‘18 കൊല്ലമായി ഇവരും കാത്തിരിക്കുന്നു’; കണ്ണീരിൽ മുങ്ങി പ്രീതി, പിന്തുണച്ചും പ്രകീർത്തിച്ചും ആരാധകർ

18 വർഷം നീണ്ട കാത്തിരിപ്പിനുശേഷം ബംഗളൂരു റോയൽ ചാലഞ്ചേഴ്സ് ഐ.പി.എൽ കിരീടത്തിൽ മുത്തമിട്ടിരിക്കുന്നു. ​ലോകം ജയിച്ചിട്ടും തന്റെ ഷോക്കേസിൽനിന്ന് അകന്നുനിന്നിരുന്ന ഐ.പി.എൽ കിരീടത്തിന്റെ പകിട്ടിനെ കരിയറിന്റെ സാന്ധ്യവേളയിൽ വിരാട് കോഹ്‍ലിയെന്ന അതികായൻ ഒപ്പംചേർത്തു. ക്രിക്കറ്റ് ആരാധകർ മുഴുവൻ റോയൽ ചാ​ലഞ്ചേഴ്സിന്റെ ആവേശജയത്തെ പ്രകീർത്തിക്കുമ്പോൾ മറുവശത്ത് ഫൈനലിൽ പൊരുതിത്തോറ്റ പഞ്ചാബ് കിങ്സിന്റെ സഹ ഉടമകളിലൊരാളുടെ നിരാശയും സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ്.

ബോളിവുഡിന്റെ സൂപ്പർ നായിക പ്രീതി സിന്റയാണ് പഞ്ചാബിന്റെ ആറുറൺസ് തോൽവിയിൽ തകർന്നുപോയത്. ഫൈനൽ മത്സരം അവസാനിച്ചശേഷം ദുഃഖം തളംകെട്ടിയ മുഖവുമായി പ്രീതി സ്റ്റേഡിയത്തിൽ നടക്കുന്നതിന്റെ ഒരുപാട് വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഐ.പി.എല്ലിന്റെ തുടക്കംമുതൽ പഞ്ചാബ് കിങ്സിന്റെ ഊർജമായി ടീമിനൊപ്പം പ്രീതിയുണ്ട്. മത്സരം ജയിക്കുമ്പോഴും തോൽക്കുമ്പോഴും അവരെ ആശ്ലേഷിച്ചും ആശ്വസിപ്പിച്ചും പ്രീതി എല്ലാംകൊണ്ടും അവരിലൊരാളായി മാറുന്നു. ഇന്നലെ ഫൈനൽ കഴിഞ്ഞശേഷവും അതിന് മാറ്റമുണ്ടായില്ല. കടുത്ത നിരാശയിൽ കണ്ണുനിറഞ്ഞിരിക്കുമ്പോഴും ക്യാപ്റ്റൻ ശ്രേയസ് അയ്യരെയും ടീമംഗങ്ങളെയും ആശ്വസിപ്പിക്കുന്ന ദൃശ്യം ക്രിക്കറ്റ് പ്രേമികളുടെ മനം കവരുന്നതായിരുന്നു.

പ്രീതിയെ പിന്തുണച്ചും പ്രകീർത്തിച്ചും ആരാധകർ സമൂഹ മാധ്യമങ്ങളിൽ നിരവധി കുറിപ്പുകൾ പോസ്റ്റ് ചെയ്യുന്നുണ്ട്. ‘പ്രതീക്ഷിച്ചപോലെ, പ്രീതിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അവർ വീണ്ടും വല്ലാത തകർന്നുപോയി. ഇതിന് സമാനമായ ദൃശ്യങ്ങൾ 2014ലും ഞാൻ കണ്ടിരുന്നു’ - എന്ന് ഒരാൾ കുറിച്ചു.

‘2025 ഐ.പി.എൽ ഫൈനൽ വിജയം പ്രീതി സിന്റ അർഹിച്ചിരുന്നു’ എന്ന് ഒരു ആരാധകൻ ചൂണ്ടിക്കാട്ടുമ്പോൾ ‘ഞാൻ ഐ.പി.എൽ മത്സരങ്ങളൊന്നും കാണുന്ന ആളല്ല. എന്നാലും പഞ്ചാബ് കിങ്സ് ജയിക്കാൻ ആഗ്രഹിക്കുന്നു. ​പ്രീതിയുടെ ആ പുഞ്ചിരി കാണാൻ വേണ്ടി മാത്രം!’ എന്ന് ഒരാളുടെ പോസ്റ്റ്. ‘18 കൊല്ലമായി അവരും ഈ കിരീടത്തിനായി കാത്തിരിക്കുന്നു’ എന്നായിരുന്നു ​​പ്രീതിയുടെ സങ്കടം നിറഞ്ഞ മുഖഭാവങ്ങൾക്കൊപ്പം ഒരു ക്രിക്കറ്റ് ആരാധകൻ ‘എക്സി’ൽ പങ്കുവെച്ചത്.  

Tags:    
News Summary - Preity Zinta Heartbroken After PBKS Lost IPL Final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.