തകർത്തടിച്ച് രോഹിതും സൂര്യകുമാറും; ചെന്നൈയെ ഒൻപത് വിക്കറ്റിന് വീഴ്ത്തി മുംബൈ ഇന്ത്യൻസ്

മുംബൈ: വെടിക്കെട്ട് അർധ സെഞ്ച്വറിയുമായി രോഹിത് ശർമയും സൂര്യകുമാർ യാദവും മുന്നിൽ നയിച്ചപ്പോൾ ചെന്നൈ സൂപ്പർ കിങ്സിനെതിരെ മുംബൈ ഇന്ത്യൻസിന് ഒൻപത് വിക്കറ്റിന്റെ തകർപ്പൻ ജയം.

വാങ്കഡെയിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ 15.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.

45 പന്തിൽ ആറു സിക്സും നാല് ഫോറുമുൾപ്പെടെ 76 റൺസെടുത്ത രോഹിതും  30 പന്തിൽ  അഞ്ച് സിക്സും ആറും ഫോറും ഉൾപ്പെടെ 68 റൺസെടുത്ത സൂര്യകുമാറും ചെന്നൈ പ്രതീക്ഷകളെ തല്ലിക്കെടുത്തുകയായിരുന്നു. 19 പന്തിൽ 34 റൺസെടുത്ത റിയാൻ റിക്കിൽടണിന്റെ വിക്കറ്റ് മാത്രമാണ് ചെന്നൈക്ക് വീഴ്ത്താനായത്.

നേരത്തെ,  32 പന്തിൽ നിന്ന് 50 റൺസെടുത്ത ശിവം ദുബെയുടെയും 35 പന്തിൽ പുറത്താകാതെ 53 റൺസെടുത്ത രവീന്ദ്ര ജദേജയുടെയും 15 പന്തിൽ 32 റൺസെടുത്ത ആയുഷ് മാത്രെയുടെയും ഇന്നിങ്സാണ് ചെന്നൈയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്.

ഷെയ്ഖ് റഷീദ് 19 ഉം രചിൻ രവീന്ദ്ര അഞ്ചും എം.എസ് ധോണി നാലും റൺസെടുത്ത് പുറത്തായി. നാല് റൺസുമായി ജാമി ഓവർടൻ പുറത്താകാതെ നിന്നു. മുംബൈക്ക് വേണ്ടി ജസ്പ്രീത് ബുംറ രണ്ടും ദീപക് ചഹാർ, അശ്വിനി കുമാർ, മിച്ചൽ സാൻഡർ എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

ജയത്തോടെ മുംബൈ എട്ടുപോയിന്റുമായി ആറാം സ്ഥാനത്തേക്ക് ഉയർന്നു. എട്ടിൽ ആറും തോറ്റ ചെന്നൈ നാല് പോയിന്റുമായി പട്ടികയിൽ അവസാന സ്ഥാനത്താണ്. 

Tags:    
News Summary - mumbai indians vs chennai super kings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.