മുംബൈ: സ്കൈ എന്ന് വിളിപ്പേരുള്ള സൂര്യകുമാർ യാദവ് ഒരിക്കൽ കൂടി കൊടുങ്കാറ്റായപ്പോൾ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് കുറിച്ച 200 റൺസ് ലക്ഷ്യം നിസ്സാരമായി മറികടന്ന് മുംബൈ. ഏഴ് ഫോറും ആറ് സിക്സുമടക്കം 35 പന്തിൽ 83 റൺസെടുത്ത സൂര്യയുടെ മികവിൽ 21 പന്ത് ബാക്കി നിൽക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ ആതിഥേയർ ജയം പിടിച്ചു. നേഹാൽ വധേര 34 പന്തിൽ 52 റൺസെടുത്ത് പുറത്താവാതെ നിന്നപ്പോൾ ഓപണർ ഇഷാൻ കിഷൻ 21 പന്തിൽ 42 റൺസുമായി മടങ്ങി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സന്ദർശകർ നായകനും ഓപണറുമായ ഫാഫ് ഡു പ്ലെസിസിന്റെയും (41 പന്തിൽ 65) ഗ്ലെൻ മാക്സ് വെലിന്റെയും (33 പന്തിൽ 68) മികവിൽ 20 ഓവറിൽ ആറു വിക്കറ്റിനാണ് 199 റൺസെടുത്തത്. മുംബൈക്കു വേണ്ടി ജെസൻ ബെഹ്റെൻഡോർഫ് മൂന്നു വിക്കറ്റ് സ്വന്തമാക്കി. എട്ടാമതായിരുന്ന മുംബൈ ജയത്തോടെ മൂന്നാം സ്ഥാനത്തേക്ക് കയറി.
ക്യാപ്റ്റൻ രോഹിത് ശർമക്ക് അവസരം നൽകാതെ ഇഷാൻ തകർത്താടുകയായിരുന്നു ആദ്യ ഓവറുകളിൽ. അഞ്ചാം ഓവറിൽ ഇഷാൻ വീഴുമ്പോൾ സ്കോർ 50 കടന്നിരുന്നു. ഇതേ ഓവറിൽ രോഹിതും (7) പുറത്ത്. സൂര്യയും വധേരയും ചേർന്ന് മൂന്നാം വിക്കറ്റിൽ പടുത്തുയർത്തിയത് 140 റൺസ്.
ജയമുറപ്പിച്ചാണ് സൂര്യ തിരിച്ചുകയറിയത്. ബാംഗ്ലൂരിന് ആദ്യ ഓവറിൽതന്നെ വിരാട് കോഹ്‍ലിയെ നഷ്ടമായിരുന്നു. നാലു പന്തിൽ ഒരു റൺ മാത്രമെടുത്ത മുൻ നായകൻ മടങ്ങുമ്പോൾ സ്കോർ ബോർഡിൽ രണ്ട്. പകരക്കാരൻ അനുജ് റാവത്ത് (6) താമസിയാതെ മടങ്ങി. രണ്ടിന് 16 എന്ന നിലയിൽ ടീം തകർച്ചയെ അഭിമുഖീകരിക്കുമ്പോഴാണ് ഡു പ്ലെസിസിന് കൂട്ടായി മാക്സ്
വെൽ എത്തുന്നത്. ഇരുവരും കത്തിക്കയറിയതോടെ ഓവറിൽ ശരാശരി പത്തു റൺസിന് മുകളിലായി. ഇരുവരും പുറത്തായ ശേഷം ദിനേശ് കാർത്തിക് (18 പന്തിൽ 30), കേദാർ ജാദവ് (10 പന്തിൽ 12 നോട്ടൗട്ട്), വാനിന്ദു ഹസരംഗ ഡീ സിൽവ (എട്ട് പന്തിൽ 12 നോട്ടൗട്ട്) എന്നിവരുടെ സംഭാവനകൾ കൂടി ചേർത്ത് മുംബൈക്ക് 200 റൺസ് ലക്ഷ്യം കുറിച്ചു ബാംഗ്ലൂർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.