ആർ. അശ്വിൻ

ഐ.പി.എല്ലിൽനിന്ന് വിരമിച്ച് ആർ. അശ്വിൻ; ഇനി സി.എസ്.കെക്കൊപ്പമില്ല, മറ്റു ലീഗുകളിൽ കാണാമെന്ന് താരം

ചെന്നൈ: ഓഫ് സ്പിന്നർ ആർ. അശ്വിൻ ഇന്ത്യൻ പ്രീമിയർ ലീഗിൽനിന്ന് വിരമിച്ചു. നിലവിലെ ടീമായ ചെന്നൈ സൂപ്പർ കിങ്സ് വിടുകയാണെന്ന് അറിയിച്ച താരം, ലോകത്തെ മറ്റ് ക്രിക്കറ്റ് ലീഗുകളിൽ കളിക്കുമെന്ന് വ്യക്തമാക്കി. ബി.സി.സി.ഐക്കും ഐ.പി.എല്ലിനും നന്ദി അറിയിച്ച് എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് അശ്വിൻ ബുധനാഴ്ച വിരമിക്കൽ തീരുമാനമറിയിച്ചത്. കഴിഞ്ഞ വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ച താരത്തെ 9.75 കോടിക്കാണ് ചെന്നൈ ഫ്രാഞ്ചൈസി ടീമിലെത്തിച്ചത്.

അടുത്ത സീസണിൽ ടീം മാറിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് അശ്വിൻ്റെ അപ്രതീക്ഷിത തീരുമാനം. ഐ.പി.എല്ലിൽനിന്ന് വിരമിച്ചെങ്കിലും മറ്റ് വിദേശ ഫ്രാഞ്ചൈസി ലീഗുകളിൽ കളിക്കാനുള്ള സാധ്യതകൾ പരിഗണിക്കുമെന്ന് താരം തന്‍റെ വിടവാങ്ങൽ കുറിപ്പിൽ സൂചന നൽകി. 

2009ൽ ചെന്നൈ സൂപ്പർ കിങ്സിനൊപ്പം ഐ.പി.എൽ കരിയർ ആരംഭിച്ച അശ്വിൻ, അതേ ടീമിനൊപ്പംതന്നെ അവസാന മത്സരവും കളിച്ചാണ് പാഡഴിക്കുന്നത്. 15 വർഷം നീണ്ട ഐ.പി.എൽ കരിയറിൽ 221 മത്സരങ്ങളിൽനിന്ന് 187 വിക്കറ്റുകളും 833 റൺസും അശ്വിൻ സ്വന്തമാക്കിയിട്ടുണ്ട്.

ചെന്നൈയിൽനിന്ന് 2015ൽ പഞ്ചാബ് കിങ്സിന്‍റെ നായകനായി പോയ അശ്വിൻ, പിന്നീട് ഡൽഹി ക്യാപിറ്റൽസ് (2018), രാജസ്ഥാൻ റോയൽസ് (2021-2024) ടീമുകൾക്കായും കളിച്ചു. കഴിഞ്ഞ മെഗാ താരലേലത്തിലാണ് ചെന്നൈയിലേക്ക് മടങ്ങിയെത്തിയത്. കഴിഞ്ഞ സീസണിൽ ചെന്നൈയ്ക്കായി ഒമ്പത് മത്സരങ്ങളിൽനിന്ന് ഏഴ് വിക്കറ്റുകളാണ് നേടിയത്.

രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണെ ടീമിലെത്തിക്കാനുള്ള ചർച്ചകൾക്കിടെ അശ്വിനെ ട്രേഡ് ചെയ്യാൻ ചെന്നൈ തയാറാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെ, ടീമിലെ തൻ്റെ റോളിനെക്കുറിച്ച് വ്യക്തത വേണമെന്ന് അശ്വിൻ മാനേജ്‌മെന്‍റിനോട് ആവശ്യപ്പെട്ടതായും വാർത്തകൾ പുറത്തുവന്നിരുന്നു. ഈ സംഭവവികാസങ്ങൾക്കൊടുവിലാണ് താരത്തിന്‍റെ വിരമിക്കൽ പ്രഖ്യാപനം.

Tags:    
News Summary - R Ashwin retires from IPL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.