‘ആരെങ്കിലും പ്രകോപിപ്പിച്ചാൽ മാത്രമേ അവൻ പ്രതികരിക്കു’; കോഹ്ലിയുമായുള്ള തർക്കത്തിൽ നവീനുൽ ഹഖിനെ പിന്തുണച്ച് പാക് ഇതിഹാസ താരം

ഐ.പി.എൽ മത്സരത്തിനിടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരം വിരാട് കോഹ്‍ലിയുമായുള്ള വാക്കുതർക്കത്തിൽ ലഖ്നോ സൂപ്പർ ജയന്‍റ്സ് താരം നവീനുൽ ഹഖിനെ പിന്തുണച്ച് മുൻ പാക് ഇതിഹാസ താരം ഷാഹിദ് അഫ്രീദി.

ലഖ്നോ ബാറ്റിങ്ങിനിടെ 17ാം ഓവറിലാണ് കോഹ്ലിലിയും നവീനുൽ ഹഖും തമ്മിലുള്ള പ്രശ്നങ്ങള്‍ തുടങ്ങുന്നത്. പിന്നാലെ മത്സരശേഷം പരസ്പരം കൈകൊടുക്കുമ്പോഴും കോഹ്ലിയും ഹഖും തർക്കിച്ചു. ഇതിനിടെ വിഷയത്തിൽ ടീം മെന്ററായ ഗൗതം ഗംഭീറും ഇടപെട്ടു. തുടർന്ന് കോഹ്ലിയും ഗംഭീറും തമ്മിലായി വാക്കുതർക്കം. ഒടുവിൽ കെ.എല്‍. രാഹുൽ ഉൾപ്പെടെയുള്ള താരങ്ങൾ ഇടപെട്ടാണ് ഇവരെ നിയന്ത്രിച്ചത്. മത്സരത്തിൽ ലഖ്നോ സൂപ്പർ ജയന്റ്സിനെ 18 റൺസിന് ബാംഗ്ലൂർ തോൽപിച്ചിരുന്നു.

യാതൊരു പ്രകോപനവുമില്ലാതെ നവീൻ അങ്ങനെ പെരുമാറില്ലെന്നും അവൻ ഒരു കാരണവുമില്ലാതെ വഴക്കിടാത്ത ആളാണെന്നും അഫ്രീദി പറഞ്ഞു. അത്രയും ആക്രമണകാരിയായ യുവ ഫാസ്റ്റ് ബൗളറെ താൻ ഇതുവരെ കണ്ടിട്ടില്ലെന്നും താരം കൂട്ടിച്ചേർത്തു. ‘ആരെങ്കിലും പ്രകോപിപ്പിച്ചാൽ മാത്രമേ നവീൻ പ്രതികരിക്കൂ. അവൻ പലപ്പോഴും പന്തെറിയുന്നത് ഞാൻ കണ്ടിട്ടുണ്ട്, പക്ഷേ അവൻ ആരോടും വഴക്കിടാൻ ശ്രമിച്ചിട്ടില്ല. ഇത്രയും ആക്രമണകാരിയായി അവനെ കണ്ടിട്ടുണ്ടോ എന്ന് എനിക്ക് ഓർക്കാനാകുന്നില്ല. എല്ലാ ടീമുകളിലും ആക്രമണോത്സുകതയുള്ള താരങ്ങളുണ്ട്, ഞങ്ങൾക്കും, അത് സാധാരണമാണ്. ഫാസ്റ്റ് ബൗളർമാർ ജന്മനാ അങ്ങനെയാണ്. ഇത്തരം കാര്യങ്ങൾ പതിവാണ്’ -അഫ്രീദി പറഞ്ഞു.

‘യുവ കളിക്കാരോടുള്ള എന്റെ ഉപദേശം ലളിതമാണ്, കളിയിൽ മാത്രം ശ്രദ്ധിക്കുക, അധിക്ഷേപകരമായ സംസാരത്തിൽ ഒരിക്കലും ഏർപ്പെടരുത്. അഫ്ഗാനിസ്ഥാൻ ടീമിൽ എനിക്ക് സുഹൃത്തുക്കളുണ്ട്, ഞങ്ങൾ വളരെ സൗഹാർദപരമായ ബന്ധത്തിലാണ്. ടീമംഗങ്ങളോടും എതിരാളികളോടുമുള്ള ബഹുമാനമാണ് കളിയുടെ അടിസ്ഥാന സ്പിരിറ്റ്’ -താരം ട്വിറ്ററിൽ കുറിച്ചു.

Tags:    
News Summary - Pakistan Great Throws Weight Behind LSG Star After Spat With Virat Kohli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.