ദുബൈ: ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിന്‍റെ സൂപ്പർ ഫോറിൽ ഇന്ത്യയുമായി കൊമ്പുകോർക്കാനിരിക്കെ ശനിയാഴ്ചത്തെ വാർത്തസമ്മേളനം റദ്ദാക്കി പാകിസ്താൻ ടീം. ഞായറാഴ്ച രാത്രി എട്ടിന് ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ലോക ക്രിക്കറ്റിലെ ചിരവൈരികൾ ടൂർണമെന്‍റിൽ വീണ്ടും നേർക്കുനേർ വരുന്നത്.
ഗ്രൂപ്പ് റൗണ്ടിൽ ഇന്ത്യക്കെതിരായ മത്സരത്തിലെ ഹസ്തദാന വിവാദത്തിനു പിന്നാലെ മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ മാറ്റണമെന്ന പാക് ക്രിക്കറ്റ് ബോർഡിന്‍റെ (പി.സി.ബി) ആവശ്യം ഐ.സി.സി തള്ളിയതോടെ ടൂർണമെന്‍റ് ബഹിഷ്കരിക്കുമെന്ന് പാകിസ്താൻ ഭീഷണി മുഴക്കിയിരുന്നു. യു.എ.ഇക്കെതിരായ മത്സരത്തിന് മുന്നോടിയായി നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. സമയമായിട്ടും താരങ്ങൾ ഹോട്ടലിൽ തന്നെ തുടർന്നതോടെ പാക്-യു.എ.ഇ മത്സരവും അനിശ്ചിതത്വത്തിലായി. ഒടുവിൽ ഐ.സി.സി നടത്തിയ അനുനയ ശ്രമങ്ങളെ തുടർന്നാണ് പാകിസ്താൻ കളിക്കാൻ തയാറായത്.
സൂപ്പർ ഫോറിലെ ഇന്ത്യ-പാക് മത്സരവും നിയന്ത്രിക്കുന്നത് ഐ.സി.സിയുടെ എലീറ്റ് പാനലിലുള്ള പൈക്രോഫ്റ്റ് തന്നെയാകുമെന്നാണ് പുറത്തുവരുന്ന വിവരം. തങ്ങൾ പൈക്രോഫ്റ്റിനെ മാറ്റിനിർത്തണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും ഐ.സി.സി സ്വീകരിക്കുന്ന നിലപാടിൽ പി.സി.ബിക്ക് കടുത്ത അമർഷമുണ്ട്. ഇതിൽ പ്രതിഷേധിച്ചാണ് വാർത്തസമ്മേളനം റദ്ദാക്കിയതെന്നാണ് പുറത്തുവരുന്ന വിവരം. ഹസ്തദാന വിവാദവും പൈക്രോഫ്റ്റിന്‍റെ നിയമനവുമായി ബന്ധപ്പെട്ടുമുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾ ഒഴിവാക്കാനാണ് പാക് ടീം വാർത്തസമ്മേളനം റദ്ദാക്കിയതെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു. ഞായറാഴ്ചത്തെ മത്സരത്തിനുള്ള മാച്ച് ഒഫിഷ്യലുകളെ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. മുൻ വെസ്റ്റിൻഡീസ് നായകൻ റിച്ചീ റിച്ചാർഡ്സണാണ് ടൂർണമെന്‍റിലെ മാച്ച് റഫറി.
ടൂർണമെന്‍റിൽനിന്ന് സിംബാബ്വെക്കാരനായ പൈക്രോഫ്റ്റിനെ മാറ്റണമെന്ന ആവശ്യം ഐ.സി.സി തള്ളിയതിനു പിന്നാലെ തങ്ങളുടെ മത്സരത്തിൽനിന്നെങ്കിലും അദ്ദേഹത്തെ മാറ്റിനിർത്തണമെന്ന് പി.സി.ബി ആവശ്യപ്പെട്ടിരുന്നു. അതും ഐ.സി.സി അംഗീകരിച്ചിരുന്നില്ല. മത്സരത്തിന് മുമ്പ് പൈക്രോഫ്റ്റ് പാകിസ്താൻ ടീമിനോട് മാപ്പ് പറഞ്ഞെന്ന തരത്തിലും വാർത്തകൾ പുറത്തുവന്നിരുന്നു. പാകിസ്താൻ ക്യാപ്റ്റൻ സൽമാൻ അലി ആഘ, ടീം മാനേജർ നവേദ് അക്രം ചീമ, ഹെഡ് കോച്ച് മൈക്ക് ഹെസ്സൻ എന്നിവര്‍ പൈക്രോഫ്റ്റുമായി സംസാരിക്കുന്ന ശബ്ദമില്ലാത്ത വിഡിയോ പി.സി.ബി പങ്കുവെച്ചിരുന്നു. ഇതിൽ പി.സി.ബിക്കെതിരെ ഐ.സി.സി നടപടിയെടുത്തേക്കും.
അതേസമയം, ഇന്ത്യയുടെ സ്പിൻ ബൗളറും വെടിക്കെട്ട് ഹിറ്റുകളുമായി ബാറ്റിങ് ഓർഡറിലും തിളങ്ങുന്ന അക്സർ പട്ടേലിന് തലക്കേറ്റ പരിക്ക് കാരണം പാകിസ്താനെതിരായ മത്സരം നഷ്ടമാകുമെന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ച രാത്രിയിൽ അബുദബിയിൽ ഒമാനെതിരെ നടന്ന അവസാന ഗ്രൂപ്പ് മത്സരത്തിനിടെയായിരുന്നു അക്സറിന് പരിക്കേറത്. കളിയുടെ 15ാം ഓവറിൽ ഒമാൻ ബാറ്ററുടെ ഷോട്ട് കൈയിൽ ഒതുക്കാനുള്ള ശ്രമത്തിനിടെ ഗ്രൗണ്ടിൽ തലയടിച്ച് വീഴുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.