ഐ.പി.എല്ലിൽ ശ്രേയസിന് പകരം കൊൽക്കത്തക്ക് പുതിയ ക്യാപ്റ്റൻ

കൊല്‍ക്കത്ത: പരിക്കേറ്റ് ഐ.പി.എല്ലില്‍നിന്ന് പുറത്തായ ശ്രേയസ് അയ്യര്‍ക്ക് പകരം പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. മധ്യനിര ബാറ്റർ നിതീഷ് റാണയാണ് ഈ സീസണിൽ ടീമിനെ നയിക്കുക. 2012 മുതൽ ടീമിന്റെ ഭാഗമായ വെസ്റ്റിൻഡീസുകാരൻ സുനിൽ നരൈൻ നായകനാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അദ്ദേഹത്തെ മറികടന്നാണ് റാണയെ തേടി ക്യാപ്റ്റൻസി എത്തിയിരിക്കുന്നത്.

സെയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ 12 മത്സരങ്ങളിൽ ഡൽഹിയെ നയിച്ച പരിചയവുമായാണ് റാണ എത്തുന്നത്. ഇതിൽ എട്ട് മത്സരങ്ങളിൽ വിജയിച്ച​പ്പോൾ നാലെണ്ണമാണ് പരാജയപ്പെട്ടത്. 2018 മുതല്‍ കൊല്‍ക്കത്ത ടീമിലെ പ്രധാന ബാറ്റർമാരിൽ ഒരാളാണ് നിതീഷ് റാണ. 74 മത്സരങ്ങളിൽ ടീമിനായി ഇറങ്ങിയ താരം 135.61 സ്ട്രൈക്ക് റേറ്റിൽ 1744 റൺസ് നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ടീമിനായി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമായിരുന്നു. 361 റൺസ് നേടിയ റാണക്ക് മുന്നിലുണ്ടായിരുന്നത് ശ്രേയസ് അയ്യർ മാത്രമായിരുന്നു.

ശ്രേയസ് ഐ.പി.എല്ലിന്റെ രണ്ടാം പകുതിയാകുമ്പോഴേക്കും തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് കൊല്‍ക്കത്ത. ആസ്ട്രേലിയക്കെതിരായ ബോർഡർ-ഗവാസ്കർ ടെസ്റ്റ് പരമ്പരയിലെ നാലാം ടെസ്റ്റിനിടെയാണ് ശ്രേയസ് കടുത്ത പുറംവേദന കാരണം ടീമിന് പുറത്തായത്. വിശദ പരിശോധനകള്‍ക്ക് വിധേയനായ താരത്തിന് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചിരുന്നു. ശസ്ത്രക്രിയക്ക് വിധേയനായാല്‍ ശ്രേയസിന് ഐ.പി.എല്‍ പൂര്‍ണമായും നഷ്ടമാവും. മാര്‍ച്ച് 31ന് തുടങ്ങുന്ന ഐ.പി.എല്ലില്‍ ഏപ്രില്‍ ഒന്നിന് പഞ്ചാബ് കിംഗ്സിനെതിരെയാണ് കൊല്‍ക്കത്തയുടെ ആദ്യ മത്സരം.

Tags:    
News Summary - New captain for Kolkata in IPL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.