‘‘കോഹ്ലിയെ പോലൊരാൾ ഇത് ചെയ്യരുത്’’- താരത്തിനെതിരെ തുറന്നടിച്ച് മുൻ കോച്ച്

ഇത്തിരിക്കുഞ്ഞന്മാരോട് പണിപ്പെട്ട് നേടിയ വിജയവുമായി ടെസ്റ്റ് പരമ്പരയും ഐ.സി.സി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനവും നിലനിർത്തിയ ആവേശത്തിലാണ് ടീം ഇന്ത്യ. മുൻനിര ദയനീയമായി പരാജയപ്പെട്ട് പരാജയം തുറിച്ചുനോക്കിയ കളിയിൽ വാലറ്റത്ത് അശ്വിന്റെ മികവിലായിരുന്നു രണ്ടാം ടെസ്റ്റിൽ വിജയം. ക്യാപ്റ്റൻ കെ.എൽ രാഹുലും മുൻ നായകൻ വിരാട് കോഹ്ലിയും ദയനീയമായി പരാജയപ്പെട്ടു. രണ്ടു ടെസ്റ്റുകളിൽ കോഹ്ലിയുടെ മൊത്തം സമ്പാദ്യം 45 റൺസായിരുന്നു.

കുട്ടിക്കാലത്ത് താരത്തെ വാർത്തെടുത്ത​ കോച്ച് രാജ്കുമാർ ശർമ പോലും കോഹ്ലിയുടെ ബാറ്റിങ് ശൈലിക്കെതിരെ കടുത്ത ഭാഷയിൽ രംഗത്തെത്തി. ബംഗ്ലദേശ് സ്പിന്നർമാർക്കെതിരെ ബാറ്റിങ് ഇതിഹാസമായ ഒരാൾ ഇങ്ങനെ മുട്ടിടിച്ചുനിൽക്കുന്നത് നിർഭാഗ്യകരമാണെന്ന് രാജ്കുമാർ ശർമ പറഞ്ഞു. ‘‘കുറെക്കൂടി സ്വതന്ത്ര മന​സ്സോടെ വേണം കോഹ്ലിയെ പോലൊരാൾ ബാറ്റു പിടിച്ചിറങ്ങേണ്ടത്. സ്പിന്നർമാരുടെ താളം തെറ്റിക്കാനാകണം ശ്രമം. മിഡ് ഓണിലെയും മിഡ് ഓഫിലെയും ഫീൽഡർമാർ സർക്കിളിനു പുറത്തായത് കൂടുതൽ ആയാസം നൽകേണ്ടതായിരുന്നു. സ്‍പിന്നറെ താളം തെറ്റിക്കുന്നതിൽ വിജയിച്ചി​ല്ലെങ്കിൽ അയാൾ നിങ്ങളെ കളിക്കാൻ വിടില്ല. സ്ലോഗ് സ്വീപ് പോലുള്ളവ കളിച്ചുവേണം അത് സാധ്യമാക്കാൻ’’- മുൻ പരിശീലകൻ പറഞ്ഞു.

ബാറ്റിങ് നിര ഇനിയും താളം കണ്ടെത്താൻ വിഷമിക്കുന്നതാണ് ഇന്ത്യൻ ടീമിനെ വലക്കുന്ന ഏറ്റവും വലിയ വെല്ലുവിളി. രാഹുൽ, കോഹ്ലി എന്നിവർക്കൊപ്പം രോഹിതും വൻ പരാജയമാണ്. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനരികെയാണ് ടീം ഇന്ത്യ ഇപ്പോഴും. എന്നാൽ, അടുത്ത വർഷം ബോർഡർ- ഗവാസ്കർ ട്രോഫിയിൽ ആസ്ട്രേലിയക്കെതിരെ വൻ മാർജിനിൽ വിജയം പിടിക്കുകയെന്ന കടമ്പ മുന്നിലുണ്ട്.

കഴിഞ്ഞ പതിറ്റാണ്ടിൽ സ്വന്തം മണ്ണിൽ രണ്ടു ടെസ്റ്റുകൾ മാത്രം തോറ്റവരെന്ന റെക്കോഡ് കൂട്ടുള്ളതിനാൽ കംഗാരുക്കൾക്കെതിരെ ഇന്ത്യക്കു തന്നെയാകും മേൽക്കൈ. എന്നാൽ, ബാറ്റിങ് പരാജയം അതിനു മുമ്പായി ശരിപ്പെടുത്താനാകണമെന്നതാണ് പ്രശ്നം. 

Tags:    
News Summary - "Not Acceptable": Virat Kohli's Childhood Coach Of India Stalwart's Batting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.