വെറുതെ കിട്ടുമായിരുന്ന ആ വിക്കറ്റ് വേണ്ടെന്നുവെച്ച് വിക്കറ്റ് കീപർ... നേപാൾ താരത്തിന് കൈയടിച്ച് ലോകം

നേരം ​വൈകി ക്ലാസിലെത്തിയവനുമുന്നിൽ വടിയുംപിടിച്ച് ഹെഡ്മാസ്റ്ററെന്ന പോലെയായിരുന്നു അയർലൻഡ് താരം ആൻഡി മക്ബ്രൈൻ ക്രീസിലെത്തുമ്പോഴുള്ള കാഴ്ച. നേപാളും അയർലൻഡും തമ്മിൽ ട്വന്റി20 മത്സരമായിരുന്നു വേദി. ആഞ്ഞുവീശിയ സഹതാരം റണ്ണിനായി ഓട്ടം തുടങ്ങിയപ്പോൾ മറുവശത്ത്, നോൺ സ്ട്രൈക്കിങ് എൻഡിലായിരുന്ന മക്ബ്രൈനും ഓടി. പന്തു പിടിക്കാൻ ഓടിയ നേപാൾ ബൗളർ കമൽ സിങ് എയറിയുമായി കൂട്ടിയിടിച്ച് നിലത്തുവീണ മക്ബ്രൈൻ പിടഞ്ഞെണീറ്റ് ഓട്ടം തുടർന്നെങ്കിലും താനെത്തുംമുമ്പ് പന്ത് വിക്കറ്റ് കീപറുടെ കൈകളിലെത്തിയിരുന്നു. വരാനുള്ളത് വഴിയി​ൽ തങ്ങളില്ലെന്ന മനസ്സുമായി പതിയെ ക്രീസിലേക്ക് നടന്നുനീങ്ങിയ മക്ബ്രൈനെ സ്തബ്ധനാക്കി നേപാൾ വിക്കറ്റ് കീപർ ആസിഫ് ശൈഖ് പന്ത് സ്റ്റമ്പിൽ സ്പർശിക്കാതെ നിലത്തെറിഞ്ഞു. ഒന്നും സംഭവിച്ചില്ലെന്ന മട്ടിൽ അടുത്ത പന്തിനായി കൈനീട്ടിപ്പിടിച്ചു.

അത്യപൂർവ ദൃശ്യത്തിന് സാക്ഷിയായ മക്ബ്രൈൻ വീണ്ടും ബാറ്റുവീശാൻ ക്രിസീൽ നിലയുറപ്പിക്കുമ്പോൾ കൈകൊടുത്ത് കീപർ വീണ്ടുമെത്തി.

മസ്കറ്റിൽ അൽഅമീറാത് ക്രിക്കറ്റ് മൈതാനത്ത് ഒമാൻ ക്വാഡ്രാംഗുലാർ ട്വന്റി20 മത്സരത്തിൽ കമൽ സിങ് എറിഞ്ഞ 18ാം ഓവറിലായിരുന്നു സംഭവം. അയർലൻഡ് 16 റൺസിന് ജയിച്ച കളിയിൽ മക്ബ്രൈൻ 11 റൺസ് നേടി.

വിഡിയോ പങ്കുവെച്ച സമൂഹ മാധ്യമങ്ങൾ താരത്തിന്റെ വലിയ ഹൃദയത്തിന് കൈയടിച്ച് രംഗത്തെത്തി. കളിയിലെ മാന്യതയുടെ പ്രതീകമാണ് താരമെന്നായിരുന്നു നെറ്റിസൺസിന്റെ പ്രതികരണം.

സംഭവം 2022ലെ ഐ.സി.സി സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാർഡിന് ആസിഫിന് നാമനിർദേശം നൽകും. 

Tags:    
News Summary - Nepal wicketkeeper refuses to run out batter after his collision with bowler, heart-warming act goes viral - Watch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.