കോഹ്ലിയോട് ചെയ്തത് നന്ദികേട്, ഔട്ടാകുന്നത് ദൗര്‍ഭാഗ്യം കൊണ്ട്! പിന്തുണയുമായി വീണ്ടും പാക് ക്രിക്കറ്റ് താരം

വിരാട് കോഹ്ലിയുടെ സെഞ്ചുറി ഇനിയെന്ന് കാണാന്‍ സാധിക്കും? അവസാന 75 ഇന്നിങ്സിൽ ഒരു തവണ പോലും മൂന്നക്ക സ്‌കോര്‍ കണ്ടെത്താന്‍ മുന്‍ ഇന്ത്യന്‍ നായകന് കഴിഞ്ഞില്ല. ഈ മങ്ങിയ ഫോം നേതൃസ്ഥാനം പോലും കോലിക്ക് നഷ്ടമാക്കി. ക്യാപ്റ്റന്റെ സമ്മര്‍ദമൊഴിഞ്ഞാല്‍ വിരാട സെഞ്ചുറികളുടെ കാലം വീണ്ടും വരുമെന്നായിരുന്നു ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷ. പക്ഷേ, കാത്തിരിപ്പ് നീളുകയാണ്. ഇംഗ്ലണ്ടിനെതിരെ അഞ്ചാം ടെസ്റ്റില്‍ ഋഷഭ് പന്തും രവീന്ദ്ര ജഡേജയും ചേതേശ്വര്‍ പുജാരയും ജസ്പ്രീത് ബുംറയും ബാറ്റിങ്ങില്‍ തിളങ്ങിയപ്പോള്‍ വിരാട് കോഹ്ലി എന്ന സൂപ്പര്‍ ബാറ്റര്‍ നനഞ്ഞ പടക്കമായി. ഒന്നാം ഇന്നിങ്സിൽ 11 റണ്‍സിനും രണ്ടാം ഇന്നിങ്സിൽ 20 റണ്‍സിനുമാണ് കോഹ്ലി പുറത്തായത്. ഒന്നാം ഇന്നിങ്സിൽ മാത്യു പോട്‌സിന്റെ പന്തില്‍ കുറ്റി തെറിച്ചപ്പോള്‍ രണ്ടാം ഇന്നിങ്സിൽ ബെന്‍ സ്‌റ്റോക്‌സിന്റെ പന്തില്‍ ജോ റൂട്ടിന് ക്യാച്ച് നല്‍കി.

കോഹ്ലിയുടെ ഫോം ഔട്ട് വീണ്ടും ചര്‍ച്ചയാവുകയാണ്. ടീമിന് ബാധ്യതയാകുന്ന തലത്തിലേക്ക് മാറുന്നുവെന്നുവരെ വിമർശനമുയർന്നു കഴിഞ്ഞു. എന്നാല്‍, കോഹ്ലിയെ ഈ വിഷമഘട്ടത്തില്‍ പിന്തുണച്ച് പാക്കിസ്ഥാന്‍ മുന്‍ ഓപണര്‍ സല്‍മാന്‍ ഭട്ട് രംഗത്ത് വന്നത് ശ്രദ്ധേയം. സല്‍മാന്‍ പറയുന്നത് വിരാട് കോലിയുടെ ഫോം മികച്ചത് തന്നെ എന്നാണ്. നന്നായി കളിക്കാന്‍ വിരാട് ആത്മാര്‍ഥമായി ശ്രമിക്കുന്നു, പക്ഷേ ചില ദൗര്‍ഭാഗ്യങ്ങള്‍ ഒപ്പമുണ്ട്. ഏറ്റവും പ്രയാസമേറിയ പന്തുകളിലാണ് വിരാട് പുറത്താകുന്നത്. തുടക്കത്തില്‍ തന്നെ അത്തരം പന്തുകള്‍ വിരാടിന് ദൗര്‍ഭാഗ്യകരമായ പുറത്താകല്‍ ഒരുക്കുന്നുവെന്ന് മുന്‍ പാക് താരം നിരീക്ഷിക്കുന്നു.

ഇംഗ്ലണ്ടിനെതിരെ ഒന്നാം ഇന്നിങ്സില്‍ പോട്‌സിന്റെ പന്ത് ലീവ് ചെയ്തതാണ് വിരാട്. പക്ഷേ, ആ പന്ത് ബാറ്റില്‍ കൊണ്ട് വിക്കറ്റില്‍ കൊണ്ടു. പുറത്തായത് ഉള്‍ക്കൊള്ളാന്‍ സാധിക്കാതെയാണ് കോഹ്ലി പവലിയനിലേക്ക് മടങ്ങിയത്.

വിരാട് കോഹ്ലിയുടെ വലിയ ആരാധകനാണ് സല്‍മാന്‍ ഭട്ട്. നേരത്തെ, ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് കോഹ്ലിയെ മാറ്റിയപ്പോള്‍ സല്‍മാന്‍ ഭട്ട് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. 70 സെഞ്ചുറികള്‍ നേടിയ രാജ്യത്തിന്റെ അഭിമാനമായ താരത്തോട് ബി.സി.സി.ഐ നന്ദികേട് ചെയ്തുവെന്നാണ് സല്‍മാന്‍ അന്ന് പറഞ്ഞത്. കോഹ്ലിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കുമ്പോള്‍ യുവതാരങ്ങള്‍ക്ക് എന്ത് സന്ദേശമാണ് ലഭിക്കുകയെന്നും സല്‍മാന്‍ ഭട്ട് ചോദിച്ചിരുന്നു. ഇപ്പോള്‍ കോഹ്ലിയുടെ ഫോം വീണ്ടും ചര്‍ച്ചയാകുമ്പോള്‍ സല്‍മാന്‍ അന്ന് നല്‍കിയ അതേ പിന്തുണയുമായി രംഗത്ത് വരികയാണ്.

Tags:    
News Summary - Pak cricketer supports Virat Kohli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.