ശ്രീലങ്കയെ അഞ്ച് വിക്കറ്റിന് തകർത്തു; സെമി പ്രതീക്ഷയോടെ കീവീസ് നാലാം സ്ഥാനത്ത്

ബംഗളൂരു: ലോകകപ്പിലെ നിർണായകമായ മത്സരത്തിൽ ശ്രീലങ്കയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി ന്യൂസിലൻഡ് സെമി ഫൈനൽ പ്രതീക്ഷ ശക്തമാക്കി. ഒമ്പത് മത്സരങ്ങളും പൂർത്തിയാക്കിയ കീവീസ് 10 പോയിന്റുമായി പട്ടികയിൽ നാലാം സ്ഥാനത്താണ്. ശനിയാഴ്ച പാകിസ്താൻ- ഇംഗ്ലണ്ട് മത്സര ഫലം വരെ കാത്തിരിക്കണം ന്യൂസിലൻഡിന് സെമി ഉറപ്പിക്കാൻ. റൺറേറ്റിൽ പിറകിലുള്ള പാകിസ്താൻ വലിയ മാർജിനിൽ ജയിച്ചാലെ കീവീസിന് വെല്ലുവിളിയാകൂ. 

ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയെ 46.4 ഓവറിൽ 171 റൺസിന് ന്യൂസിലൻഡ് എറിഞ്ഞൊതുക്കുകയായിരുന്നു. 28 പന്തിൽ നിന്ന് 51 റൺസെടുത്ത ഓപണർ കുശാൽ പെരേരയുടെ വെടിക്കെട്ട് ഇന്നിങ്സ് ഒഴിച്ചുനിർത്തിയാൽ ലങ്കൻ നിരയിൽ ആർക്കും കീവീസ് ബൗളർമാർക്ക് മുന്നിൽ പടിച്ചു നിൽക്കാനായില്ല.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കീവീസ് 23.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഓപണർമാരായ ഡെവൻ കോൺവേ (45) രചിൻ രവീന്ദ്ര (42), നായകൻ കെയ്ൻ വില്യംസൺ (14), ഡാരി മിച്ചൽ (43) മാർക്ക് ചാപ്മാൻ (7) എന്നിവരാണ് പുറത്തായത്. 17 റൺസുമായ ഗ്ലെൻ ഫിലിപ്പും രണ്ടു റൺസുമായി ടോം ലഥാമും പുറത്താകാതെ നിന്നു. ശ്രീലങ്കക്ക് വേണ്ടി എയ്ഞ്ചലോ മാത്യൂസ് രണ്ടു വിക്കറ്റെടുത്തു.

നേരത്തെ, അവസാന വിക്കറ്റിൽ മഹീഷ് തീക്ഷണയും ദിൽഷൻ മധുശങ്കയും ചേർന്ന് നടത്തിയ ചെറുത്തുനിൽപ്പാണ് ലങ്കൻ സ്കോർ 150 കടത്തിയത്. തീക്ഷണ 91 പന്തിൽ പുറത്താവാതെ 38 റൺസെടുത്തപ്പോൾ മധുശങ്ക 48 പന്തിൽ 19 റൺസ് നേടി. ഒമ്പതിന് 128 റൺസെന്ന നിലയിൽ ഒരുമിച്ച ഇരുവരും ചേർന്ന് പത്താം വിക്കറ്റിൽ 43 റൺസാണ് കൂട്ടിച്ചേർത്തത്. ഓപണർ പതും നിസ്സങ്ക (2), ക്യാപ്റ്റൻ കുശാൽ മെൻഡിസ് (6), സദീര സമരവിക്രമ (1), ചരിത് അസലങ്ക (8) എയ്ഞ്ചലോ മാത്യൂസ് (16), ധനഞ്ജയ ഡിസിൽവ (19), ചമിക കരുണരത്നെ (6), ദുഷ്മന്ത ചമീര (1) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റർമാരുടെ സ്കോർ.

കിവീസിനായി ട്രെൻഡ് ബോൾട്ട് മൂന്ന് വിക്കറ്റ് പിഴുതപ്പോൾ ലോക്കി ഫെർഗൂസൻ, മിച്ചൽ സാന്റ്നർ, രചിൻ രവീന്ദ്ര എന്നിവർ രണ്ട് വീതവും ടിം സൗത്തി ഒന്നും വിക്കറ്റ് നേടി.

പാകിസ്താന്റെ സെമി സാധ്യതകൾ

ഇന്ത്യ, ദക്ഷിണാഫ്രിക്ക, ആസ്ട്രേലിയ എന്നിവരാണ് നേരത്തെ സെമി ഉറപ്പിച്ചവർ. നിലവിൽ നാലാം സ്ഥാനത്തുള്ള ന്യൂസിലൻഡിന് ഏറെ കുറേ സെമി ഉറപ്പിക്കാമെങ്കിലും ഇംഗ്ലണ്ട് - പാകിസ്താൻ മത്സരം പൂർത്തിയാകുന്നത് വരെ കാത്തിരിക്കണം.  അടുത്ത മത്സരത്തിൽ ഇംഗ്ലണ്ടിനെ വലിയ മാർജിനിൽ തോൽപ്പിലേ പാകിസ്താന് സാധ്യതയുള്ളൂ. 

287 റൺസിനു മുകളിലുള്ള വിജയമോ, അല്ലെങ്കിൽ 284 പന്ത് ബാക്കിയുള്ള വിജയമോ നേടിയാലേ പാകിസ്താന് ഇനി സെമി ഫൈനലിൽ ഉറപ്പിക്കാനാകൂ.  എട്ടു പോയിന്റുമായ പട്ടികയിൽ ആറാമതുള്ള അഫ്ഗാനിസ്താന് സാധ്യതകൾ വിദൂരമാണ്. നാളെ നടക്കുന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ തകർത്താൽ 10 പോയിന്റ് ആകുമെങ്കിലും നെറ്റ് റൺ റേറ്റ് വളരെ പിറകിലുള്ള അവരുടെ സെമി ഫൈനൽ ഏറെ കുറേ അടഞ്ഞ അധ്യായമാണ്. 






Tags:    
News Summary - New Zealand beat Sri Lanka by five wickets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.