മുഹമ്മദ് ഷമി 

ഫിറ്റാണെന്ന് സെലക്ടർമാരെ അറിയിക്കേണ്ടത് എന്‍റെ ജോലിയല്ല, രഞ്ജി കളിക്കാമെങ്കിൽ ഏകദിനത്തിലും പറ്റും -ഷമി

കൊൽക്കത്ത: ആസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ സംഘത്തിൽ തന്‍റെ പേര് ഉൾപ്പെടുത്താത്തത് ഫിറ്റ്നസ് പ്രശ്നങ്ങൾ മൂലമാണെന്ന റിപ്പോർട്ടുകളെ വിമർശിച്ച് പേസർ മുഹമ്മദ് ഷമി രംഗത്ത്. രഞ്ജി ട്രോഫിക്കുള്ള ബംഗാൾ ടീമിൽ തന്‍റെ പേരുൾപ്പെട്ടത് താൻ ഫിറ്റായതുകൊണ്ടാണെന്നും, ഇക്കാര്യം സെലക്ടർമാരെ അറിയിക്കേണ്ടത് തന്‍റെ ജോലിയല്ലെന്നും ഷമി തുറന്നടിച്ചു. രഞ്ജി ട്രോഫി മത്സരങ്ങൾക്ക് ബുധനാഴ്ച തുടക്കമാകുന്നതിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു താരം.

“സെലക്ഷൻ എന്‍റെ കൈകളിലല്ല, നേരത്തെയും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഫിറ്റ്നസ് പ്രശ്നമുണ്ടെങ്കിൽ ബംഗാളിനു വേണ്ടി ഞാൻ കളിക്കാൻ ഇറങ്ങില്ലായിരുന്നു. ചതുർദിന മത്സരങ്ങൾ കളിക്കാമെങ്കിൽ എനിക്ക് ഏകദിനത്തിലും കളിക്കാനാകും. ഇതേക്കുറിച്ച് സംസാരിച്ച് ഒരു വിവാദമുണ്ടാക്കാൻ എനിക്ക് താൽപര്യമില്ല. ഫിറ്റനസ് അപ്ഡേറ്റ് നൽകാനുള്ള ബാധ്യത എനിക്കില്ല. അതെന്‍റെ ജോലിയുമല്ല. ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പോയി പരിശീലനം നേടുക, കളിക്കുക എന്നതാണ് എന്‍റെ ജോലി.

രാജ്യത്തിനു വേണ്ടി കളിക്കുമ്പോൾ ഏറ്റവും മികച്ച താരങ്ങളെ ഉൾപ്പെടുത്തിയാണ് ടീം പ്രഖ്യാപനം നടത്തേണ്ടത്. ദേശീയ ടീം ജയിക്കണം, അതിൽ നമ്മൾ സന്തോഷിക്കണം. എല്ലായ്പ്പോഴും അതുതന്നെയാണ് ഞാൻ പറയാറുള്ളത്. എപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കണം. നന്നായി കളിച്ചാൽ അതിന്‍റെ ഗുണമുണ്ടാകും. ദേശീയ ടീമിലേക്ക് തെരഞ്ഞെടുത്താലും ഇല്ലെങ്കിലും എന്നെ ബാധിക്കില്ല. സെലക്ട് ചെയ്തില്ലെങ്കിൽ ബംഗാളിനു വേണ്ടി കളിക്കും. അതിൽ എനിക്ക് യാതൊരു പ്രശ്നവുമില്ല. രഞ്ജി കളിക്കുന്നത് മോശം കാര്യമായി കാണുന്നുമില്ല” -ഷമി പറഞ്ഞു.

2023 ഏകദിന ലോകകപ്പിനുശേഷം പരിക്കേറ്റ ഷമി, പിന്നീട് ഇക്കഴിഞ്ഞ മാർച്ചിൽ നടന്ന ചാമ്പ്യൻസ് ട്രോഫി ടൂർണമെന്‍റിലാണ് ഇന്ത്യൻ കുപ്പായത്തിൽ കളത്തിലിറങ്ങിയത്. ടൂർണമെന്‍റിൽ വരുൺ ചക്രവർത്തിക്കൊപ്പം ഇന്ത്യയുടെ ടോപ് വിക്കറ്റ് വേട്ടക്കാരനാകാനും താരത്തിനായി. എന്നിട്ടും ആസ്ട്രേലിയക്കെതിരെയുള്ള പരമ്പരക്ക് പരിഗണിക്കാത്തത് വ്യാപക വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. 2023ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനു ശേഷം ടെസ്റ്റ് ടീമിലേക്കും താരത്തിന് വിളി വന്നിട്ടില്ല.

അതേസമയം ഇന്ത്യ-ആസ്ട്രേലിയ ഏകദിന പരമ്പരക്ക് ഈ മാസം 19ന് തുടക്കമാകും. സീനിയർ താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്ലിയും ഇന്ത്യൻ ടീമിലുണ്ട്. ഇരുവരും മറ്റ് രണ്ട് ഫോർമാറ്റിൽനിന്നും വിരമിച്ചിരുന്നു. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. അഞ്ച് മത്സര ട്വന്‍റി20 പരമ്പരക്കുള്ള ടീമിൽ മലയാളി താരം സഞ്ജു സാംസണും ഇടംനേടി.

Tags:    
News Summary - Not my job to update selectors on fitness: Mohammed Shami hits back

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.