിച്ചതും പരമ്പര 2-1ന് സ്വന്തമാക്കിയതും. സിഡ്നി ടെസ്റ്റ് സമനിലയിലുമായി.
'പരമ്പര വിജയത്തിനു ശേഷം അത് തന്റെ തീരുമാനമായിരുന്നു, താൻ പറഞ്ഞിട്ടാണ് അങ്ങനെയൊക്കെ ചെയ്തത് എന്നെല്ലാം അവകാശവാദമുന്നയിച്ച് ചിലർ ക്രഡിറ്റ് കൈയടക്കിയെങ്കിലും ഞാൻ തിരുത്താൻ പോയില്ല...' ഷോയിൽ രഹാനെ ശാസ്ത്രിയെ ലക്ഷ്യമാക്കി ആഞ്ഞടിച്ചു.
ആസ്ട്രേലിയൻ പരമ്പരക്കു ശേഷം ഫോമും വൈസ് ക്യാപ്റ്റൻ പദവിയും നഷ്ടമായ രഹാനെ പൃഥ്വി ഷായുടെ കീഴിൽ രഞ്ജി ട്രോഫി കളിക്കാനുള്ള തയാറെടുപ്പിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.