2026ലും ധോണി ഐ.പി.എല്ലിൽ കളിക്കും? വിരമിക്കാൻ പദ്ധതിയില്ലെന്ന് റിപ്പോർട്ട്

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ ചരിത്രത്തിൽ തങ്ങളുടെ ഏറ്റവും മോശം പ്രകടനത്തിലൂടെയാണ് ചെന്നൈ സൂപ്പർ കിങ്സ് ഇത്തവണ കടന്നുപോകുന്നത്. പരിക്കേറ്റ ഋതുരാജ് ഗെയ്ക്വാദ് പുറത്തായതോടെ വെറ്ററൻ താരമായ എം.എസ്. ധോണി ക്യാപ്റ്റൻസി ഏറ്റെടുത്തെങ്കിലും തുടർപരാജയങ്ങൾ ഏറ്റുവാങ്ങുകയാണ് സൂപ്പർ കിങ്സ്. 44-ാം വയസ്സിലും ഐ.പി.എല്ലിൽ സജീവമായി തുടരുന്ന ധോണി ഈ സീസണോടെ വിരമിക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു. എന്നാൽ ഈ സീസൺ കഴിഞ്ഞാലും ധോണിയെ വിടാൻ ഫ്രാഞ്ചൈസി ഒരുക്കമല്ലെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.

ഐ.പി.എല്ലിലെ ഫേവറിറ്റ് ടീമുകളിലൊന്നായിരുന്ന ചെന്നൈ വലിയ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന സീസണാണ് കടന്നുപോകുന്നത്. പ്രധാന താരങ്ങളിൽ പലരും പരിക്കേറ്റ് പുറത്താകുകയും ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുകയും ചെയ്യുന്ന ഘട്ടത്തിൽ യുവതാരങ്ങളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഫ്രാഞ്ചൈസി. എന്നാൽ ഇതിന് ധോണിയുടെ സാന്നിധ്യം ടീമിൽ ഉണ്ടായേ പറ്റൂവെന്നാണ് ടീം ഉടമകളുടെ വിലയിരുത്തൽ. സുരക്ഷിത കരങ്ങളിൽ ഉത്തരവാദിത്തം ഏൽപ്പിച്ച ശേഷമാകും ധോണി പാഡഴിക്കുക എന്നും റിപ്പോർട്ടിൽ പറയുന്നു.

അടുത്ത സീസണിൽ കളിക്കുമോ എന്ന ചോദ്യത്തിന് തനിക്ക് അറിയില്ല എന്നായിരുന്നു നേരത്തെ ധോണിയുടെ മറുപടി. ഒരു വർഷത്തിൽ ആകെ രണ്ടുമാസം മാത്രമാണ് താൻ കളിക്കുന്നതെന്നും എല്ലാം ഫിറ്റ്നസിനെ ആശ്രയിച്ചിരിക്കുമെന്നുമാണ് ധോണി വ്യക്തമാക്കിയത്. “വരുന്ന ജൂലൈയിൽ 44 വയസാകും. ഒരു സീസണിൽ കൂടി കളക്കണോ എന്ന് തീരുമാനിക്കാൻ പത്ത് മാസം കൂടിയുണ്ട്. തീരുമാനിക്കുന്നത് ഞാനാകില്ല, കളിക്കാൻ കഴിമോ ഇല്ലയോ എന്ന് ശരീരം നിങ്ങളോട് പറയും” -എന്നിങ്ങനെയായിരുന്നു ധോണിയുടെ പ്രതികരണം.

2023ൽ ചാമ്പ്യന്മാരായ ചെന്നൈ ടീം രണ്ടു വർഷത്തിനിപ്പുറം സമ്പൂർണ പരാജയത്തിന്‍റെ പടുകുഴിയിലാണ്. ടീമിലെ സീനിയർ താരമായ ധോണി, വിക്കറ്റ് കീപ്പറും മിഡിൽ ഓഡർ ബാറ്ററും എന്നതിലുപരിയായി ടീമിന്‍റെ മെന്‍റർ കൂടിയാണ്. ടീമിന്‍റെ പ്രതാപകാലത്തേക്ക് തിരികെ എത്തിക്കാനും യുവനിരക്ക് കൃത്യമായ മാർഗനിർദേശം നൽകാനും ഒരു സീസണിൽ കൂടി ധോണിയുടെ സാന്നിധ്യം ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് മാനേജ്മെന്‍റ് കണക്കാക്കുന്നു. എന്നാൽ കാൽമുട്ടിനേറ്റ പരിക്ക് കഴിഞ്ഞ രണ്ട് സീസണുകളിൽ ധോണിക്ക് വെല്ലുവിളി ഉയർത്തിയത് ആശങ്കയാകുന്നുണ്ട്.

അതേസമയം പോയിന്‍റ് ടേബിളിൽ ഏറ്റവും ഒടുവിലുള്ള സൂപ്പർ കിങ്സിന് സീസണിൽ രണ്ട് മത്സരങ്ങളാണ് ബാക്കിയുള്ളത്. കളിച്ച 12ൽ മൂന്ന് മത്സരങ്ങളിൽ മാത്രമാണ് ടീമിന് ജയിക്കാനായത്. ചൊവ്വാഴ്ച രാജസ്ഥാൻ റോയൽസും അടുത്ത ഞായറാഴ്ച ഗുജറാത്ത് ടൈറ്റൻസുമാണ് അവരുടെ എതിരാളികൾ. സീസൺ അവസാനിക്കുംമുമ്പ് പരീക്ഷണങ്ങൾ നടത്താനുള്ള അവസരം എന്നതിനപ്പുറം ഈ മത്സരങ്ങൾ കൊണ്ട് സി.എസ്.കെക്ക് മറ്റു നേട്ടങ്ങളൊന്നുമില്ല.

Tags:    
News Summary - MS Dhoni To Play One More Season After IPL 2025? Report's Big Claim On CSK Legend's Future

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.