ലണ്ടൻ: ഇന്ത്യൻ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാം മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് അടുക്കുകയാണ്. ഇംഗ്ലണ്ടിന് ജയിക്കാൻ 35 റൺസും ഇന്ത്യക്ക് നാല് വിക്കറ്റുമാണ് ഇനി വേണ്ടത്. എന്നാൽ, അവസാനദിനത്തിൽ മഴ വില്ലനാകുമോയെന്നാണ് ആശങ്ക.
എന്നാൽ, കാലാവസ്ഥ പ്രവചനമനുസരിച്ച് ആദ്യ സെഷനിൽ ഓവലിൽ മഴയുണ്ടാവില്ല. ഉച്ച വരെ സ്റ്റേഡിയത്തിൽ മഴയുണ്ടാവില്ലെന്നാണ് റിപ്പോർട്ട്. ആദ്യ സെഷനിൽ ഇരു ടീമുകൾക്കും വിജയിക്കാനുള്ള സാധ്യതയുണ്ട്.
ബി.ബി.സിയുടെ കാലാവസ്ഥ പ്രവചനം അനുസരിച്ച് പ്രാദേശിക സമയം ഒരു മണിയോടെയാണ് മഴയെത്തുക. ഉച്ചഭക്ഷണത്തിനായി പിരിയുമ്പോഴായിരിക്കും മഴയെത്തുക. ആദ്യ സെഷനിൽ മേഘാവൃതമായ കാലാവസ്ഥയാവും ഉണ്ടാവുക. ആദ്യസെഷനിൽ പുതിയ ബൗളിന്റെ ആനുകൂല്യം ഇന്ത്യക്ക് ലഭിക്കും. ഇത് മുതലാക്കാൻ ഇന്ത്യൻ ബൗളർമാർക്ക് സാധിച്ചാൽ ഓവൽ ടെസ്റ്റിൽ ഇനിയും സന്ദർശകർക്ക് പ്രതീക്ഷയുണ്ട്.
നാലാം ദിനം മത്സരത്തിന്റെ മൂന്നാം സെഷനിൽ മഴ മൂലം കളി നിർത്തിവെക്കുമ്പോൾ ഒരു ദിവസം പൂർണമായും ബാക്കിനിൽക്കെ ജയത്തിന് 35 റൺസ് മാത്രം അകലെയാണ് ആതിഥേയർ. സെഞ്ച്വറികളുമായി നാലാം മത്സരം വരുതിയിൽക്കൊണ്ടുവന്ന ശേഷം ബ്രൂക്കും റൂട്ടും പുറത്തായി. വെടിക്കെട്ട് ബാറ്റിങ് നടത്തിയ ബ്രൂക് 98 പന്തിൽ 111 റൺസടിച്ചു. റൂട്ട് 105 റൺസും നേടി. നാലാം വിക്കറ്റിൽ ബ്രൂക്ക്-റൂട്ട് സഖ്യം അടിച്ചുകൂട്ടിയ 195 റൺസാണ് കളി ഇന്ത്യയിൽനിന്ന് തട്ടിയെടുത്തത്. രണ്ടാം ഇന്നിങ്സിൽ ആറ് വിക്കറ്റിന് 339 റൺസിലെത്തിയിട്ടുണ്ട് ഇംഗ്ലീഷുകാർ. ജാമി സ്മിത്തും (2) ജാമി ഓവർട്ടനുമാണ് (0) ക്രീസിൽ. ഇന്ത്യക്കായി പേസർ പ്രസിദ്ധ് കൃഷ്ണ നാല് വിക്കറ്റ് വീഴ്ത്തി.
നാലാം ദിവസം രാവിലെ ഡക്കറ്റും ക്യാപ്റ്റൻ ഒലി പോപ്പും ഇന്നിങ്സ് പുനരാരംഭിച്ചത്. അർധ ശതകം തികച്ചതിന് പിന്നാലെ ഡക്കറ്റ് വീണു. 83 പന്തിൽ 54 റൺസ് നേടിയ ഓപണറെ പ്രസിദ്ധ് കൃഷ്ണയുടെ ഓവറിൽ കെ.എൽ. രാഹുൽ ക്യാച്ചെടുത്തു.
സ്കോർ രണ്ടിന് 82. ക്യാപ്റ്റൻ പോപ്പിന്റെ സംഭാവന 34 പന്തിൽ 27 റൺസായിരുന്നു. പേസർ മുഹമ്മദ് സിറാജിന്റെ പന്തിൽ പോപ്പ് വിക്കറ്റിന് മുന്നിൽ കുടുങ്ങിയതോടെ ഇംഗ്ലണ്ട് മൂന്നിന് 106. ഇന്ത്യ കളി പിടിച്ചെന്ന് കരുതിയ നിമിഷങ്ങളിൽ സംഗമിച്ച ബ്രൂക്ക്-റൂട്ട് സഖ്യം നിലയുറപ്പിച്ചതോടെ കാര്യങ്ങൾ കൈവിട്ടു തുടങ്ങി. ഇടക്ക് പ്രസിദ്ധിന്റെ പന്തിൽ സിക്സറിന് ശ്രമിച്ച ബ്രൂക്കിന് സിറാജ് കൈപ്പിടിയിലൊതുക്കുമ്പോൾ ഫീൽഡറുടെ കാല് ബൗണ്ടറി ലൈനിൽ തട്ടിയിരുന്നു. ഇതോടെ സിക്സും വഴങ്ങി. 39 പന്തിലായിരുന്നു ബ്രൂക്കിന്റെ അർധ ശതകം. ലഞ്ചിന് പിരിയുമ്പോൾ സ്കോർ മൂന്നിന് 164. ബ്രൂക്കും (62) റൂട്ടും (32) ക്രീസിൽ.
91 പന്തിൽ ബ്രൂക്കിന്റെ ശതകം പിറന്നു. സ്കോർ 300ഉം പിന്നിട്ടതോടെ ഇന്ത്യയുടെ പരാജയം ആസന്നമായിത്തുടങ്ങി. 14 ഫോറും രണ്ട് സിക്സുമടക്കമാണ് ബ്രൂക്ക് 111ലെത്തിയത്. ഒടുവിൽ പേസർ ആകാശ് ദീപിന്റെ പന്തിൽ സിറാജ് തന്നെ ക്യാച്ചെടുത്ത് കടം വീട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.