അതിനുശേഷം ആലൂ പൊറാട്ടയുണ്ടാക്കുന്നത് നിർത്തിയെന്ന് പ്രീതി സിന്‍റ! ചിരിയടക്കാനാകാതെ ഹർഭജൻ സിങ്...

പഞ്ചാബ് കിങ്സ് ടീമിലെ താരങ്ങൾക്ക് 120 ആലൂ പൊറാട്ടയുണ്ടാക്കി നൽകിയെന്ന് സഹ ഉടമയും നടിയുമായ പ്രീതി സിന്‍റ. 2009ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ഐ.പി.എൽ മത്സരത്തിനിടെയാണ് ഈ ‘സാഹസം’ ചെയ്തതെന്നും നടി വെളിപ്പെടുത്തി.

പ്രീതി സിന്റ തന്റെ ടീമിനായി ആലൂ പൊറാട്ട ഉണ്ടാക്കി നൽകിയെന്ന കഥ താൻ കേട്ടിരുന്നുവെന്നും അതിനുശേഷം പൊറാട്ട ഉണ്ടാക്കുന്നത് നിർത്തിയെന്നുമുള്ള സ്റ്റാർ സ്പോർട്സ് അവതാരകയുടെ ചോദ്യത്തോട് പ്രതികരിക്കുന്നതിനിടെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. ഈസമയം അവരുടെ സമീപത്തുണ്ടായിരുന്ന മുൻ സ്പിന്നർ ഹർഭജൻ സിങ്ങിന് ചിരിയടക്കാനായില്ല.

‘ഈ ആണ്‍കുട്ടികള്‍ എന്തുമാത്രം ഭക്ഷണം കഴിക്കുമെന്ന് അന്നാണ് എനിക്ക് ബോധ്യമായത്! ദക്ഷിണാഫ്രിക്കയില്‍ ആയിരുന്ന സമയത്ത് ഹോട്ടലിൽ നല്ല പൊറാട്ട ലഭിച്ചിരുന്നില്ല. ആലു പൊറാട്ട ഉണ്ടാക്കുന്നത് എങ്ങനെയെന്ന് ഞാൻ പഠിപ്പിച്ചുതരാമെന്ന് റസ്റ്റാറന്‍റുകാരോട് പറഞ്ഞു. ഇതുകേട്ട താരങ്ങളും ആലൂ പൊറാട്ടയുണ്ടാക്കി തരാമോ എന്ന് ചോദിച്ചു. അടുത്ത മത്സരത്തിൽ ജയിച്ചാൽ ഉണ്ടാക്കി തരാമെന്ന് വാഗ്ദാനം നൽകി. അവർ മത്സരം വിജയിച്ചു. പിന്നെ ടീമിന് വേണ്ടി 120 ആലൂ പൊറാട്ടയുണ്ടാക്കി. അതിനുശേഷം ഞാൻ പൊറാട്ട ഉണ്ടാക്കുന്നത് നിർത്തി’ -പ്രീതി സിന്‍റ ചെറു പുഞ്ചിരിയോടെ പറഞ്ഞു.

ഇതു കേട്ടതും, ഇർഫാൻ പത്താൻ മാത്രം 20 പൊറാട്ട കഴിക്കുമെന്നായിരുന്നു ഹർഭജന്‍റെ പ്രതികരണം. കഴിഞ്ഞദിവസം നടന്ന ഐ.പി.എല്‍ മത്സരത്തില്‍ ലഖ്നോ സൂപ്പര്‍ ജയന്‍റ്സിനോട് പഞ്ചാബ് കിങ്സ് പരാജയപ്പെട്ടിരുന്നു. എട്ട് മത്സരങ്ങളിൽനിന്ന് നാല് ജയവും നാലു തോൽവിയുമായി ആറാം സ്ഥാനത്താണ് പഞ്ചാബ് കിങ്സ് ഉള്ളത്.

Tags:    
News Summary - Preity Zinta Reveals She Once Made 120 Aloo Paranthas For Punjab Kings Players

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.