‘ലോകകപ്പ് ചരിത്രത്തിലാദ്യമായി പാകിസ്താൻ ഇന്ത്യയെ തോൽപ്പിക്കും’; പറയുന്നത് മുൻ ഇംഗ്ലീഷ് ബാറ്റർ

മൂന്നാം ലോകകപ്പ് കിരീട ലക്ഷ്യമിട്ട് സ്വന്തം മണ്ണിലിറങ്ങുകയാണ് രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം. മികച്ച ഫോമിലുള്ള ബാറ്റർമാരും ബൗളർമാരുമാണ് നീലപ്പടയുടെ പ്രതീക്ഷ. അതേസമയം, ലോകകപ്പിന് മുന്നോടിയായി ഇന്ത്യയുമായി ബന്ധപ്പെട്ട് ഒരു പ്രവചനവുമായി എത്തിയിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് ഓപണിങ് ബാറ്ററും മാധ്യമ പ്രവർത്തകനുമായ മൈക്കൽ ആൻഡ്രൂ ആതർട്ടൺ.

ലോകകപ്പ് ടൂർണമെന്റിന്റെ ചരിത്രത്തിലാദ്യമായി പാകിസ്താൻ ഇന്ത്യയെ തോൽപ്പിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യ-പാകിസ്ഥാൻ മത്സരം ക്രിക്കറ്റിന്റെ ‘എൽ ക്ലാസിക്കോ’ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഐ.സി.സി ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയും പാകിസ്താനും ഏഴു തവണ മുഖാമുഖം വന്നിട്ടുണ്ട്. ഈ ഏറ്റുമുട്ടലുകളിലെല്ലാം ഇന്ത്യ വിജയിച്ചുവെന്നത് ശ്രദ്ധേയമാണ്.

2019 ലോകകപ്പിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഇന്ത്യ 18 റൺസിന് ജയിച്ചു. അടുത്തിടെ നടന്ന ഏഷ്യാ കപ്പിൽ ഇരുടീമുകളും തമ്മിലുള്ള ആദ്യ മത്സരം മഴ കാരണം നടന്നില്ലെങ്കിലും സൂപ്പർ 4 സ്റ്റേജ് മത്സരത്തിൽ ഇന്ത്യ വലിയ മാർജിനിൽ വിജയിക്കുകയുണ്ടായി.

പാകിസ്താൻ ഇത്തവണ ഇന്ത്യയെ തോൽപ്പിക്കുമെന്നും ലോകകപ്പിലെ തങ്ങളുടെ ചിരവൈരികളെ ആദ്യ മത്സരത്തിൽ തന്നെ പരാജയപ്പെടുത്തുമെന്ന് തനിക്ക് തോന്നുന്നതായി ആതർട്ടൺ സ്കൈ സ്‍പോർട്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ‘‘എന്റെ പ്രവചനാമണ്, 50 ഓവർ ലോകകപ്പിൽ ആദ്യമായി പാകിസ്താൻ ഇന്ത്യയെ തോൽപ്പിക്കുമെന്ന് ഞാൻ പറയുന്നു. വർഷങ്ങളായി ഏഴ് തവണ ഏറ്റുമുട്ടിയപ്പോൾ ഒരു തവണ പോലും അവർക്ക് ജയിക്കാൻ കഴിഞ്ഞിട്ടില്ല. ഇരുടീമുകളും സെമിഫൈനലിലോ ഫൈനലിലോ വീണ്ടും ഏറ്റുമുട്ടുന്നില്ലെങ്കിൽ ടൂർണമെന്റിലെ ഏറ്റവും വലിയ മത്സരമായിരിക്കുമത്. തിങ്ങി നിറഞ്ഞ സ്റ്റേഡിയത്തിൽ ഒരുപക്ഷെ പാകിസ്താൻ ഞെട്ടിച്ചേക്കാം’’.. -ആതർട്ടൺ പറഞ്ഞു.

അതേസമയം, ഒക്ടോബർ എട്ടിന് ആസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. പാകിസ്താനെ ഒക്ടോബർ 14നാണ് ഇന്ത്യ നേരിടുക. ഒക്ടോബർ ആറിന് നെതർലൻഡ്സിനെതിരെയാണ് പാകിസ്താന്റെ ആദ്യ മത്സരം. 

Tags:    
News Summary - Pakistan will beat India for the first-time in ODI World Cup history says Michael Atherton

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.